ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരായ വിമര്‍ശനങ്ങള്‍ നിറയുന്നതിനിടെ വിവാദങ്ങള്‍ കൊഴുപ്പിച്ച് ഇതിഹാസ താരം കപില്‍ദേവ്. പരമ്പരാഗത രീതി വച്ച് നോക്കിയാല്‍ ഗൗതം ഗംഭീറിനെ കോച്ചെന്ന് വിളിക്കാന്‍ കഴിയില്ലെന്നും ടീം മാനേജറെന്ന് വിളിക്കുന്നതാകും കുറച്ച് കൂടി ചേരുകയെന്നും കപില്‍ ദേവ് പറഞ്ഞു. തുടര്‍ച്ചയായി കളിക്കാരുടെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റുന്നതും ടീമില്‍ ഇടം നല്‍കാത്തതുമടക്കമുള്ള ഗംഭീറിന്‍റെ രീതികള്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിെടയാണ് കപിലിന്‍റെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ഐസിസി സെന്‍റെനറി സെഷനില്‍ സംസാരിക്കവേയാണ് കപില്‍ ഇക്കാര്യം പറഞ്ഞത്. 

'ഇന്ന് കോച്ച് എന്നാണ് പറയുന്നത്. വളരെ പരിചിതമായൊരു പദമായി അതുമാറി. ഗൗതം ഗംഭീറിന് കോച്ചാവാന്‍ കഴിയില്ല. ടീമിന്‍റെ മാനേജരായി വേണം കണക്കാക്കാന്‍'- കപില്‍ വ്യക്തമാക്കി. കോച്ച് എന്ന് പറയുമ്പോള്‍ അവര്‍ക്ക് നമ്മളെ മാനേജ് ചെയ്യാന്‍ കഴിയണം. സ്പെഷലൈസ്ഡ് കളിക്കാര്‍ ടീമിലുള്ളപ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് മുഖ്യപരിശീലകന്‍ ആകാന്‍ കഴിയുക? ഒരു വിക്കറ്റ് കീപ്പറിനും ലെഗ് സ്പിന്നറിനുമെല്ലാം ഗംഭീര്‍ എങ്ങനെയാണ് കോച്ച് ആവുകയെന്നും കപില്‍ ചോദ്യം ഉയര്‍ത്തി.  ടീം അംഗങ്ങളെ മാനേജ് ചെയ്യുകയെന്നതാണ് പ്രധാനം. അത്തരത്തില്‍ ടീം അംഗങ്ങളെ പ്രചോദിപ്പിക്കുക, ജയിച്ചുവരാന്‍ കഴിയുമെന്ന് കളിക്കാര്‍ക്ക് ധൈര്യം പകരുക, അതാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ടീമിനുള്ളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതും പ്രധാനമാണെന്നും ടീം അംഗങ്ങള്‍ക്ക് പ്രചോദനമേകുകയാണ് ക്യാപ്റ്റനും കോച്ചും ചെയ്യേണ്ടതെന്നും കപില്‍ദേവ് പറഞ്ഞു. താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ മികച്ച ഫോമിലുള്ളവരെ ആഘോഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ മോശം ഫോമിലുള്ളവരിലേക്കാണ് ശ്രദ്ധ പതിപ്പിച്ചതെന്നും കപില്‍ വെളിപ്പെടുത്തി. 'നന്നായി കളിക്കാനാവാതെ പ്രയാസപ്പെടുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. സെഞ്ചറി നേടിയൊരാള്‍ക്കൊപ്പം ‍ഞാന്‍ ഒരിക്കലും സല്‍ക്കാരത്തിന് പോയി ആഘോഷിക്കാന്‍ നില്‍ക്കില്ല'- അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Legendary Indian cricketer Kapil Dev sparked a fresh debate by stating that Gautam Gambhir should be called a 'Team Manager' rather than a 'Coach'. Speaking at the ICC Centenary Session, Kapil Dev questioned how Gambhir could coach specialized players like wicketkeepers or leg-spinners. He emphasized that in modern cricket, the primary role is to manage and motivate players, especially those struggling with form, rather than traditional coaching. Kapil's comments come amid ongoing criticism regarding Gambhir's decisions on batting order and team selections.