സ്പെയിന്‍ ലോക കിരീട ജേതാക്കളായതിന്‍റെ ആഘോഷം ലോകമെങ്ങും തുടരുകയാണ്. മാഡ്രിഡിന് പുറമെ സ്പാനിഷ് ഫുട്ബോളിന്‍റെ കളിത്തൊട്ടിലായ ബാര്‍സിലോനയിലും ആഘോഷം പൊടിപൊടിക്കുകയാണ്.  അര്‍ജന്‍റീനയ്ക്കെതിരെ വിജയ ഗോള്‍ നേടിയ ഫെറാൻ ടോറസിന്  ആദരവ് അര്‍പ്പിച്ച്, ബാര്‍സിലോനയില്‍ തെരുവകലാകാരന്‍ വരച്ച കൂറ്റന്‍ ചുവര്‍ ചിത്രം ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

തെരുവുകലാകാരനായ ടിവിബോയ് ആണ് ലോകകപ്പില്‍ ചുംബിക്കുന്ന ഫെറാൻ ടോറസിന്‍റെ ചിത്രം വരച്ചത്. ചിത്രം പൂര്‍ത്തിയാകാന്‍ നാലു മണിക്കൂറെടുത്തു. 'ചരിത്രം സൃഷ്ടിക്കുന്നു' എന്നാണ് ചിത്രത്തിന്‍റെ തലവാചകം. ടൂർണമെന്‍റിലെ ഏറ്റവും നിർണായക നിമിഷങ്ങളിലൊന്നിനാണ്  കലാസൃഷ്ടി ആദരമർപ്പിക്കുന്നത്. ഫൈനലിൽ വിജയഗോൾ നേടി, 2010ന് ശേഷം സ്പെയിനിന് ലോകകിരീടം സമ്മാനിച്ചത് ടോറസായിരുന്നു.

'ഫെറാൻ ടോറസാണ് ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചുവർചിത്രം വരയ്ക്കാൻ തുടങ്ങിയത്. വൈകിട്ട് ആറുമണിയോടെ പൂർത്തിയായി. സ്പെയിൻ ലോകകപ്പ് നേടിയതിന്‍റെ സന്തോഷംകൊണ്ടുമാത്രമാണ് ഇത് വരച്ചത്' – സ്പാനിഷ് ചിത്രകാരന്‍ ടിവിബോയ് പറയുന്നു. 

ബാര്‍സിലോന നഗരമധ്യത്തിൽ ഒരുക്കിയ ടോറസിന്‍റെ ചുവർചിത്രം കാണാൻ ഫുട്ബോൾ ആരാധകരും വിനോദസഞ്ചാരികളും ഒഴുകിയെത്തുകയാണ്. ഈ ലോകകപ്പ് ഫൈനൽ സ്പെയിനിനും പ്രത്യേകിച്ച് ബാഴ്സലോണയ്ക്കും എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന് ചിത്രം വ്യക്തമാക്കുന്നതായി അമേരിക്കന്‍ പൗര വീന മാലോൺ പറയുന്നു.  സ്പെയിന്‍റെ ലോകകപ്പ് വിജയത്തിന് പിന്നാലെ രാജ്യമെമ്പാടും ആഘോഷം അലയടിക്കുകയാണ്.  ടീമിനെ വരവേൽക്കാനും ചരിത്ര വിജയം ആഘോഷിക്കാനും  20 ലക്ഷത്തിലേറെപ്പേരാണ് മാഡ്രിഡിൽ ഒത്തുകൂടിയത്. 

ENGLISH SUMMARY:

Spain's World Cup victory celebrations are ongoing globally, with Barcelona honoring Ferran Torres through a massive street art mural depicting him kissing the World Cup trophy. This artwork, created by artist TVBoy, captures a pivotal moment in Spain's football history.