icc-code-of-conduct-sanju

ടി20 ലോകകപ്പിലെ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തില്‍ സഞ്ജു സാംസണാണ് ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി സെമിയിലെത്തിച്ചത്. 50 പന്തിൽ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു തകര്‍പ്പന്‍ ഫോമിലായിരുന്നു. നാളെ നടക്കാനിരിക്കുന്ന സെമിയിലും സഞ്ജുവിന്‍റെ മിന്നും പ്രകടനമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പക്ഷേ ടി20 ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ സഞ്ജു സാംസണെ വിലക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആശങ്കയിലായി. സെമി കളിക്കാതെ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുമോ?

വെസ്റ്റിൻഡീസിനെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷ പ്രകടനം സഞ്ജുവിന് വിനയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയറണ്‍ നേടിയതിന് പിന്നാലെ ഹെല്‍മെറ്റും ബാറ്റും നിലത്തിട്ട് പിച്ചില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ വൈകാരിക വിജയാഘോഷം. ഐസിസി കോഡ് ഓഫ് കൺഡക്റ്റ് പ്രകാരം ഇത് ക്രിക്കറ്റ് ഉപകരണങ്ങളുടെ ദുരുപയോഗമാണ്. മൈതാനത്ത് ഹെൽമെറ്റോ ബാറ്റോ എറിയുന്നത് അച്ചടക്കമില്ലായ്മയായാണ് ഐസിസി കണക്കാക്കുന്നത്.

ഒരു കളിക്കാരൻ തന്റെ ബാറ്റോ ഹെൽമെറ്റോ മൈതാനത്ത് എറിഞ്ഞാൽ അത് അനുചിതമായ പെരുമാറ്റത്തിന്റെ നിര്‍വചനത്തില്‍ വരും. ഇത്തരം പെരുമാറ്റത്തിനെതിരെ ഐസിസി കർശനമായ നിലപാടാണ് സ്വീകരിക്കാറ്. അമിതമോ പ്രകോപനപരമോ ആയ ആഘോഷങ്ങൾ, അസഭ്യം പറയല്‍, കളിയെ അപമാനിക്കുന്ന തരത്തിലുള്ള മറ്റ് പെരുമാറ്റങ്ങള്‍, അമ്പയർമാരോടുള്ള അനാദരം തുടങ്ങിയവയും കോഡ് ഓഫ് കോൺഡക്റ്റിന്‍റെ ലംഘനമായാണ് ഐസിസി കണക്കാക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കളിക്കാർക്ക് പിഴ, ഡീമെറിറ്റ് പോയിന്റ്, അല്ലെങ്കിൽ സസ്പെൻഷൻ തുടങ്ങിയ ശിക്ഷകള്‍ നേരിടേണ്ടിവരും.

സഞ്ജുവിന്‍റേത് ലെവൽ 1 കുറ്റമായി കണക്കാക്കാനാണ് സാധ്യത. അങ്ങിനെയെങ്കില്‍‌ മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളും കിട്ടും. എന്നാല്‍ ലെവൽ 2 കുറ്റമായി കണക്കാക്കിയാല്‍ വലിയ തുക പിഴയോ ഒരു മല്‍സരത്തില്‍ വിലക്കോ വരെ ഏര്‍പ്പെടുത്താം. ഗൗരവ സ്വഭാവമുള്ള ചട്ടലംഘനങ്ങളാണ് ലെവല്‍ ടൂവില്‍ ഉള്‍പ്പെടുക. സജ്ഞുവിന്റേത് ഇത്തരം ചട്ടലംഘനങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് സൂചന. മാച്ച് റഫറിയാണ് ചട്ടലംഘനമാണോ എന്നതും ആണെങ്കില്‍ ശിക്ഷയും തീരുമാനിക്കേണ്ടത്. സഞ്ജുവിന്റെ നിലവിലെ ഫോമും വിജയഘോഷത്തിന് പിന്നിലെ വൈകാരിക പശ്ചാത്തലവും ഉദ്ദേശ്യവും കണക്കിലെടുമ്പോള്‍ വലിയ ശിക്ഷ ലഭിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷയും.

നേരത്തെ സ്കോട്‌ലന്‍ഡ് താരം ജോര്‍ജ് മുന്‍സിക്ക് ഈ ലോകകപ്പില്‍ ഒരു ഡീ മെറിറ്റ് പോയന്റ് നല്‍കിയിരുന്നു. പുറത്തായശേഷം ഹെല്‍മറ്റ് എറിഞ്ഞതിനായിരുന്നു നടപടി. എന്നാല്‍‌ ഐസിസി മാച്ച് റഫറിമാർ വൈകാരിക ഘടകങ്ങള്‍ സാധാരണ കണക്കിലെടുക്കാറുണ്ട്. ദേഷ്യമോ നിരാശയോ കൊണ്ടല്ല മറിച്ച് ആഘോഷത്തിന്റെ ഭാഗമായി ഒരു കളിക്കാരൻ ഹെൽമെറ്റ് എറിഞ്ഞാൽ, പലപ്പോഴും അത് കണക്കിലെടുക്കാറില്ല. സഞ്ജു ഹെല്‍മറ്റ് എറിയുകയല്ല ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എങ്കിലും ഐസിസിയുടെ തീരുമാനം എന്താകുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്.

ENGLISH SUMMARY:

Indian fans are anxious as reports suggest Sanju Samson might face disciplinary action for his emotional celebration after the win against West Indies. Samson, who scored a brilliant 97, threw his helmet and bat on the pitch in a moment of prayer, which could be interpreted as 'abuse of cricket equipment' under the ICC Code of Conduct. If categorized as a Level 1 offense, Samson may face a match fee fine and demerit points; however, a Level 2 charge could lead to a one-match suspension. As of March 4, 2026, the ICC Match Referee is reviewing the incident, considering the emotional context of the celebration. With the high-stakes semi-final against England approaching on March 5, India's lineup depends on this crucial verdict. Stay updated on Sanju Samson’s eligibility and official ICC statements regarding the T20 World Cup 2026.*