ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കാന്‍ കാരണം ബിസിസിഐയിലെ 'രാഷ്ട്രീയക്കളി'യെന്ന് വെളിപ്പെടുത്തല്‍. ഇതിഹാസ താരമായ കഴ്സന്‍ ഗാവ്​റിയുടേതാണ് കോളിളക്കം സൃഷ്ടിക്കുന്ന തുറന്ന് പറച്ചില്‍. കോലിയും രോഹിതും ടെസ്റ്റില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇംഗ്ലണ്ട് പര്യടനത്തില്‍ ഉണ്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നതെന്നും ഗാവ്​റി പറയുന്നു. എന്നാല്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിന് ഇതില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഇരുവരെയും ടെസ്റ്റ് ക്രിക്കറ്റിന്  പുറത്തടിച്ചത് അഗാര്‍ക്കറിന്‍റെ കുടിലബുദ്ധിയാണെന്നും ഗാവ്​റി ആരോപിക്കുന്നു.

'രണ്ട് വര്‍ഷം കൂടിയെങ്കിലും കോലി ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നേനെ. ദൗര്‍ഭാഗ്യവശാല്‍ കോലി വിരമിച്ചു.  ആ തീരുമാനം അടിച്ചേല്‍പ്പിക്കപ്പെട്ടതായിരുന്നു. ബിസിസിഐയാവട്ടെ അര്‍ഹിക്കുന്ന ഒരു വിടവാങ്ങല്‍ പോലും നല്‍കിയില്ല. ബിസിസിഐക്കും രാജ്യത്തിനും അത്രയധികം സംഭാവനകള്‍ നല്‍കിയ താരങ്ങള്‍ മാന്യമായ വിടവാങ്ങലെങ്കിലും തിരികെ അര്‍ഹിക്കുന്നുണ്ട്'- ഗാവ്​റി പറഞ്ഞു. 

ബിസിസിഐക്കുള്ളിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണം. എങ്ങനെയാണ് അതെന്ന് പിടികിട്ടുന്നതേയില്ല. കോലിയും രോഹിതും സമയമെത്തുന്നതിന് മുന്‍പ് വിരമിച്ചു. അവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയായിരുന്നില്ല അവര്‍ പോകേണ്ടിയിരുന്നത്. അവര്‍ക്ക് തുടരാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും വ്യത്യസ്തമായ ആശയമായിരുന്നു, തരംതാണ ചില രാഷ്ട്രീയം'- മുന്‍താരം തുറന്നടിച്ചു.

India's captain Virat Kohli stands on the field for the national anthems during day one of the first Test cricket match between New Zealand and India at the Basin Reserve in Wellington on February 21, 2020. (Photo by Marty MELVILLE / AFP)

India's captain Virat Kohli stands on the field for the national anthems during day one of the first Test cricket match between New Zealand and India at the Basin Reserve in Wellington on February 21, 2020. (Photo by Marty MELVILLE / AFP)

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. 14 വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 40 തവണയാണ് ടീം വിജയം നേടിയത്. ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയവും (2018–19 ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി) കോലിയുടെ നായകത്വത്തിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോലിക്ക് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനായില്ലെന്നത് വസ്തുതയാണ്. എന്നാല്‍ വിരമിക്കാനുള്ള സമയം ആയിരുന്നില്ല. 

രോഹിത് ശര്‍മ

ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ തനിക്ക് നാലഞ്ച് സെഞ്ചറിയെങ്കിലും അടിക്കണമെന്ന് കോച്ചിനോട് കോലി ആഗ്രഹം പറയുകയും ചെയ്തു. രോഹിതാവട്ടെ ഐപിഎലിനിടെ മൈക്കല്‍ ക്ലാര്‍കിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ഇംഗ്ലണ്ട് പര്യടന മോഹവും മറച്ചുവച്ചിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കകം വന്ന വിരമിക്കല്‍ വാര്‍ത്തയില്‍ അന്നേ ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് തന്‍റെ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്. രണ്ട് ദിവസം കഴിഞ്ഞതിന് പിന്നാലെ വിരമിക്കാന്‍ താല്‍പര്യപ്പെടുന്നതായി കോലി ബിസിസിഐയെ അറിയിക്കുകയും 48 മണിക്കൂറിനുള്ളില്‍ രോഹിതിന്‍റെ അതേ പാത പിന്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെ കോലിയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗാവ്​റിയുടെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്നതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് മുന്‍പ് രോഹിതും കോലിയും നല്‍കിയ അഭിമുഖങ്ങളും അവരോട് അടുത്തവൃത്തങ്ങളുടെ വെളിപ്പെടുത്തലുകളും.

ENGLISH SUMMARY:

Virat Kohli retirement was allegedly forced due to BCCI politics, according to Karsan Ghavri. He claims both Kohli and Rohit Sharma wanted to continue playing Test cricket but were pressured to retire prematurely.