Image Credit: PTI
ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്ക്കെതിരായ പരിഹാസ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയ്ക്കെതിരെ മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ട്വന്‍റി 20 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യ കടക്കില്ലെന്നാണ് ആമിറിന്‍റ പ്രവചനം. സൂപ്പര്‍ എട്ടോടെ നിലവിലെ ചാംപ്യന്‍മാരുടെ കഥ കഴിയുമെന്നും ആമിര്‍ പറയുന്നു.
ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്നും കഴിഞ്ഞ മൂന്ന് മല്‍സരം നോക്കിയാല്‍ ഇത് പ്രകടമാണെന്നും ആമിര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും ഇത് പ്രയോജനപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം 'ഹാര്‍ന മനാ ഹെ'യില്‍ പറഞ്ഞു.' ഇന്ത്യയുടെ ബാറ്റിങ് നോക്കൂ, എല്ലാത്തിലും അവര്‍ തകര്‍ന്നു. സൂപ്പര്‍ എട്ടില്‍ സമ്മര്‍ദം അതികഠിനമായിരിക്കും. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും കളിക്കുന്ന രീതി നോക്കൂ.. അവര്‍ക്ക് ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്'. ഗ്രൂപ്പ് എയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വിന്‍ഡിസും സെമിയില്‍ കടക്കുമെന്നാണ് ആമിര്‍ പറയുന്നത്.
തോല്‍വിയറിയാതെയാണ് ട്വന്‍റി 20 ലോകകപ്പിന്‍റെ പത്താം എഡിഷനില്‍ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് എത്തിയത്. പാക്കിസ്ഥാനെതിരെ 61 റണ്‍സിന്‍റെ ആധികാരിക ജയം നേടിയ ഇന്ത്യ നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സിന്‍റെ വിജയവും നേടി. ഞായറാഴ്ച അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് പോരാട്ടം. അതിന് ശേഷം ഫെബ്രുവരി 26ന് ചെന്നൈയില്‍ വച്ച് സിംബാബ്വെയുമായി കളിക്കും. മാര്‍ച്ച് ഒന്നിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മല്‍സരം.
ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാന്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് സെമിയില്‍ കടക്കാന്‍ പോരാടുന്നത്. ഇതില്‍ നിന്നും പാക്കിസ്ഥാനും ന്യൂസീലന്‍ഡും സെമിയില്‍ കടക്കുമെന്നാണ് ആമിര്‍ പറയുന്നത്. ഞായറാഴ്ച പ്രേമദാസ സ്റ്റോഡിയത്തില്‍ പാക്കിസ്ഥാന്‍– ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാകും സൂപ്പര്‍ എട്ട് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക.