ഏകദിനത്തിലും രോഹിത് യുഗത്തിന് അന്ത്യമാകുന്നു. ഇംഗ്ലണ്ട് പരമ്പരയോടെ താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കും. സെലക്ഷന്‍ കമ്മിറ്റി രോഹിത് ശര്‍മയുമായി സംസാരിച്ചു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ജൂലൈ 19ന് ലോർഡ്‌സിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനം രോഹിത് ശർമയുടെ കരിയറിലെ അവസാന ഏകദിന മത്സരമായേക്കും. ഈ പരമ്പരയ്ക്കു ശേഷം രോഹിതിനെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞയാഴ്ച പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം സെലക്‌ഷൻ കമ്മിറ്റി രോഹിത് ശർമയുമായി സംസാരിക്കുകയും ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തതായാണു വിവരം.
2027ലെ ഏകദിന ലോകകപ്പിൽ രോഹിതിനെ ടീമിൽ ഉൾപ്പെടുത്താൻ സിലക്ടർമാർക്ക് താൽപര്യമില്ലെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് രോഹിത് ആണെന്നും സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിൽ രോഹിത് തൃപ്തനല്ലെന്നാണ് സൂചന.
യശസ്വി ജയ്‌സ്വാളിനെപ്പോലുള്ള യുവതാരങ്ങൾക്ക് അവസരം നൽകാനാണ് രോഹിത്തിനെ ഒഴിവാക്കുന്നത്. ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് 20 മല്‍സരങ്ങളുണ്ട്. ഇതിലെല്ലാം ജയ്സ്വാളിന് അവസരം നല്‍കാനാണ് തീരുമാനം. ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത്തിന് കാര്യമായി റണ്‍സ് കണ്ടെത്താനായിട്ടില്ല. കളിച്ച അവസാന എട്ട് ഏകദിനങ്ങളിൽ നിന്ന് ഒരു അർധ സെഞ്ചറി ഉൾപ്പെടെ 30.1 ശരാശരിയിൽ 88.6 സ്ട്രൈക്ക് റേറ്റോടെ 241 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്.