Image Credit: PTI/X
ട്വന്‍റി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ ആയിരുന്നിട്ടും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാനാവാതെ അര്‍ഷ്ദീപ് സിങ്. അര്‍ഷ്ദീപിനെ മനപ്പൂര്‍വം ഒഴിവാക്കുകയാണെന്നും ഗംഭീറിന്‍റെ വ്യക്തിതാല്‍പര്യങ്ങളാണിതിന് പിന്നിലെന്നുമുള്‍പ്പടെ രൂക്ഷ വിമര്‍ശനമാണ് കോച്ച് ഗൗതം ഗംഭീറിനെതിരെ ആരാധകര്‍ ഉയര്‍ത്തുന്നത്. ഇടങ്കയ്യന്‍ ഫാസ്റ്റ് ബോളറായ അര്‍ഷ്ദീപിനെ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ബെഞ്ചിലിരുത്തിയിരുന്നു. പിന്നാലെ ഇന്നലെ ആരംഭിച്ച അഞ്ച് മല്‍സരങ്ങളുടെ ട്വന്‍റി 20 പരമ്പരയില്‍ ആദ്യമല്‍സരത്തിലും താരം പ്ലേയിങ് ഇലവന് പുറത്തായി. ഇതോടെയാണ് നീതികേടെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്. അവിശ്വസനീയമാണിതെന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍റെ പ്രതികരണം. ഇത്രയും മോശമായി കൈകാര്യം ചെയ്യപ്പെടേണ്ടയാളല്ല അര്‍ഷ്ദീപ് എന്നും കൂടുതല്‍ മികച്ചത് അര്‍ഹിക്കുന്നുവെന്നും പ്രിയാങ്ക് പഞ്ചാലും നിലപാട് വ്യക്തമാക്കി.
ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ ആയിട്ടും സ്ഥിരമായി ടീമില്‍ ഇടമില്ലാത്തത് എന്തുകൊണ്ടാണെന്നും ഗംഭീറിന് ഇത്ര കലിയെന്താണെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ നിറയുകയാണ്. തഴയാന്‍ മാത്രം അര്‍ഷ്ദീപ് എന്ത് തെറ്റ് ചെയ്തുവെന്നും ഹര്‍ഷിതിന് വേണ്ടി അര്‍ഷ്ദീപിന്‍റെ ഭാവി കളയുന്നുവെന്നുമെല്ലാം ആളുകള്‍ കുറിച്ചിട്ടുണ്ട്. ഗംഭീര്‍ കോച്ചായതിന് ശേഷം അര്‍ഷ്ദീപിന് മിസ്സായ മല്‍സരങ്ങളുടെ എണ്ണം പോലും ആരാധകര്‍ ട്വീറ്റായി ചേര്‍ത്തിട്ടുണ്ട്.
ഏഷ്യാക്കപ്പിലാവട്ടെ മുതിര്‍ന്നതാരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് അര്‍ഷ്ദീപിന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടായത്. നിലവില്‍ ബുംറയെയും ഹര്‍ഷിത് റാണയെയുമാണ് പേസര്‍മാരായി ഗംഭീറും സെലക്ടര്‍മാരും പ്രധാനമായും പരിഗണിക്കുന്നത്. സ്പിന്നിന് പ്രാമുഖ്യം വരുമ്പോള്‍ അക്സറും വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപും ഇടം പിടിക്കുകയും ചെയ്യും. എന്ത് തന്ത്രത്തിന്‍റെ പേരിലാണെങ്കിലും അര്‍ഷ്ദീപിനെ പോലെ പ്രതിഭാസമ്പന്നനായ ബോളറെ ബെഞ്ചിലിരുത്തുന്നത് ഭാവി നശിപ്പിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.
അര്‍ഷ്ദീപിന് പകരം ഹര്‍ഷിത് റാണയെ ടീം തിരഞ്ഞെടുക്കുന്നതിന് കാരണം ബാറ്റിങാണെന്നാണ് ആകാശ് ചോപ്രയുടെ വാദം. ബോളിങ് മികവൊന്നുമല്ല ഗംഭീര്‍ നോക്കുന്നതെന്നും എട്ടാമനായി ഇറങ്ങിയാലും പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പുള്ള ബോളറാണോ എന്നതാണ് മാനദണ്ഡമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ചോപ്ര ഇഎന്‍പിഎന്‍ ക്രിക്ഇന്‍ഫൊയില്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെ പരിഗണിക്കാന്‍ മാത്രം മെച്ചമല്ല ഹര്‍ഷിതിന്‍റെ ബാറ്റിങെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.