Image Credit:PTI
പിതാവിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ റിങ്കു സിങിന് പകരം സഞ്ജു സാംസണ്‍ സിംബാബ്വെയ്ക്കെതിരെ കളിച്ചേക്കുമെന്ന് സൂചന. അഭിഷേക് ശര്‍മയ്ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതോടെ നമീബിയയ്ക്കെതിരായ മല്‍സരത്തിലാണ് സഞ്ജു കളിക്കാനിറങ്ങിയത്. എട്ട് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത സഞ്ജു, അഭിഷേക് ടീമിലേക്ക് മടങ്ങിയെത്തിയതോടെ പിന്നീട് ഒരു മല്‍സരത്തിലും കളിച്ചില്ല.
Image credit: PTI
അഭിഷേകിനാവട്ടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. മൂന്ന് ഡക്കും 15 റണ്‍സും മാത്രമാണ് ഇതുവരെയുള്ള സമ്പാദ്യം. തിലക് വര്‍മയ്ക്കും ടീമിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. റിങ്കു സിങിനാവട്ടെ ഫിനിഷറുടെ റോളിലും അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. ഫീല്‍ഡിങില്‍ താരം മികച്ച പ്രകടനമാണ് പക്ഷേ പുറത്തെടുത്തിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് റിങ്കു സിങ് മടങ്ങിയതോടെയാണ് സഞ്ജുവിന് വീണ്ടും വഴി തുറക്കുന്നത്. തിലക് കളിച്ചിരുന്ന സ്ഥാനത്ത് സഞ്ജു ഇറങ്ങുമോ അതോ ഓപ്പണറായി തന്നെ ഇറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഷേകും സഞ്ജുവും തന്നെ ഓപ്പണര്‍മാരാകുകയും ഇഷാനെ വണ്‍ഡൗണ്‍ ആയി ഇറക്കണമെന്നും മുന്‍താരങ്ങള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ നെറ്റ്സില്‍ ദീര്‍ഘനേരമാണ് സഞ്ജു പരിശീലനം നടത്തിയത്.
സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരാരെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് മാറ്റങ്ങള്‍ അനിവാര്യമാണ്. കഴിഞ്ഞ രണ്ട് കളിയിലും ബെഞ്ചിലിരുന്ന അക്സര്‍ പട്ടേലും പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തും. വൈസ് ക്യാപ്റ്റനായിട്ട് കൂടി അക്സറിനെ ബെഞ്ചിലിരുത്തിയ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായത്. വാഷിങ്ടണ്‍ സുന്ദറാണ് ദക്ഷിണാഫിക്കയ്ക്കെതിരെ പകരം ഇറങ്ങിയത്. സിംബാബ്വെയ്ക്കെതിരെ വാഷിങ്ടണ്‍ സുന്ദറെ നിലനിര്‍ത്തിയാലും അക്സറിനെ ഇറക്കാനാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. കളിച്ച മൂന്ന് മല്‍സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകളും അക്സര്‍ ഇതിനകം നേടിയിട്ടുണ്ട്.
ചെപ്പോക്കിലെ പിച്ചും അക്സറിനെ തുണയ്ക്കുന്നതാണെന്നാണ് വിലയിരുത്തല്‍. ആവറേജിലും കണക്കുകളിലുമല്ല ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നതെന്നും ടീമിനായി വിക്കറ്റെടുക്കാന്‍ ആര്‍ക്കാണ് ഇപ്പോള്‍ സാധിക്കുകയെന്നതിനാണ് പ്രാധാന്യമെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു. അക്സറിന്‍റെ പ്രകടനം മികച്ചതാണെന്നും ആളുകള്‍ അത് പറയുന്നുണ്ടെന്നും അത് ഭാവിയിലും നിലനിര്‍ത്താനാണ് ടീം ഉദ്ദേശിക്കുന്നതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് സിംബാബ്വെയ്ക്കെതിരെ താരം കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായത്.
സിംബാബ്വെയ്ക്കെതിരായ മല്‍സരത്തിന് ശേഷം മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വിന്‍ഡീസിനെതിരെയാണ് ഇന്ത്യയ്ക്ക് സൂപ്പര്‍ എട്ടിലെ അവസാന മല്‍സരം. ഇന്ത്യ സെമിയില്‍ കടന്നാല്‍ ആദ്യ മല്‍സരം മുംബൈയില്‍ വച്ച് നടക്കും. പാക്കിസ്ഥാനാണ് എതിരാളികളെങ്കില്‍ മാര്‍ച്ച് നാലിന് കൊളംബോയില്‍ വച്ചാകും മല്‍സരം. നാളെ സിംബംബ്വെയ്ക്കെതിരെ ജയിച്ചാല്‍ മാത്രം ഇന്ത്യ സെമിയില്‍ കടക്കില്ല. ദക്ഷിണാഫ്രിക്ക വലിയ മാര്‍ജിനില്‍ വിന്‍ഡീസിനെ തോല്‍പ്പിക്കുക കൂടി ചെയ്താലേ ഇന്ത്യയ്ക്ക് സെമി സാധ്യതകളുള്ളൂ. നാല് ടീമുകളും ഓരോ മല്‍സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ക്കാണ് സെമിപ്രവേശം. ആദ്യ മല്‍സരങ്ങള്‍ ജയിച്ച വിന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും രണ്ട് പോയിന്‍റ് വീതമുണ്ടെങ്കിലും റണ്‍റേറ്റില്‍ വിന്‍ഡീസാണ് (+5.3) ഒന്നാമത്. –3.8 ആണ് ഇന്ത്യയുടെ റണ്‍റേറ്റ്. ഇത് പോസിറ്റീവിലേക്ക് മാറണമെങ്കില്‍ സിംബാബ്വെയെ കുറഞ്ഞത് 77 റണ്‍സിനെങ്കിലും തോല്‍പ്പിക്കണം. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ വിജയലക്ഷ്യം അതിവേഗത്തിലും കീഴടക്കണം.