gambhir-sanju-ishan

നമീബിയയെ തോല്‍പ്പിച്ച മല്‍സരത്തിനുശേഷം ടീം മീറ്റിങ്ങില്‍ സംസാരിക്കുന്ന ഗൗതം ഗംഭീര്‍ (വലത്ത്)

സഞ്ജു സാംസണ്‍ ലോകകപ്പില്‍ ലഭിച്ച അവസരം പാഴാക്കിയെന്ന് പറയുന്നവര്‍ക്ക് ഹെഡ് കോച്ച് ഗൗതം ഗംഭീറിന്‍റെ തകര്‍പ്പന്‍ മറുപടി. നമീബിയയ്ക്കെതിരായ മല്‍സരത്തിനുശേഷം ഡ്രസിങ് റൂമില്‍ നടത്തിയ ടീം മീറ്റിങ്ങിലാണ് ഗംഭീര്‍ സഞ്ജു നല്‍കിയ തുടക്കത്തെ പുകഴ്തത്തിയത്. ‘ഇഷാന്‍, സ​ഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു. ക്രീസിലെത്തുമ്പോള്‍ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മള്‍ സംസാരിച്ചിരുന്നു. ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് നമ്മള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും...’ – ഗംഭീര്‍ പറഞ്ഞു.

sanju-gambhir

സഞ്ജു സാംസണ്‍ പരിശീലനസമയത്ത് ഗൗതം ഗംഭീറിനൊപ്പം

ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. റൂബന്‍ ട്രംപിള്‍മാന്‍റെ ആദ്യ ഓവറിലെ അവസാനപന്തില്‍ സിക്സര്‍ പായിച്ചായിരുന്നു അരങ്ങേറ്റം. ബെന്‍ ഷികോംഗോയുടെ അടുത്ത ഓവറില്‍ തുടര്‍ച്ചയായി രണ്ട് പടുകൂറ്റന്‍ സിക്സുകളും ഒരു ഫോറും. അവസാനപന്ത് ഉയര്‍ത്തിവിട്ടെങ്കിലും ബൗണ്ടറിക്കരികെ സ്റ്റീന്‍കാമ്പിന്‍റെ കയ്യിലൊതുങ്ങി. എട്ടുപന്ത് മാത്രം ആയുസുണ്ടായിരുന്ന ആ ഇന്നിങ്സില്‍ പിറന്നത് 22 റണ്‍സ്. അപ്പോള്‍ ഇഷാന്‍ കിഷന്‍റെ സ്കോര്‍ വെറും രണ്ട് റണ്‍സ്. അവിടെ നിന്നാണ് ഇഷാന്‍ ആക്രമണം ഏറ്റെടുത്തത്. 

ന്യൂസീലാന്‍ഡിനെതിരായ പരമ്പരയിലടക്കം ഫോം കണ്ടെത്താന്‍ പാടുപെട്ട സഞ്ജുവിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. ലോകകപ്പിലെ അരങ്ങേറ്റം വലിയ സ്കോറിലെത്തിക്കാന്‍ കഴിയാതെ പോയപ്പോഴും ഒട്ടേറെപ്പോര്‍ സഞ്ജുവിനെതിരെ വാളെടുത്തു. എന്നാല്‍ സഞ്ജുവിന്‍റെ പ്രകടനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയത്. ഇത് പാക്കിസ്ഥാനെതിരായ മല്‍സരത്തിലും അവസരം ലഭിക്കുമെന്ന സൂചനയാണോ എന്ന് ഉറപ്പിക്കാനാവില്ല. കൊളംബോയിലെ സാഹചര്യങ്ങളും അഭിഷേക് ശര്‍മയുടെ ഫിറ്റ്നസും ഉള്‍പ്പെടെ പരിഗണിച്ചുമാത്രമേ പാക്കിസ്ഥാനെതിരായ ഇലവന്‍ തീരുമാനിക്കൂ.

team-india-huddle

നമീബിയയെ തോല്‍പ്പിച്ച ശേഷം ഇന്ത്യന്‍ ടീമിന്‍റെ ഹഡ്‍ല്‍

നമീബിയയ്ക്കെതിരെ തീപ്പൊരി പ്രകടനം കാഴ്ചവച്ച ഇഷാന്‍ കിഷന്‍ ഉറപ്പായും പാക്കിസ്ഥാനെതിരെ കളിക്കും. ഇഷാനായിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ ടീം തിരഞ്ഞെടുത്ത ഇംപാക്ട് പ്ലേയര്‍. ആത്മവിശ്വാസവും മാനസികദൃഢതയും കഠിനാധ്വാനവുമാണ് ഇഷാന്‍റെ മുഖമുദ്രയെന്ന് ഇംപാക്ട് പ്ലേയര്‍ക്കുള്ള മെഡല്‍ സമ്മാനിച്ചുകൊണ്ട് ടീം ഇന്ത്യയുടെ ഹെഡ് ഫിസിയോ കമലേഷ് ജെയിന്‍ പറഞ്ഞു. രണ്ടുവര്‍ഷം ടീമിന് പുറത്തുനില്‍ക്കേണ്ടിവന്നിട്ടും അവസരം ലഭിച്ചപ്പോള്‍ അവിസ്മരണീയമായ പ്രകടനമാണ് ഇഷാന്‍ കാഴ്ചവച്ചതെന്നും കമലേഷ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് കൊളംബോയിലാണ് ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാന്‍ മല്‍സരം. എ ഗ്രൂപ്പിലുള്ള ഇരു ടീമുകളും ഇതുവരെ രണ്ട് മല്‍സരം വീതം ജയിച്ചു. നെറ്റ് റണ്‍ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര മുതല്‍ കഴിഞ്ഞ അ‍ഞ്ചുമല്‍സരങ്ങളില്‍ ഒന്നില്‍പ്പോലും പാക്കിസ്ഥാന്‍ തോറ്റിട്ടില്ല. ഇന്ത്യ ന്യൂസീലാന്‍ഡ് പരമ്പരയിലെ ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പില്‍ ആദ്യമല്‍സരത്തില്‍ ഇന്ത്യ യുഎസ്എയെയും രണ്ടാമത്തെ മല്‍സരത്തില്‍ നമീബിയയെയും പരാജയപ്പെടുത്തി. പാക്കിസ്ഥാന്‍ ആദ്യകളിയില്‍ നെതര്‍ലന്‍ഡ്‌‌സിനെയും രണ്ടാം മല്‍സരത്തില്‍ യുഎസിനെയുമാണ് തോല്‍പ്പിച്ചത്. 

Great Intent, Sanju": Gautam Gambhir Shuts Down Critics After Namibia Clash:

This article highlights Indian Head Coach Gautam Gambhir’s strong support for Sanju Samson following India's World Cup victory over Namibia. Despite Samson scoring only 22 runs off 8 balls, Gambhir praised his aggressive intent and bravery in providing a fiery start alongside Ishan Kishan. While critics questioned Samson's inability to convert his start into a big score, the coach’s dressing room speech underscored a shift toward a high-impact playing style. All eyes are now on whether Samson will retain his spot for the high-stakes clash against Pakistan in Colombo.