ഒരു ഫുട്ബോള്‍ താരത്തിന്റെ വിരമിക്കലല്ല, ഒരു യുഗത്തിന്‍റെ അവസാനമാണിത്. 21 വര്‍ഷം അര്‍ജന്റീനയുടെ ജഴ്സിയില്‍ പന്തുതട്ടിയ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 207 മത്സരങ്ങള്‍, 125 ഗോളുകള്‍, 66 ഗോള്‍ അസിസ്റ്റുകള്‍. ഒരിക്കല്‍ അര്‍ജന്റീനയുടെ കുപ്പായത്തില്‍ പരാജയത്തിന്‍റെ പ്രതീകമായി  വിമര്‍ശിക്കപ്പെട്ട മെസി, പിന്നീട് രാജ്യത്തെ ലോക ഫുട്ബോളിന്റെ നെറുകെയിലെത്തിച്ച നായകനായി മാറി.  തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കണ്ണീരോടെ വിരമിക്കല്‍ പ്രഖ്യാപിച്ച 2016ല്‍ നിന്ന് ലോകകപ്പ് ഉയര്‍ത്തിയ 2022ലെ മെസിയിലേക്കുള്ള യാത്ര അത്ഭുതകരമാണ്. ഇത്തവണയും അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിക്കാന്‍ മെസിക്കായി. മെസിയെന്ന ഇതിഹാസതാരം കളമൊഴിയുമ്പോള്‍ അവസാനിക്കുന്നത് ഒരു കളിക്കാരന്റെ യാത്ര മാത്രമല്ല, ഒരു തലമുറയുടെ ഓര്‍മകള്‍ കൂടിയാണ്. 39-ാം വയസില്‍ മെസി വിരമിക്കുമ്പോള്‍ ബാക്കിയാക്കുന്നത് എന്താണ്? മെസിക്ക് പകരമാരാണ്? ഈ വിരമിക്കല്‍ നേരത്തെയാണോ? അതോ ശരിയായ സമയത്താണോ?