Image Creddit: AP (left_, X (Right)
ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. പാക്കിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിറിന്‍റെ വിവാദ പരാമര്‍ശം. അഭിഷേക് ശര്‍മ വെറും സ്ലോഗറാണെന്നും സാങ്കേതികത്തികവില്ലെന്നും എട്ട് ഇന്നിങ്സില്‍ ഒരെണ്ണത്തില്‍ നന്നായി കളിച്ചാലായി എന്ന് മാത്രമേയുള്ളൂവെന്നുമായിരുന്നു 'ഹാര്‍ന മനാ ഹെ' എന്ന ഷോയില്‍ ആമിറിന്‍റെ പരിഹാസം. ' വളരെ കുറച്ച് കളി മാത്രമേ അഭിഷേകിന്‍റേതായി ഞാന്‍ കണ്ടിട്ടുള്ളൂ. വെറും സ്ലോഗറായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കിട്ടുന്ന പന്തെല്ലാം അടിച്ചു പറത്തും. അടിച്ചാലായി. അല്ലെങ്കില്‍ നോക്കേണ്ടതില്ല. പുറത്താകാനുള്ള സാധ്യതകളാണ് കൂടുതല്‍. എട്ട് ഇന്നിങ്സ് എടുത്താല്‍ അതിലൊന്നാണ് അഭിഷേക് അടിച്ച് കളിക്കുന്നത്. അല്ലെങ്കില്‍ 10,150,0,20 ഇങ്ങനെയാണ് സ്കോര്‍. സാങ്കേതികത്തികവുള്ള ബാറ്ററാണ് അഭിഷേകെന്ന അഭിപ്രായമൊന്നും എനിക്കില്ല'- ആമിര്‍ പറയുന്നു.
അഭിഷേകിനെ പുറത്താക്കാന്‍ എളുപ്പാണെന്നും ആമിര്‍ പറയുന്നു. സ്ലോ ബോളുകളടക്കം എങ്ങനെ നേരിടുന്നുവെന്നതിലാണ് ഒരു ബാറ്ററുടെ കഴിവിരിക്കുന്നതെന്നും അല്ലാതെ മികച്ച ബാറ്ററാണെന്ന് എങ്ങനെ വിളിക്കുമെന്നുമാണ് മുന്‍ പാക് താരത്തിന്‍റെ ചോദ്യം. ശരീരത്തോട് ചേര്‍ത്ത് പന്തെറിഞ്ഞാല്‍ അഭിഷേകിനെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയുമെന്നും ആമിര്‍ പറയുന്നു. ' അഭിഷേക് ഇങ്ങനെ നില്‍ക്കും. എല്ലാ പന്തുകളും ഒരു പ്രത്യേക ഭാഗത്ത് കൂടി വരണമെന്ന് മാത്രം ആഗ്രഹിക്കുന്നത് പോലെയൊരു നില്‍പ്പാണ്. നിന്ന് കിട്ടിയാല്‍ റണ്‍സടിക്കും. എതിരാളികള്‍ക്ക് കനത്ത ആഘാതമാകും. പക്ഷേ റിസ്ക് കൂടുതലാണ്.'- ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഷോയില്‍ ഒപ്പമുണ്ടായിരുന്ന റാഷിദ് ലത്തീഫും അഭിഷേകിനെതിരായ വിമര്‍ശനങ്ങളില്‍ ആമിറിനെ തുണയ്ക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഭിഷേകിനെ കാണാനില്ല, ഏകദിനത്തിലും കാണാറില്ല. ആകെ കളിക്കുന്നത് ട്വന്‍റി20യിലാണ് എന്നായിരുന്നു റാഷിദിന്‍റെ വാക്കുകള്‍. അഭിഷേകിന്‍റെ ശരീരത്തിന്‍റെ മുകള്‍ഭാഗം മുന്നിലേക്ക് വരുന്നില്ലെന്നും പ്രതിരോധത്തിലേക്ക് മാറിയാല്‍ അഭിഷേക് തികഞ്ഞ പരാജയമാകുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലോക ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്റര്‍ക്കെതിരെ ഇത്തരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അല്‍പ്പമെങ്കിലും ബോധം വേണ്ടെയെന്ന ചോദ്യമാണ് അഭിഷേകിന്‍റെ ആരാധകര്‍ ഉയര്‍ത്തുന്നത്. ട്വന്‍റി 20യില്‍ ഇന്ത്യയുടെ ഓപ്പണര്‍ ആരെന്ന ചോദ്യത്തിന് അഭിഷേക് ശര്‍മയെന്ന പേര് കഴിഞ്ഞേ മറ്റേത് പേരും വരുന്നുള്ളൂ. 39 മല്‍സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചറിയും എട്ട് അര്‍ധ സെഞ്ചറിയുമടക്കം 1297 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. കഴിഞ്ഞ വര്‍ഷം വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 135 റണ്‍സാണ് മികച്ച പ്രകടനം.
ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ അഭിഷേക് കളിച്ചിരുന്നില്ല. രണ്ട് ദിവസം കൂടി സുഖം പ്രാപിക്കാന്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കിലോയോളം ശരീരഭാരമാണ് പൊടുന്നനേ കുറഞ്ഞത്. ഇതോടെയാണ് അഭിഷേകിന്‍റെ കാര്യത്തില്‍ ധൃതി കൂട്ടേണ്ടെന്നും നമീബിയയ്ക്കെതിരെ സഞ്ജുവിനെ ഇറക്കാമെന്നും മാനേജ്മെന്‍റ് തീരുമാനിച്ചത്. ഞായറാഴ്ച കൊളംബോയില്‍ വച്ച് നടക്കുന്ന ഇന്ത്യ–പാക് പോരാട്ടത്തില്‍ അഭിഷേകിന് കളിക്കാന്‍ കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.