Image Credit: AFP (Left)
ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും സംപൂജ്യനായി മടങ്ങിയതിന് പിന്നാലെ വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ഗാലറിയെ നോക്കി കോലി തന്‍റെ ഗ്ലൗസ് ഉയര്‍ത്തിക്കാണിച്ചതും ആരാധകര്‍ എഴുന്നേറ്റ് നിന്ന് താരത്തെ യാത്രയാക്കിതും അഭ്യൂഹങ്ങള്‍ക്ക് ആക്കമേറ്റി. എന്നാലിതാ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയ്ക്ക് ചൂടുപിടിപ്പിക്കുകയാണ് മുന്‍ താരം ആര്‍. അശ്വിന്‍.
'ജസ്റ്റ് ലീവ് ഇറ്റ്' എന്നാണ് പ്രശസ്ത സ്പോര്ട്സ്വെയര് ബ്രാന്‍ഡ് നൈക്കിയുടെ ലോഗോ പങ്കുവച്ച് ജസ്റ്റ് ഡൂ ഇറ്റെന്ന ടാഗ്ലൈന് പകരം അശ്വിന്‍ കുറിച്ചത്. ഇന്ത്യന്‍ പതാകയുടെ നിറമാണ് അശ്വിന്‍ പങ്കുവച്ച ലോഗോയ്ക്കുള്ളത്. 'ഈ സന്ദേശം കോലിക്കുള്ളതാണോ' എന്നാണ് പോസ്റ്റിന് ചുവടെ ആരാധകര്‍ കുറിച്ചത്. 'ലീവ് ഇറ്റെന്ന് കുറിച്ചത് വിരമിക്കലിനെ ആണോയെന്നും? ഇന്ത്യന്‍ പതാക– രാജ്യാന്തര ക്രിക്കറ്റിനെ കുറിക്കുന്നോ'യെന്നും ആരാധകര്‍ 'ഡീ കോഡ്' ചെയ്യുന്നു. ആരാധകര്‍ ആശങ്കയോടെ കമന്‍റുകള്‍ ഇടുന്നുണ്ടെങ്കിലും അശ്വിന്‍ പ്രതികരിച്ചിട്ടില്ല.
കോലിക്കേറെ പ്രിയപ്പെട്ട അഡ്ലെയ്ഡില് നാല് പന്തുകള്‍ നേരിട്ടെങ്കിലും റണ്‍സൊന്നും എടുക്കാതെ കോലി മടങ്ങി. കോലിയും ഗില്ലും തുടക്കത്തിലേ പുറത്തായെങ്കിലും രോഹിതും ശ്രേയസും അക്സറുമെല്ലാം ചേര്‍ന്ന് 264 എന്ന ഭേദപ്പെട്ട സ്കോര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചു. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ് തകര്‍ത്തു കളിച്ചതോടെ ജയവും പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടം.
ഓസീസ് പര്യടനത്തിന് മുന്നോടിയായി തന്നെ രോഹിതിനെയും കോലിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. പ്രകടനം മാത്രമാകും ടീമില്‍ ഇടം കണ്ടെത്തുന്നതിന്‍റെ അടിസ്ഥാനമെന്നായിരുന്നു മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിന്‍റെ പ്രതികരണം. കളിക്കാന്‍ തുടങ്ങിയാല്‍ ഇരുവരെയും അതിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമെന്നും പരീക്ഷണാടിസ്ഥനത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം എന്‍ഡിടിവിയുടെ വേള്‍ഡ് സമ്മിറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇരുവരും സ്കോര്‍ ചെയ്തില്ലെങ്കില്‍ 2027 ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം കാണില്ലെന്ന് അതിന് അര്‍ഥമില്ലെന്നും , ഓസീസ് പര്യടനത്തില്‍ മൂന്ന് സെഞ്ചറി വീതം അടിച്ചാല്‍ അതുകൊണ്ട് 2027ലെ ടീമില്‍ ഇടം പിടിക്കാമെന്നും അര്‍ഥമില്ലെന്നും അഗാര്‍ക്കര്‍ വിശദീകരിച്ചിരുന്നു.