sanju-t20-captain-bcci-considers

TOPICS COVERED

ഇന്ത്യൻ ക്രിക്കറ്റിൽ നിരന്തര പരിശ്രമത്തിലൂടെ സ്വന്തമായൊരു ഇടം നേടിയ താരമാണ് സഞ്ജു സാംസൺ. കരിയറിലുടനീളം അവസരങ്ങൾക്കായും ടീമിലെ സ്ഥാനത്തിനായും പോരാടേണ്ടി വന്ന സഞ്ജു, ഇനി മുതൽ പുറത്തുനിന്നുള്ള അഭിപ്രായങ്ങളേക്കാൾ സ്വന്തം തീരുമാനങ്ങൾക്കാണ് പ്രാധാന്യം നൽകുകയെന്ന് വ്യക്തമാക്കി. ജിയോസ്റ്റാറിന്റെ 'Believe' പരിപാടിയിലായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

2026 ട്വന്റി20 ലോകകപ്പിന് മുമ്പുതന്നെ ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്ന് സഞ്ജു പറഞ്ഞു. രാജ്യത്തെ ക്രിക്കറ്റിൽ നിലനിൽക്കുന്ന നിരന്തര മത്സരത്തിന്റെ ('റാറ്റ് റേസ്') ഭാഗമാകാൻ ഇനി താൻ ആഗ്രഹിക്കുന്നില്ലെന്നും കളി ആസ്വദിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ദൈവാനുഗ്രഹത്താൽ കരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. ഇപ്പോൾ 31 വയസ്സായി. ശേഷിക്കുന്ന വർഷങ്ങൾ എന്റെ രീതിയിൽ കളി ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ഇനി ആരും എന്നോട് പറയില്ല. എന്റെ തീരുമാനങ്ങൾ ഞാൻ തന്നെയായിരിക്കും എടുക്കുക," സഞ്ജു പറഞ്ഞു.

'വൈഭവ് തിരഞ്ഞെടുത്തത് രണ്ടാമത്തെ ഓപ്ഷൻ; അവൻ കുതിച്ചുയരും’; വാനോളം പുകഴ്ത്തി ലക്ഷ്മൺ...

2024ലെ ലോകകപ്പിന് ശേഷം 2026ലെ ടൂർണമെന്റിൽ കളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിൽ 14–15 അംഗ ടീമിന്റെ പരിഗണനയിൽ പോലും താനുണ്ടായിരുന്നില്ല. എന്നാൽ ടീമിന് ആവശ്യമുള്ളപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ സ്വാഭാവികമായി മുന്നോട്ടുപോകുമെന്നും അല്ലാത്തപക്ഷം ഇതിനകം നേടിയ നേട്ടങ്ങളിൽ താൻ സംതൃപ്തനാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.

അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയൊരു ഫോം ഇടിവിനെ തുടർന്ന് സഞ്ജു സിംബാബ്‍വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ അതിന് മുമ്പ് ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടി ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയിൽ നിന്ന് ലഭിച്ച ഉപദേശവും സഞ്ജു ഓർത്തെടുത്തു. ദേശീയ ടീം ക്യാംപിൽ ഒരുമിച്ച് പരിശീലനം നടത്തിയപ്പോൾ മികച്ച അന്താരാഷ്ട്ര താരമാകാൻ ജീവിതശൈലിയിലും ഫിറ്റ്നസിലും കർശനമായ അച്ചടക്കം വേണമെന്ന് കോഹ്‌ലി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനലിന് മുമ്പ് പേസർ ജോഫ്ര ആർച്ചർക്കെതിരായ മുൻ റെക്കോർഡുകൾ പലരും ഓർമിപ്പിച്ചിരുന്നുവെങ്കിലും അതൊന്നും തന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ലെന്ന് സഞ്ജു പറഞ്ഞു. പഴയ കണക്കുകളേക്കാൾ നിലവിലെ തയ്യാറെടുപ്പിലും ആത്മവിശ്വാസത്തിലുമായിരുന്നു തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലൻഡിനെതിരായ ഫൈനലിൽ ക്ഷമയോടെയും വ്യക്തമായ പദ്ധതിയോടെയുമാണ് ബാറ്റ് ചെയ്തതെന്ന് സഞ്ജു പറഞ്ഞു. മിച്ചൽ സാന്റ്നർക്കെതിരെ ഒരു ഓവറിൽ നാല് ഡോട്ട് പന്തുകൾ നേരിട്ടിട്ടും പരിഭ്രമിക്കാതിരുന്നത് തന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നുവെന്നും, അനുഭവം കളിയോടുള്ള സമീപനത്തെ കൂടുതൽ പക്വമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് വിജയത്തിൽ സഹതാരങ്ങളുടെ പങ്കും സഞ്ജു എടുത്തുപറഞ്ഞു. ഇഷാൻ കിഷന്റെയും ജസ്പ്രീത് ബുമ്രയുടെയും പ്രകടനങ്ങൾ ടീമിന് നിർണായകമായിരുന്നുവെന്നും കിരീടനേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Sanju Samson is focusing on his own decisions and enjoying his remaining cricket career. He has decided to prioritize his enjoyment over external opinions and the constant competition in Indian cricket.