skip-ipl-gambhir-gill

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെ വെട്ടിയത് ഗംഭീറാണെന്ന വാര്‍ത്ത കേട്ടവര്‍ ആരും ആദ്യം വിശ്വസിച്ചില്ല. താര സംസ്കാരം ടീമിനുള്ളില്‍ വേണ്ടെന്ന പക്ഷക്കാരനാണ് അന്നും ഇന്നും ഗംഭീര്‍. പരുക്കേറ്റെങ്കിലും വൈസ് ക്യാപ്റ്റനായ ഗില്‍ ടീമിന് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചതേയില്ല. ട്വന്‍റി20 ഫോര്‍മാറ്റിലേക്ക് ഓപ്പണറായി മടങ്ങിയെത്തിയെങ്കിലും ഫോം കണ്ടെത്തനാവാതെ ഉഴറിയ ഗില്ലിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കളിച്ചാലും ഇല്ലെങ്കിലും ചിലരൊക്കെ ടീമില്‍ കാണുമെന്ന് മുന്‍ താരങ്ങളടക്കം തുറന്നടിക്കാനും തുടങ്ങി. പിന്നാലെയാണ് ട്വന്‍റി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഗില്‍ പുറത്തായത്. 

FILE PHOTO: India's Shubman Gill, in September. REUTERS/Satish Kumar/File Photo

FILE PHOTO: India's Shubman Gill, in September. REUTERS/Satish Kumar/File Photo

താരസംസ്കാരത്തില്‍ മുന്നോട്ട് പോയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഷോക്ക് ട്രീറ്റ്മെന്‍റായിരുന്നു ഗംഭീര്‍ കോച്ചായി എത്തിയ ശേഷം ആദ്യം നല്‍കിയത്. ഗില്ലിനെ പുറത്തിരുത്തിയതിനൊപ്പം ഇഷാന്‍ കിഷനെ ടീമിലേക്ക് മടക്കി വിളിച്ചതോടെ ബ്രാന്‍ഡല്ല,  പെര്‍ഫോമന്‍സിലാണ് കാര്യമെന്ന നയം ഒരിക്കല്‍ കൂടി ഗംഭീര്‍ ആവര്‍ത്തിക്കുകയാണ്. ആരും ടീമിനെക്കാള്‍ വലിയതല്ലെന്ന് മാനേജ്മെന്‍റും വ്യക്തമാക്കുന്നു. ടീമിന് ഗുണം ചെയ്യാത്തവരോട് മയമുണ്ടാകില്ലെന്ന് സാരം. 

തുടക്കം മുതലേ ട്വന്‍റി20യില്‍ അടിച്ചുകളിക്കുന്ന സഞ്ജുവിനെ തുടര്‍ച്ചയായി പുറത്തിരുത്തിയാണ് വൈസ്ക്യാപ്റ്റനായ ഗില്ലിനെ ഗംഭീര്‍ പ്രതിഷ്ഠിച്ചിരുന്നത്. ഗില്ലാവട്ടെ കടുത്ത സമ്മര്‍ദത്തില്‍പ്പെട്ട് റണ്‍സ് കണ്ടെത്താനാവാതെ കുഴങ്ങി. ഗില്ലിന് പരുക്കേറ്റ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്‍റി20യില്‍ കളിക്കാതിരുന്നതോടെ പകരം വീണ്ടുമിറങ്ങിയ സഞ്ജു പവര്‍പ്ലേയില്‍ അഭിഷേകുമൊത്ത് തകര്‍ത്തടിച്ചു. ടെക്നിക്കലി പെര്‍ഫെക്ടായ ഗില്ലിന് പകരം ഭയം ലേശമില്ലാതെ ബാറ്റ് ചെയ്യുന്ന സഞ്ജുവാണ് ട്വന്‍റി 20യില്‍ നല്ലതെന്ന് ഗംഭീര്‍ ഇതോടെ തീരുമാനിക്കുകയായിരുന്നു. റിങ്കു സിങിനെ ടീമിലെടുത്തതിനും ഇതേ നയം തന്നെ കാരണംം. 

sanju-samson-running

മൂന്ന് സൂപ്പര്‍സ്റ്റാറുകളും എട്ട് പിന്തുണക്കാരുമുള്ള ടീമിനെക്കാള്‍ നല്ലത് റിസ്കെടുക്കാന്‍ തയാറുള്ള, കഷ്ടപ്പെടാന്‍ പറ്റുന്ന 11 പേരാണെന്ന് രാജകുമാരനെ പുറത്തിരുത്തി ഗംഭീര്‍ വ്യക്തമാക്കുന്നുവെന്ന് വേണം മനസിലാക്കാന്‍. ഈ ടീമുമായി ഇന്ത്യ കിരീടം നേടിയാല്‍ താര സംസ്കാരത്തിന്‍റെ അവസാനം കുറിക്കാനുള്ള ഗംഭീറിന്‍റെ തീരുമാനം ചരിത്രം കുറിക്കും. മറിച്ചായാല്‍ ഗംഭീറിന് പുറത്തേക്കുള്ള വഴിയും തെളി‍ഞ്ഞേക്കും. 

ENGLISH SUMMARY:

In a bold move, Indian head coach Gautam Gambhir has excluded vice-captain Shubman Gill from the T20 World Cup squad. Prioritizing performance over brand value, Gambhir recalled Ishan Kishan and Rinku Singh, signaling the end of 'star culture.' The report highlights how Sanju Samson's aggressive batting in the South Africa series influenced Gambhir's decision to side with fearless players over technically perfect ones.