Cricket - Asia Cup - Group A - India v Oman - Sheikh Zayed Cricket Stadium, Abu Dhabi, United Arab Emirates - September 19, 2025 India's Sanju Samson before the match REUTERS/Satish Kumar
മലയാളി താരം സഞ്ജു സാംസണോട് ബിസിസിഐ കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മുന്‍താരം കൃഷ്ണമാചാരി ശ്രീകാന്ത്. ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിനെ തട്ടിക്കളിക്കുകയാണെന്നും ഓപ്പണറായി മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ മറ്റ് ചിലര്‍ക്ക് വേണ്ടി ഓര്‍ഡര്‍ മാറ്റിയെന്നും ശ്രീകാന്ത് പറയുന്നു. 'ഏറ്റവും ഭാഗ്യംകെട്ട കളിക്കാരന്‍ സഞ്ജുവാണ്. ഓപ്പണറായി സെഞ്ചറികളാണ് താരം അടിച്ചുകൂട്ടിയത്. ഇപ്പോള്‍ നോക്കൂ, മൂന്നു മുതല്‍ എട്ടുവരെയുള്ള സ്ഥാനത്ത് സഞ്ജുവിനെ കാണാം. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ സഞ്ജുവിനെ 11–ാമനായി ഇറക്കാനും അവര്‍ മടിക്കില്ല. ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇങ്ങനെയുള്ള പെരുമാറ്റമുണ്ടാകുമ്പോള്‍ സഞ്ജുവിനും പ്രയാസം തോന്നാം. പക്ഷേ മറ്റ് മാര്‍ഗമില്ല. മിണ്ടാതെ ചിരിച്ചുകാട്ടി,ടീം ആവശ്യപ്പെടുന്ന പൊസിഷനില്‍ കളിക്കുക മാത്രമാണ് മുന്നിലുള്ള വഴി'- ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഏഷ്യാകപ്പില്‍ അഞ്ചാമനായി ഇറങ്ങിയിട്ടും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനായി. ഇത് ശുഭസൂചനയാണ്. ട്വന്‍റി 20യില്‍ വിക്കറ്റ് കീപ്പറായി ആദ്യ പരിഗണന സഞ്ജുവിനാണെന്നതിനാല്‍ തന്നെ, മനസുവച്ചാല്‍ അഞ്ചാം സ്ഥാനം ഉറപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026ലെ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ അതേ പതിപ്പാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇപ്പോള്‍ കളിക്കുന്നതെന്നാണ് ശ്രീകാന്തിന്‍റെ വിലയിരുത്തല്‍. ഹര്‍ഷിത് റാണയ്ക്ക് പകരം ഹാര്‍ദിക് ടീമിലെത്തും. മൂന്ന് സ്പിന്നര്‍മാര്‍ ടീമില്‍ പതിവുള്ളതിനാല്‍ അര്‍ഷ്ദീപ് സിങിന് ലോകകപ്പ് നഷ്ടമായേക്കാമെന്നും വിഡിയോയില്‍ പറയുന്നു. അതേസമയം, ദുബെ കളിച്ചപ്പോഴെല്ലാം ഇന്ത്യന്‍ ടീം ജയിച്ചിട്ടുണ്ടെന്നതിനാല്‍ ആറാമനായി ദുബെയുണ്ടാകും. മീഡിയം പേസറായ ദുബെ ആവശ്യസമയങ്ങളില്‍ വിക്കറ്റ് വീഴ്ത്താറുണ്ടെന്നും ശ്രീകാന്ത് വിലയിരുത്തുന്നു. ഏറെക്കുറെ സന്തുലിതമായ ടീമാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്. പരിശീലനവും താളവും വീണ്ടെടുത്താല്‍ കപ്പ് ഇന്ത്യയ്ക്ക് തന്നെയെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.