ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ടെസ്റ്റ് ഏകദിന ടീം നായകന്‍ ശുഭ്മന്‍ ഗില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം വിവാദത്തിലായി. ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഗംഭീരവിജയം നേടിയ ടീം ഇന്ത്യ ആഗോളതലത്തില്‍ വലിയ പ്രശംസ പിടിച്ചുവാങ്ങുന്നതിനിടെയാണ് പുതിയ വിവാദം. മത്സരശേഷം ടീം ഇന്ത്യ ലോകകപ്പുമായി നില്‍ക്കുന്ന ചിത്രത്തില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയെന്നാണ് സോഷ്യല്‍മീഡിയ കണ്ടെത്തുന്നത്.
ലോകകപ്പുമായി നില്‍ക്കുന്ന ടീം ഇന്ത്യയുടെ ചിത്രത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് പിന്നിലായി സഞ്ജു സാംസണുണ്ടെന്നും എന്നാല്‍ ഗില്‍ പങ്കുവച്ച ചിത്രത്തില്‍ സഞ്ജു ഇല്ലെന്നുമാണ് ഉപയോക്താക്കളുടെ കണ്ടെത്തല്‍. ഗില്‍ മനപ്പൂര്‍വം ചിത്രം എഡിറ്റ് ചെയ്ത് സഞ്ജുവിനെ ഒഴിവാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
ഗില്ലിനെതിരെ എക്സിലും ഇന്‍സ്റ്റഗ്രാമിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യഥാര്‍ത്ഥ ചിത്രവും ഗില്‍ പങ്കുവച്ച ചിത്രവും ചേര്‍ത്തുവച്ചാണ് ഭൂരിഭാഗം ആരാധകരും പോസ്റ്റിട്ടത്. ഗില്ലിനെതിരെ കമന്റ് ബോക്സ് നിറയെ പ്രതിഷേധവാക്കുകള്‍ നിറഞ്ഞു. ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയാണ് സെലക്ടര്‍മാര്‍ സഞ്ജുവിനെ ടീമിലെടുത്തത്, ഇക്കാരണത്താലുള്ള പകവീട്ടലാണ് ഗില്ലിന്റേതെന്നാണ് സഞ്ജു ആരാധകരുടെ പക്ഷം.
മലയാളി ആരാധകരുള്‍പ്പെടെ ഗില്ലിനെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് ഇംഗ്ലിഷിലും മംഗ്ലിഷിലും പ്രതികരിക്കുന്നുണ്ട്. ‘കോപ്പേ ഉളുപ്പ് വേണം, waiting for your come back like our sanju, where is sanju, pathetic from shubman gill, എന്നിങ്ങനെയാണ് കമന്റുകള്‍.
അങ്ങേയറ്റം ദയനീയമായ പ്രവൃത്തിയാണ് ഗില്ലിന്റേതെന്നും ഈ നടപടി രണ്ട് ഫോര്‍മാറ്റിലേയും നായകന്റെ ഭാഗത്തുനിന്നാണെന്നത് കൂടുതല്‍ വേദനിപ്പിക്കുന്നുവെന്നുമാണ് ഒരു എക്സ് ഉപയോക്താവ് കുറിച്ചത്. എന്നാല്‍ ഗില്ലിന്റെ ഭാഗത്തുനിന്നും അത്തരമൊരു നീക്കം നടന്നിട്ടില്ലെന്നും ഒരേ വേദിയില്‍ നിന്നുള്ള വ്യത്യസ്ത ക്ലിക്കുകള്‍ മാത്രമാണതെന്നും ഒരു വിഭാഗം കണ്ടെത്തുന്നു.
കുല്‍ദീപ് യാദവ് ഈ രണ്ട് ചിത്രങ്ങളിലും വ്യത്യസ്ത പോസുകളില്‍ നില്‍ക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ഈ വാദം. ട്രോഫിയുടെ പൊസിഷനും സൂര്യകുമാര്‍ യാദവിന്റേയും തിലക് വര്‍മയുടേയും പൊസിഷനുമുള്‍പ്പെടെ ഇവിടെ ചര്‍ച്ചയാകുന്നുണ്ട്.