• ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും നടന്നതായി ജി.എസ്ടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്ത്.

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും നടന്നതായി ജി.എസ്ടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആര്‍ബിസി) 25.78 കോടി രൂപയുടെ നികുതി വെട്ടിച്ചുവെന്നാണ് പ്രധാന കണ്ടെത്തൽ. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടായിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  ഡെപ്യൂട്ടി കമ്മീഷണര്‍ വരെ ഇടപെട്ടെന്നും  സ്പോണ്‍സറുടെ അക്കൗണ്ടില്‍ കോടികള്‍ വന്നതില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. Also Read: ഇഡി അന്വേഷണ വാര്‍ത്തകള്‍ അസംബന്ധം; കള്ളക്കഥ: പി.എ.മുഹമ്മദ് റിയാസ്


റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

നികുതി വെട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സർക്കാരിന് ലഭിക്കേണ്ടിയിരുന്ന കോടികളുടെ നികുതി ബോധപൂർവ്വം അടച്ചില്ല. ആകെ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി.എസ്ടി വകുപ്പിന്‍റെ അന്തിമ റിപ്പോർട്ടിൽ കണക്കാക്കിയിട്ടുള്ളത്.

ഉദ്യോഗസ്ഥരുടെ ഒത്താശ: നികുതി പിരിച്ചെടുക്കുന്നതിലും തുടര്‍നടപടികൾ സ്വീകരിക്കുന്നതിലും ജി.എസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ ഒത്താശയോ ഉണ്ടായതായി റിപ്പോർട്ട് സംശയിക്കുന്നു. അന്വേഷണ നടപടികൾ ബോധപൂർവ്വം വൈകിപ്പിക്കാനും ചില ഉദ്യോഗസ്ഥർ ഇടപെട്ടു.  

പണമിടപാടുകളിലെ ദുരൂഹത: സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലേക്ക് മറ്റ് സ്വകാര്യ കമ്പനികളിൽ നിന്നും വലിയ തോതിൽ പണം എത്തിയിട്ടുണ്ട്. പുറത്തുപറഞ്ഞ കണക്കുകളല്ല യഥാർത്ഥത്തിൽ നടന്നിട്ടുള്ളത്. കൊച്ചിയിലെ സ്റ്റേഡിയം നവീകരണത്തിന് യഥാർത്ഥത്തിൽ എട്ട് കോടി രൂപ മാത്രമാണ് ചെലവായതെങ്കിലും, 70 കോടി രൂപ ചെലവായി എന്നാണ് സ്പോൺസർമാർ പ്രചരിപ്പിച്ചത്. കണക്കുകളിൽ കൃത്രിമം കാണിച്ച് ഭീമമായ തുക മറച്ചുവെച്ചു.

കേന്ദ്ര ഏജൻസി അന്വേഷണത്തിന് ശുപാർശ: സംസ്ഥാനത്ത് നിലവിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും, ഈ സാമ്പത്തിക തട്ടിപ്പിന്റെയും നികുതി വെട്ടിപ്പിന്റെയും വ്യാപ്തി കണക്കിലെടുത്ത് സംഭവത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം കൂടി നടത്തണമെന്ന് ജി.എസ്ടി വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.  ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിന് പിന്നിൽ വലിയ തോതിലുള്ള കള്ളപ്പണയിടപാടും നികുതിവെട്ടിപ്പും നടന്നിട്ടുണ്ടെന്ന ഔദ്യോഗിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.

ENGLISH SUMMARY:

A GST Special Investigation Team report has alleged that Reporter Broadcasting Company evaded ₹25.78 crore in tax in connection with financial transactions linked to the proposed Kerala visit of Lionel Messi and the Argentina football team. The report also raises allegations of senior GST officials' collusion, suspicious fund flows and manipulation of stadium renovation expenditure figures, and recommends a central agency investigation.