Image credit: PTI

Image credit: PTI

ദക്ഷിണാഫ്രിക്കയ്​ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഒരു വാക്കില്‍ പോലും അഭിനന്ദിക്കാന്‍ ഗൗതം ഗംഭീര്‍ തയാറാവാതിരുന്നതില്‍ പ്രതികരിച്ച് റോബിന്‍ ഉത്തപ്പ. കോച്ചായ ഗംഭീറിന്‍റെ പെരുമാറ്റം തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും വിചിത്രമായി തോന്നിയെന്നും യൂട്യൂബ് വിഡിയോയില്‍ ഉത്തപ്പ തുറന്നടിച്ചു. 'പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സ് എന്നെ അമ്പരപ്പിച്ചു. ഗംഭീര്‍ ഒരു വാക്കുകൊണ്ടുപോലും രോഹിത്തിനോ കോലിക്കോ ക്രെഡിറ്റ് കൊടുക്കുന്നത് ഞാന്‍ കണ്ടില്ല. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച പ്രകടനമാണ് ബാക് ടു ബാക് സെഞ്ചറിയുമായി കോലിയും മികച്ച പ്രകടനവുമായി രോഹിത്തും നടത്തിയത്. ഇന്ത്യന്‍ ടീമിനായി അവര്‍ക്കിനി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചവര്‍ക്കെല്ലാം ഉത്തരം കിട്ടിയല്ലോ. ഏറ്റവും മികച്ച ഫോമിലാണ് ഇരുവരും. അതുകൊണ്ട് തന്നെ വിചിത്രമായി തോന്നി'- ഉത്തപ്പ പറഞ്ഞു. മുതിര്‍ന്ന താരങ്ങളെ മനപ്പൂര്‍വം ഗംഭീര്‍ അവഗണിച്ചുവെന്നാണ് തനിക്ക് തോന്നുന്നെതന്നും മാച്ച് വിന്നിങ് പെര്‍ഫോമന്‍സ് പുറത്തെടുത്തിട്ടും ഇത്തരത്തില്‍ പെരുമാറുന്നത് മനസിലാവുന്നില്ലെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

കോലിയുടെയും രോഹിതിന്‍റെയും മികവില്‍ 2–1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് പരമ്പരയിലേറ്റ നാണക്കേട് തുടച്ച് നീക്കുന്നത് കൂടിയായി വിജയം. മൂന്ന് മല്‍സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചുകൂട്ടിയ കോലി പ്ലേയര്‍ ഓഫ് ദ് സീരിസായി. രോഹിത്താവട്ടെ 146 റണ്‍സുമായി വലിയ പങ്കാണ് വഹിച്ചതും. 

2027 ലെ ഏകദിന ലോകകപ്പ് ടീമില്‍ രോഹിതും കോലിയുമുണ്ടാകുമോ എന്ന് ചോദ്യമുയര്‍ന്നുവെങ്കിലും വാ തുറക്കാന്‍ ഗംഭീര്‍ തയാറായില്ല. ' ഏകദിന ലോകകപ്പ് ഇനിയും രണ്ടുവര്‍ഷം അകലെയാണ്. ഇപ്പോള്‍ ഉള്ളതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനം. അവരിരുവരും ലോകോത്തര നിലവാരമുള്ള കളിക്കാരാണ്. അവരുടെ സാന്നിധ്യം ഡ്രസിങ് റൂമിനും സുപ്രധാനമാണ്. ദീര്‍ഘകാലായി അവര്‍ അത് ചെയ്യുന്നുമുണ്ട്. അവരത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്'- എന്നായിരുന്നു ഗംഭീറിന്‍റെ മറുപടി. 

അതേസമയം, ഏകദിന റാങ്കിങിലും റോ–കോ മിന്നും ഫോമിലാണ്. രോഹിത് ശര്‍മയാണ് ഐസിസി റാങ്കിങില്‍ ഒന്നാമത്. കോലി രണ്ടാമതും. 2021 ല്‍ ബാബര്‍ അസം കോലിയെ മറികടന്ന് ഒന്നാമനായിരുന്നു. പിന്നീട് കോലിക്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് കോലി വീണ്ടും  പ്രതീക്ഷകള്‍ സജീവമാക്കിയത്. 

ENGLISH SUMMARY:

Former Indian cricketer Robin Uthappa openly criticized Coach Gautam Gambhir for not acknowledging Virat Kohli and Rohit Sharma in the post-match press conference following India's 2-1 ODI series victory against South Africa. Uthappa stated in a YouTube video that Gambhir's behavior "shocked" and "baffled" him, especially after Kohli scored back-to-back centuries and Rohit contributed significantly, effectively silencing critics about their future in the team. Kohli was named Player of the Series for his 302 runs. Gambhir, when asked about their participation in the 2027 World Cup, only vaguely mentioned their "world-class quality" but deliberately avoided direct praise, leading Uthappa to believe the seniors were purposefully ignored. The series win helped India overcome the previous Test series disappointment.