• ഒരു തലമുറയെ ആവേശത്തിലാഴ്ത്തിയ ലയണൽ മെസ്സി–ക്രിസ്റ്റ്യാനോ റൊണാൾഡോ വൈരം. മെസിയോ റൊണാള്‍ഡോയോ മികച്ചത് ആര്?

രണ്ട് ഇതിഹാസങ്ങൾ, ഒരു യുഗം.  രണ്ടായിരത്തോളം ഗോളുകൾ, എൺപതിലേറെ കിരീടങ്ങൾ; ഒരു തലമുറയെ ആവേശത്തിലാഴ്ത്തിയ ലയണൽ മെസ്സി–ക്രിസ്റ്റ്യാനോ റൊണാൾഡോ വൈരം. ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായം. ചരിത്രത്തിലെ ഏറ്റവും നേട്ടങ്ങളുള്ള കളിക്കാരിൽ രണ്ടുപേരായി മെസ്സിയും റൊണാൾഡോയും എന്നും ഓർമിക്കപ്പെടും. 2007-നു ശേഷം യൂറോപ്പിലെ മികച്ച കളിക്കാരന് നൽകിയ 29 പുരസ്കാരങ്ങളിൽ ഇരുപതും ഇവര്‍ പങ്കിട്ടു. ഗോളുകളുടെ എണ്ണത്തിലും ചാംപ്യൻസ് ലീഗ് കിരീടങ്ങളിലും റൊണാൾഡോ മുന്നിട്ടുനിൽക്കുമ്പോൾ, ബാലൻ ദ് ഓർ പുരസ്കാരങ്ങളുടെയും ലോകകപ്പ് കിരീടത്തിന്റെയും തിളക്കത്തിൽ മെസ്സി വേറിട്ടുനിൽക്കുന്നു. 

2008-ലെ ചാംപ്യൻസ് ലീഗ് പോരാട്ടത്തോടെ തുടങ്ങിയ ഈ വൈരം, 2009-ൽ റൊണാൾഡോ റയൽ മഡ്രിഡിലെത്തിയതോടെ എൽ ക്ലാസിക്കോയുടെ തീവ്രതയിലേക്ക് പടർന്നു. സ്പെയിനിലെ ഒൻപത് വർഷക്കാലം ഇരുവരും ഫുട്ബോൾ ലോകം പങ്കിട്ടെടുത്തു. മെസ്സിയുടെ ബാർസിലോന ലാലിഗയിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ, റൊണാൾഡോയുടെ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ വാരിക്കൂട്ടി. 

എക്കാലത്തെയും മികച്ച താരമെന്ന തീർപ്പില്ലാത്ത ചോദ്യം ബാക്കിയാക്കി, പരസ്പരം മത്സരിച്ച് ഇരുവരും വളർന്ന ഈ കാലഘട്ടം ഫുട്ബോളിന്റെ സുവർണയുഗമായി വിലയിരുത്തപ്പെടുന്നു. 2008-ല്‍ റൊണാള്‍ഡോ  ചാംപ്യൻസ് ലീഗ് കിരീടവും ബലോന്‍ ദ് ഓറും നേടിയതോടെ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും വലിയ വൈരത്തിന് തുടക്കമാവായി. മൊറീഞ്ഞോ –ഗ്വാര്‍ഡിയോള വൈര്യത്തിന്റെയും റയല്‍ മ‍ഡ്രിഡ്–ബാര്‍സിലോന വൈര്യത്തിന്റെയും രണ്ട് വമ്പന്‍ കുത്തക കമ്പനികളുടെ വൈര്യത്തിന്റെയും കൂടിയായിരുന്നു റൊണാള്‍ഡോ–മെസിപ്പോര്.

കണക്കുകൾ പറയുന്നത് എന്താണ്?

ഗോളുകളുടെ എണ്ണത്തിലോ ചാംപ്യൻസ് ലീഗ് കിരീടങ്ങളുടെ കാര്യത്തിലോ വിവിധ ലീഗുകളില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ കാര്യത്തിലാണ് താരതമ്യമെങ്കിൽ റൊണാൾഡോയാണ് മുന്നിൽ. എന്നാൽ ബാലൻ ദ് ഓർ പുരസ്കാരങ്ങളുടെയോ ആകെ കിരീടങ്ങളുടെയോ, ലോകകപ്പിന്റെയോ കാര്യമെങ്കില്‍ അത് മെസിതന്നെ.  മെസിക്ക് ലോകകപ്പുണ്ട്, റൊണാള്‍ഡോയ്ക്കില്ല.

2016-ൽ പോർച്ചുഗലിനെ യൂറോപ്യൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചതോടെ റൊണാൾഡോ താരപ്പോര് രാജ്യാന്തര നേട്ടങ്ങളിലേക്ക് നയിച്ചു. അർജന്റീനയെ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളിലേക്കും ഒരു ലോകകപ്പിലേക്കും നയിച്ച് മെസ്സി ആ പോരിന് വാശികൂട്ടി.  എന്നാല്‍ വിവിധ ലീഗുകളില്‍ തന്റേതായ സാമ്രാജ്യം തീര്‍ത്ത താരം റൊണാള്‍ഡോ ആണ്. മെസി ലാലിഗയിലും ഫ്രഞ്ച് ലീഗിലും മേജര്‍ സോക്കര്‍ ലീഗിലും വ്യക്തിമുദ്ര പതിച്ചപ്പോള്‍, പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും ഇറ്റാലിയന്‍ ലീഗിലും സൗദി പ്രോ ലീഗിലും റൊണാള്‍ഡോ വിജയക്കൊടി പാറിച്ചു.

Portugal's forward #07 Cristiano Ronaldo waves to fans after losing the 2026 World Cup round of 16 football match between Portugal and Spain at the Dallas Stadium in Arlington on July 6, 2026. (Photo by Thomas COEX / AFP)

ഇത്രയേറെ വർഷങ്ങൾ ഇത്ര ഉയർന്ന തലത്തിൽ മത്സരിക്കുകയും, ബലോൻ ദ് ഓറിനായി പോരടിക്കുകയും, ഇത്രയധികം ഗോളുകൾ നേടുകയും ചെയ്യുന്ന രണ്ടു കളിക്കാരെ ഇനി ഫുട്ബോള്‍ ലോകത്ത് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. ഫുട്ബോള്‍ പ്രേമികളെ അവര്‍ ആവേശക്കൊടുമുടി കയറ്റി ആനന്ദത്തിന്റെ ലഹരിയില്‍ മുക്കി.  മികച്ച താരം ആരെന്ന ചർച്ചകൾ തുടരുകയാണ്. അതിന് ഒരു തീർപ്പിന്റെ ആവശ്യമില്ല.

ENGLISH SUMMARY:

The iconic rivalry between Lionel Messi and Cristiano Ronaldo defines a golden era in football history, spanning nearly 2,000 goals and over 80 combined trophies. Sparked during the 2008 Champions League and elevated by iconic El Clásico battles between Barcelona and Real Madrid, the two dominated European football, claiming 20 of 29 major individual awards since 2007. While Ronaldo excels in total career goals, Champions League titles, and success across multiple top leagues (EPL, La Liga, Serie A, Saudi Pro League), Messi holds the edge with eight Ballon d'Or awards and a World Cup triumph.