സൂപ്പര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കളി കാണാന്‍ ആവേശത്തില്‍ കാത്തിരിക്കുകയാണെന്നും അതിനാല്‍ ഏകദിന പരമ്പരയിലെ മല്‍സരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ബിസിസിഐയോട് ആവശ്യപ്പെട്ട് വിദേശ ബോര്‍ഡുകള്‍. 2026ല്‍ വിദേശ പര്യടനത്തില്‍ നിശ്ചയിച്ചിരിക്കുന്ന മല്‍സരങ്ങളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ബോര്‍ഡുകള്‍ ബിസിസിഐയെ സമീപിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് ബോര്‍ഡുകളുടെ പക്ഷം.
ടെസ്റ്റില്‍ നിന്നും ട്വന്‍റി20യില്‍ നിന്നും വിരമിച്ച രോഹിതും കോലിയും നിലവില്‍ ഏകദിനങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെ ഇരുവരും എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുമെന്നാണ് കരുതുന്നതും.
സാധാരണഗതിയില്‍ ട്വന്‍റി 20 മല്‍സരങ്ങളാണ് ആളുകളെ ആകര്‍ഷിക്കുന്നതും സാമ്പത്തികമായി ലാഭകരമെന്നുമാണ് കണക്ക്. എന്നാല്‍ ഏകദിനങ്ങളില്‍ പ്രത്യേകിച്ചും രോഹിതും കോലിയും കളിക്കുന്ന മല്‍സരങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. സ്വദേശത്തായാലും വിദേശത്തായാലും ഇരുവരുടെയും കളി കാണാന്‍ ആരാധകര്‍ ഇരച്ചെത്തുമെന്നാണ് ബോര്‍ഡുകളുടെ കണക്ക് കൂട്ടല്‍.
മൂന്ന് മല്‍സരങ്ങളുടെ പരമ്പരയ്ക്കായി ക്രിക്കറ്റ് അയര്‍ലന്‍ഡ് ബിസിസിഐയെ സമീപിച്ചു. എന്നാല്‍ ഇത് ട്വന്‍റി20 മല്‍സരമാണോ അതോ ഏകദിനമാണോ എന്നതില്‍ അന്തിമതീരുമാനമായിട്ടില്ല. മാത്രവുമല്ല, ഈ മല്‍സരങ്ങള്‍ അയര്‍ലന്‍ഡില്‍ വച്ചാകുമോ അതോ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ വച്ചാകുമോ നടത്തുകയെന്നതിലും തീരുമാനം പുറത്തുവന്നിട്ടില്ല.
ഇംഗ്ലണ്ട് പരമ്പരയില്‍ നിലവില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി20 മല്‍സരങ്ങളുമെന്നാണ് അവര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോലിയുടെയും രോഹിതിന്‍റെയും ടീമിനൊപ്പം യുകെയിലേക്കുള്ള അവസാന യാത്രയാകുമെന്നതിനാല്‍ ഏകദിനങ്ങള്‍ അഞ്ചായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആകെ പത്ത് കളികളോ അല്ലെങ്കില്‍ ട്വന്‍റി 20 മല്‍സരങ്ങള്‍ മൂന്നായി ചുരുക്കുകയോ വേണമെന്നാണ് ആവശ്യം.
ഓഗസ്റ്റിലാണ് ഇന്ത്യ–ശ്രീലങ്ക മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ വച്ച് രണ്ട് ഡേ– നൈറ്റ് ആയി രണ്ട് ടെസ്റ്റ് മല്‍സരങ്ങളാകും നടക്കുക. എന്നാല്‍ ഇതിനൊപ്പം ഏകദിന മല്‍സരങ്ങള്‍ കൂടി നടത്താന്‍ കഴിയുമോ എന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യര്‍ഥന. ജനുവരിയില്‍ പരമ്പര നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ഇത് പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു.
ബംഗ്ലദേശ്– അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മല്‍സരങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ മറ്റ് ബോര്‍ഡുകളുമായി ബിസിസിഐ ധാരണയിലെത്താനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ന്യൂസീലന്‍ഡിനോട് ഹോം സീരിസില്‍ തോറ്റ ഇന്ത്യയ്ക്ക് ലോകകപ്പ് അടുത്തിരിക്കെ ഏകദിനങ്ങളില്‍ കൂടുതല്‍ പരിശീലനം ലഭിക്കുന്നതിനാകും കോച്ച് മുന്‍ഗണന നല്‍കുക.
ന്യൂസീലന്‍ഡിലേക്ക് ഓള്‍ ഫോര്‍മാറ്റിനായാണ് ഇന്ത്യ തയാറെടുക്കുന്നത്. രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ട്വന്റി 20 എന്നിങ്ങനെയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അഞ്ച് ഏകദിനങ്ങളാക്കി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ന്യൂസീലന്‍ഡും ബിസിസിഐയോട് അഭിപ്രായം തേടിയിട്ടുണ്ട്.