ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്ന് ശുഭ്മന്‍ ഗില്‍ പുറത്തെന്ന് സൂചന. കാല്‍പാദത്തിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം പുറത്തായതെന്നാണ് റിപ്പോര്‍ട്ട്. പകരം സഞ്ജു പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ട്വന്‍റി20 ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലിന് ഫോം വീണ്ടെടുക്കാന്‍ സാധിച്ചിട്ടേയില്ല. താരത്തിന്‍റെ പരുക്ക് ഭേദമായിട്ടില്ലെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടതിന് പിന്നാലെ നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയിലും വ്യക്തിഗതമായും മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. എന്നാല്‍ ട്വന്‍റി20യില്‍ താരത്തിന് ചുവടുപിഴച്ചു. ഏഷ്യാകപ്പില്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയ ഗില്ലിന് 15 ഇന്നിങ്സുകളില്‍ നിന്നായി 291 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചറി പോലുമെടുക്കാനും കഴിഞ്ഞിട്ടില്ല. തീര്‍ത്തും നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഈ ഗില്ലുമായി എങ്ങനെ കളിക്കുമെന്ന ചോദ്യമാണ് മുന്‍താരങ്ങള്‍ ഉയര്‍ത്തുന്നത്. നിലവിലെ പരുക്ക് ഭേദമായില്ലെങ്കില്‍ ട്വന്‍റി20 ലോകകപ്പില്‍ നിന്ന് താരം പുറത്തായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഗില്‍ പരുക്കേറ്റ് പുറത്താകുന്നതോടെ സഞ്ജു സാംസണ്‍ ഓപ്പണറായി മടങ്ങിയെത്തും. നേരത്തെ ഗില്‍ ടീമിലെത്തിയതോടെ ബാറ്റിങ് ഓര്‍ഡറില്‍ സഞ്ജുവിന് താഴേക്കിറങ്ങേണ്ടി വന്നിരുന്നു. ഓപ്പണറായി മൂന്ന് സെഞ്ചറികള്‍ ഒരു വര്‍ഷത്തില്‍ നേടിയിട്ടും ഗില്ലിന് വേണ്ടി സഞ്ജുവിനെ ബിസിസിഐ തഴഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഓപ്പണറായി മടങ്ങിയെത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായാല്‍ സഞ്ജുവിന് ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കാം.
ലക്നൗവില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന നാലാം ട്വന്‍റി20 മല്‍സരം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. പ്ലേയിങ് ഇലവനില്‍ സഞ്ജുവും ഉണ്ടായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നോണം ടോസ് പോലും ഇടാന്‍ കഴിയാതെയാണ് ഇന്നലെ മല്‍സരം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ബിസിസിഐയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അഞ്ചാമത്തെ മല്‍സരം നാളെ അഹമ്മദാബാദിലാണ് നടക്കുക