ഇഷ്ടതാരത്തെ ക്ലബില്‍ നിലനിര്‍ത്താന്‍ ആരാധകര്‍ എന്തൊക്കെ ചെയ്യണം?  കലാപാഹ്വാനം വരെ എന്നുപറയും ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടന്റെ ആരാധകര്‍. തെരുവിലിറങ്ങുമെന്ന് ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഹാരിസണ്‍ ആംസ്ട്രോങ്ങിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് എവര്‍ട്ടന് പിന്‍മാറി. 

ആരാധകരുടെ  കലാപ മുന്നറിയിപ്പിന് പിന്നാലെ യുവതാരത്തെ വിൽക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് എവര്‍ട്ടന്‍. എവര്‍ട്ടന്‍ അക്കാദമിയിലൂടെ വളര്‍ന്ന ഹാരിസണ്‍ ആംസ്ട്രോങ്ങിനെയാണ് നോട്ടിങ്ങം ഫോറസ്റ്റിന് വില്‍ക്കാന്‍ എവര്‍ട്ടന്‍ തയ്യാറെടുത്തത്. 19 കാരനായ മധ്യനിര താരത്തിന് ഏകദേശം 40 ദശലക്ഷം പൗണ്ടാണ് വിലയിട്ടിരുന്നത്. 

ഫോറസ്റ്റുമായുള്ള കൈമാറ്റചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ ബോണ്‍മത്തിനെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഗ്യാലറിയിലിരുന്ന് എവര്‍ട്ടന്‍ ആരാധകര്‍ പ്രതിഷേധിച്ചു. ആംസ്‌ട്രോങ്ങിനെ വിൽക്കുന്നതിനെതിരെ മല്‍സരത്തിലുടനീളം മുദ്രാവാക്യം വിളിച്ചു. ആദ്യ ഇലവനിൽ ഇറങ്ങിയ ആംസ്‌ട്രോങ്ങ് 87 മിനിറ്റ് കളത്തിലുണ്ടായിരുന്നു. ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് ആംസ്‌ട്രോങ്ങിനെ വിൽക്കേണ്ടതില്ലെന്ന് എവർട്ടൺ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. 

അഞ്ചാം വയസിലാണ് ആംസ്ട്രോങ്ങ്  എവര്‍ട്ടനിലെത്തുന്നത്. അക്കാദമിയിൽനിന്ന് അടുത്തകാലത്ത് ഉയർന്നുവന്ന ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായാണ് ഹാരിസണ്‍ ആംസ്ട്രോങ്ങിനെ വിലയിരുത്തുന്നത്. 

ENGLISH SUMMARY:

Everton's fan protests have successfully prevented the sale of young talent Harrison Armstrong. The club's decision to withdraw from the transfer talks after fan demonstrations highlights the significant influence supporters can have on club operations.