ഹസ്തദാന വിവാദം നിറഞ്ഞ് നില്‍ക്കുന്നതിനിടെ പാക് ക്രിക്കറ്റ് താരത്തെ ആലിംഗനം ചെയ്ത് ഇന്ത്യയുടെ സൂപ്പര്‍താരം ജമീമ റോഡ്രിഗസ്. 'ദ് ഹണ്ട്രഡ്' ലീഗിനിടെ പാക് താരം ഫാത്തിമ സനയെ ജമീമ ആലിംഗനം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സതേണ്‍ ബ്രേവ്– ബിര്‍മിങാം ഫീനിക്സ് മല്‍സരം പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ഗ്രൗണ്ടിലെ സ്നേഹ പ്രകടനം. അതിവേഗം വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് താരങ്ങളുമായി ഹസ്തദാനം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ നിര്‍ത്തലാക്കിയത്. പക്ഷേ ലീഗ് മല്‍സരത്തിന് പിന്നാലെ ഇരു ടീമുകളിലെ താരങ്ങളും ഹസ്തദാനം ചെയ്തതോടെ ഫാത്തിമയും സനയും കൈ കൊടുക്കുകയും ചെയ്തു.
സമ്മിശ്ര പ്രതികരണമാണ് ജമീമയുടെ വിഡിയോയ്ക്ക് ചുവടെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ക്രിക്കറ്റിന്‍റെ സ്പിരിറ്റാണ് കളിക്കളത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് പലരും കമന്‍റ് ചെയ്യുമ്പോള്‍ ജമീമയെ അപമാനിക്കുന്ന കമന്‍റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. രാജ്യത്തെ അപമാനിച്ചുവെന്നും പാക്കിസ്ഥാനികളെ പോലെ തരംതാഴരുതെന്നും കമന്‍റുകളുണ്ട്. എന്നാല്‍ ബിസിസിഐ അല്ല മല്‍സരം സംഘടിപ്പിക്കുന്നതെന്നും കപട രാഷ്ട്രീയം കളിക്കളത്തില്‍ നിന്ന് അകറ്റുകയാണ് വേണ്ടതെന്നും നല്ല മാതൃകയാണ് ഇരുവരും കാണിച്ചതെന്നും പ്രതികരിക്കുന്നവരും കുറവല്ല.
'ദ് ഹണ്ട്രഡില്‍' സതേണ്‍ ബ്രേവിനായാണ് ജമീമ കളിക്കുന്നത്. 18 പന്തില്‍ നിന്ന് 28 റണ്‍സ് ജമീമ നേടിയപ്പോള്‍ ഫാത്തിമയ്ക്ക് നിരാശാജനകമായ തുടക്കമായിരുന്നു ലഭിച്ചത്. കളിയില്‍ സതേണ്‍ ബ്രേവ് 24 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത സതേണ്‍ ബ്രേവ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഫീനിക്സിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.