Lucknow: India's Sanju Samson during a training session on the eve of the fourth T20 International cricket match of a series between India and South Africa, at Ekana Cricket Stadium, in Lucknow, Tuesday, Dec. 16, 2025. (PTI Photo/Ravi Choudhary)(PTI12_16_2025_000502A)
ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച സഞ്ജു സാംസണെ പുകഴ്ത്തിയും മുന്നറിയിപ്പ് നല്‍കിയും മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. വിക്കറ്റ് കീപ്പറായി ടീമിലേക്കുള്ള മടങ്ങി വരവില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച ശ്രീകാന്ത് സഞ്ജുവിന്‍റെ ചില ഷോട്ടുകള്‍ പ്രതിഭ വെളിവാക്കുന്നതാണെന്നും വ്യക്തമാക്കി. 'അഹമ്മദാബാദില്‍ സഞ്ജു അസാധ്യ പ്രകടനമാണ് പുറത്തെടുത്തത്. എന്തൊരിന്നിങ്സായിരുന്നു അത്. ചില സ്ട്രോക്കുകളൊക്കെ എടുത്ത് പറയേണ്ടത് തന്നെയാണ്. അടിക്കുമ്പോള്‍ തകര്‍പ്പന്‍ അടിയാണ് സഞ്ജുവിന്‍റേത്'- ശ്രീകാന്ത് പറഞ്ഞു. Also Read: 'രാജകുമാരനും' പുറത്ത്; 'ഗില്ലില്‍' നയം വ്യക്തമാക്കി ഗംഭീര്‍
അതേസമയം സഞ്ജു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ടെന്നും ശ്രീകാന്ത് സൂചിപ്പിച്ചു. 'സഞ്ജുവിനോട് എനിക്ക് പറയാനുള്ളത് 37 ല്‍ പുറത്താകാന്‍ നില്‍ക്കരുത്. അത് 73 ആയി മാറ്റണം. അങ്ങനെ ചെയ്താല്‍ ടീമില്‍ നിന്ന് ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല. ഈ മുപ്പതും നാല്‍പ്പതുമെല്ലാം ആളുകള്‍ വേഗം മറക്കും'- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍ സഞ്ജുവാണെന്നും ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിനെ തട്ടിക്കളിക്കുകയാണെന്നും ശ്രീകാന്ത് നേരത്തെ തുറന്നടിച്ചിരുന്നു. പതിനൊന്നാമനായി പോലും സഞ്ജുവിനെ ഇറക്കാന്‍ മടിക്കില്ലെന്നും ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.
അഹമ്മദാബാദിലെ സഞ്ജുവിന്‍റെ പ്രകടനം കൃത്യസമയത്തായിരുന്നു. തുടര്‍ച്ചയായി ഏഴു മല്‍സരങ്ങള്‍ പുറത്തിരുന്നശേഷം ലഭിച്ച അവസരത്തില്‍ സഞ്ജു തകര്‍ത്തടിച്ചു. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിച്ച സഞ്ജുവിനെ , ഗില്ലിന് പകരം സിലക്ടര്‍മാര്‍ ടീമിലെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ കളിക്ക് പിന്നാലെയാണ് ട്വന്‍റി20 ടീമിനെ പ്രഖ്യാപിച്ചത്.
സെപ്റ്റംബറിലാണ് അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറായി ഗില്‍ എത്തിയത്. പതിനഞ്ച് ഇന്നിങ്സുകള്‍ കളിച്ചെങ്കിലും ഒരു അര്‍ധ സെഞ്ചറി പോലും നേടാന്‍ ഗില്ലിനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയില്‍ വെറും 32 റണ്‍സാണ് ആകെ ഗില്‍ നേടിയത്. പിന്നാലെ കാല്‍ വിരലിന് പരുക്കേറ്റ് അവസാന മല്‍സരങ്ങള്‍ കളിച്ചതുമില്ല.
ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങിനെയും ശ്രീകാന്ത് പുകഴ്ത്തി. ഹാര്‍ദികിന്‍റെ ബാറ്റിങ് കണ്ടിരിക്കാന്‍ തന്നെ രസമായിരുന്നു. സൂര്യകുമാര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഉഷാറാകുമെന്നും ഏത് ടീമിനും പേടിസ്വപ്നമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.