vaibhav-suryavanshi
  • രാജ്യാന്തര ട്വന്‍റി 20യില്‍ ആദ്യ അര്‍ധ സെഞ്ചറിയടിച്ച് വൈഭവ് സൂര്യവംശി. സിംബാബ്‍വേയ്ക്ക് എതിരെ 18 പന്തില്‍ 50 റണ്‍സെടുത്ത വൈഭവ് തൊട്ടടുത്ത പന്തില്‍ പുറത്തായി.

നാലാം രാജ്യാന്തര ട്വന്‍റി 20യില്‍ അര്‍ധ സെഞ്ചറിയടിച്ച് വൈഭവ് സൂര്യവംശി. സിംബാബ്‍വേയ്ക്ക് എതിരെ 18 പന്തില്‍ 50 റണ്‍സെടുത്ത വൈഭവ് തൊട്ടടുത്ത പന്തില്‍ പുറത്തായി. നാലു ഫോറും നാലു സിക്സറും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിങ്സ്. അര്‍ധസെഞ്ചറിയോടെ മൂന്നു ലോക റെക്കോര്‍ഡുകളാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. ഇതിലൊന്ന് സച്ചിന്‍ 1989 ല്‍ സ്വന്തം പേരിലാക്കിയ റെക്കോര്‍ഡാണ്. 

'വൈഭവ് സൂര്യവംശി തെറ്റ് തിരുത്തണം; ടീം ആദ്യം, വ്യക്തികള്‍ പിന്നീട്'; മുന്നറിയിപ്പുമായി ശ്രേയസ് അയ്യര്‍

ഇന്നത്തെ ഇന്നിങ്സോടെ ട്വന്‍റി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ്. 15 വയസും 118 ദിവസവുമാണ് വൈഭവിന്‍റെ ഇന്നത്തെ പ്രായം. അഫ്ഗാനിസ്ഥാന്‍ താരം  റഹ്മാനുള്ള ഗുർബാസിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. 17 വയസും 296 ദിവസവും പ്രായമുള്ളപ്പോഴാണ് 2019 തില്‍ സിംബാബ്‌വെക്കെതിരെ ഗുര്‍ബാസ് അര്‍ധ സെഞ്ചറി നേടിയത്. 

ഫുൾ-മെമ്പർ രാജ്യങ്ങളിൽ നിന്ന് രാജ്യാന്തര ക്രിക്കറ്റിൽ കന്നി അര്‍ധ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 1989 തില്‍ പാക്കിസ്ഥാനെതിരെയ ടെസ്റ്റില്‍ അര്‍ധസെഞ്ചറി നേടിയ സച്ചിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തത്. രാജ്യാന്തര ക്രിക്കറ്റില്‍ 50 ലധികം റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരവും വൈഭവായി. നേപ്പാളിന്‍റെ കുശാല്‍ മല്ല യു.എസിനെതിരെ നേടിയ റെക്കോര്‍ഡാണ് മറികടന്നത്. 15 വയസും 340 ദിവസവും പ്രായമുള്ളപ്പോഴാണ് കുശാല്‍ റെക്കോര്‍ഡിട്ടത്. 

ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ വൈഭവിന് സാധിച്ചിരുന്നില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നായി 14, 13, 15 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. അതേസമയം മല്‍സരത്തില്‍ ഇന്ത്യ ഏഴുവിക്കറ്റിന് ജയിച്ചു. സിംബാബ്‍വെ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ  13.2 ഓവറില്‍ മറികടന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരു റണ്‍സെടുത്ത് പുറത്തായി. 24 പന്തില്‍ 35 റണ്‍സെടുത്ത ഇഷാന്‍ കിഷനും 24 പന്തില്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റ് വീഴ്ത്തി. 

ENGLISH SUMMARY:

Fifteen-year-old Vaibhav Suryavanshi smashed a blistering 18-ball 50 against Zimbabwe in the fourth international T20, breaking three world records including Sachin Tendulkar's 1989 milestone. At 15 years and 118 days old, Vaibhav became the youngest player to score a T20 international half-century, surpassing Afghanistan's Rahmanullah Gurbaz.