New Delhi: India's Sanju Samson reacts during an ICC Men's T20 World Cup 2026 cricket match between India and Namibia, at the Arun Jaitley Stadium, in New Delhi, Thursday, Feb. 12, 2026. (PTI Photo/Shahbaz Khan) (PTI02_12_2026_000783A)
പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. നമീബിയയ്ക്കെതിരെ നേടിയ 93 റണ്‍സിന്‍റെ കൂറ്റന്‍ ജയത്തില്‍ മാത്രം ആശ്വസിച്ച് ഞായറാഴ്ച കൊളംബോയിലെ പോരാട്ടത്തിന് ഇറങ്ങാന്‍ കഴിയില്ലെന്നും അഭിഷേക് ശര്‍മയ്ക്ക് ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജുവാകും ഇറങ്ങുകയെന്നും ഇത് ആശങ്കയേറ്റുന്നതാണെന്നും അദ്ദേഹം പറയുന്നു. Also Read: ‘സഞ്ജൂ, അതൊരു ഗംഭീര തുടക്കം’; വിമർശകർക്ക് മറുപടിയുമായി ഗംഭീർ
ഡീപ് മിഡ് വിക്കറ്റിലാണ് ഇന്നലെ സഞ്ജു വീണത്. 'സഞ്ജു പുറത്തായ രീതി ആശങ്കപ്പെടുത്തുന്നതാണ്. അതേ രീതിയില്‍ മുന്‍പും സഞ്ജു പുറത്തായിട്ടുണ്ട്. ഇത് മാനേജ്മെന്‍റിന് തലവേദന സൃഷ്ടിക്കാന്‍ പോന്നതാണ്. അഭിഷേക് ശര്‍മ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജുവാകും കളിക്കുക. ഏറ്റവും മികച്ച പ്രകടനമാകും സഞ്ജു പുറത്തെടുക്കുകയെന്ന് കരുതാം. ന്യൂസീലന്‍ഡിനെതിരെ കളിക്കാതിരുന്നതും ഇന്നലെ നമീബിയയ്ക്കെതിരെ ബാക്കി വച്ചതുമെല്ലാം അതുപോലെ ഒരു നിര്‍ണായക മല്‍സരത്തില്‍ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം'- സുനില്‍ ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. സഞ്ജുവിന്‍റേത് മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമിന്‍റേത് നല്ല പ്രകടനം ആയിരുന്നു. ഇഷാന്‍ ബാറ്റ് ചെയ്ത രീതിയും ഹാര്‍ദികിന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമീബിയയ്ക്കെതിരെ 93 റണ്‍സ് വിജയം നേടിയ ടീമിനെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ വാനോളം പ്രശംസിച്ചു.ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി. 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഇന്ത്യ നേടിയത്. ഇഷാന്‍ കിഷന്‍ 61 ഉം ഹാര്‍ദിക് പാണ്ഡ്യ 28 പന്തില്‍ 52 റണ്‍സും നേടി. രണ്ടോവറില്‍ ഏഴുറണ്‍സ് മാത്രം വഴങ്ങി നമീബിയയുടെ മൂന്ന് വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയത്. 18.2 ഓവറില്‍ 116 റണ്‍സിലേക്ക് നമീബിയയെ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കായി.
'ബാറ്റിങ് അത്ര എളുപ്പമായ പിച്ചായിരുന്നില്ല. പക്ഷേ ഇഷാനും സഞ്ജുവും അടിച്ചു കളിച്ചതോടെ പ്രയാസമുള്ള വിക്കറ്റാണെന്ന് ആര്‍ക്കും തോന്നിയില്ല. ശിവം ദുബെയും ഹാര്‍ദികുമായുള്ള പാര്‍ട്നര്‍ഷിപ്പാണ് എടുത്തു പറയേണ്ട മറ്റൊന്ന്. അടുപ്പിച്ച് രണ്ട്, മൂന്ന് വിക്കറ്റുകള്‍ വീണ ശേഷമാണ് ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. അത് പ്രശംസനീയമാണ്'- സൂര്യകുമാര്‍ പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ പറഞ്ഞു.
ട്വന്‍റി20 ലോകകപ്പിലെ ആദ്യ മല്‍സരം കളിച്ച സഞ്ജു സിക്സറോടെയാണ് തുടങ്ങിയത്. അടുപ്പിച്ച് മൂന്ന് സിക്സും ഒരു ഫോറുമടിച്ചതിന് പിന്നാലെ താരം പുറത്താകുകയും ചെയ്തു. അഭിഷേകിന് ഭക്ഷ്യവിഷബാധയേറ്റ് പുറത്തായതോടെ ലഭിച്ച അവസരം സഞ്ജു വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന ആക്ഷേപം ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നുമുണ്ട്. മികച്ച തുടക്കമുണ്ടായിട്ടും അത് നിലനിര്‍ത്താന്‍ സാധിക്കാതിരിക്കുന്നതിന് ന്യായീകരണമില്ലെന്നും ഇങ്ങനെ സ്ഥിരതയില്ലാത്ത ഒരാളെ കണ്ടിട്ടില്ലെന്നുമെല്ലാം ആരാധകര്‍ കുറിക്കുന്നു. അതേസമയം, ടീം പ്ലാന്‍ പോലെ തന്നെയാണ് സഞ്ജു കളിച്ചതെന്നും അടിച്ച് കളിക്കാന്‍ കഴിഞ്ഞത് ടീമിന് കരുത്തായെന്നുമായിരുന്നു കോച്ച് ഗംഭീറിന്‍റെ പ്രതികരണം.