ട്വന്‍റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തുമെന്ന പ്രതീക്ഷയുമായി കളിക്കാനിറങ്ങിയ ടീം ഇന്ത്യ ഇപ്പോള്‍ സെമിയില്‍ കടക്കാന്‍ മറ്റ് ടീമുകളുടെ കൂടി പ്രകടനം കാത്തിരിക്കുകയാണ്. പ്ലേയിങ് ഇലവനില്‍ വരുത്തിയ ഒറ്റപ്പിഴവാണ് ഈ സ്ഥിതിക്ക് കാരണമെന്ന് തുറന്നടിക്കുകയാണ് താരങ്ങള്‍. കോച്ചും നായകനുമെല്ലാം ചേര്‍ന്ന് കൈക്കൊണ്ട തന്ത്രപരമായ തീരുമാനത്തിന് വലിയ വില ഇന്ത്യ കൊടുക്കേണ്ടി വന്നുവെന്നതാണ് വാസ്തവം. അക്സര്‍ പട്ടേലിനെ ഒഴിവാക്കി വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ച ഇന്ത്യ, സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. വെറും 11 റണ്‍സായിരുന്നു ഈ മല്‍സരത്തില്‍ വാഷിയുടെ സമ്പാദ്യം. എറിഞ്ഞത് രണ്ടേ രണ്ട് ഓവറുകളും. ഇതിനെ പരസ്യമായി പരിഹസിക്കുകയാണ് മുന്‍താരമായ സഞ്ജയ് മഞ്ജരേക്കര്‍. എല്ലാ പ്രശ്നത്തിനും കോച്ച് കാണുന്ന ഒറ്റമൂലിയാണ് വാഷിങ്ടണ്‍ സുന്ദറെന്നാണ് മഞ്ജരേക്കറുടെ പരിഹാസം. Also Read: റിങ്കു സിങിന് പകരം സഞ്ജു? അക്സറും മടങ്ങിയെത്തും; ജയം ഉറപ്പിക്കാന്‍ ഇന്ത്യ
'മുന്‍പൊക്കെ കൈലാഷ് ജീവന്‍ എന്ന മരുന്ന് പ്രചാരത്തിലുണ്ടായിരുന്നു. നിങ്ങള്‍ക്ക് തലവേദനയുണ്ടെങ്കില്‍ അത് പുരട്ടാം. ഇനി വയറുവേദനയാണെങ്കില്‍ അതിനും പുരട്ടാം. എല്ലാത്തിനും പറ്റിയ ഒറ്റമൂലിയായിരുന്നു അത്. ഗൗതം ഗംഭീറിനും ഇതുപോലെ ഒരു ഒറ്റമൂലിയുണ്ട്. എല്ലാവര്‍ക്കും ആ പേര് അറിയാം– വാഷിങ്ടണ്‍ സുന്ദര്‍. ബാറ്റിങ് പ്രശ്നമുണ്ടോ? വാഷിയാണ് പരിഹാരം, ബോളിങ് പ്രശ്നമുണ്ടോ? അതിനും വാഷിയാണ് പരിഹാരം. വേണ്ടി വന്നാല്‍ ബാറ്റിങ് ഓര്‍ഡറും വാഷിക്കായി മാറ്റും. റിങ്കു സിങ് ആറാമനാകും, ഹാര്‍ദിക് പാണ്ഡ്യ ഏഴാമനാകും..' സ്പോര്‍ട്സ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയോടെ ഇന്ത്യയ്ക്ക് സിംബാംബ്വെക്കെതിരായ മല്‍സരവും വിന്‍ഡീസിനെതിരെയുള്ള മല്‍സരവും ജയിക്കണം. ജീവന്‍മരണപ്പോരാട്ടമായതിനാല്‍ തന്നെ അഭിഷേകിന്‍റെയും തിലകിന്‍റെയും പ്രകടനങ്ങള്‍ ഇന്ത്യ തലനാരിഴകീറി പരിശോധിക്കുകയാണ്. സിംബാബ്വെയ്ക്കെതിരെ നിലവിലെ കോമ്പിനേഷന്‍ മാറ്റുന്നത് ആലോചനയിലുണ്ടെന്ന് ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.