ishan-hardik-bcci

ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും സൗഹൃദസംഭാഷണത്തില്‍

  • ഇന്ത്യന്‍ ക്രിക്കറ്റിലെ മെന്‍റര്‍ ഹാര്‍ദിക്
  • ഇഷാന്‍ കിഷന്‍റെ തിരിച്ചുവരവില്‍ വലിയ പങ്ക്
  • ഒഴിവാക്കപ്പെട്ട സമയത്ത് ഒപ്പം നിന്നത് അനുസ്മരിച്ച് ഇഷാന്‍

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമില്‍ മടങ്ങിയെത്തിയ ഇഷാന്‍ കിഷന്‍ വെറും ആറ് മല്‍സരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നെടുംതൂണായി. ന്യൂസീലാന്‍ഡിനെതിരായ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇഷാന്‍ ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ വേഗം പുറത്തായെങ്കിലും നമീബിയയ്ക്കെതിരെ തകര്‍ത്തടിച്ചു. ഈ മല്‍സരത്തിനുശേഷം ബിസിസിഐ ചിത്രീകരിച്ച വിഡിയോയിലാണ് തിരിച്ചുവരവിനുവേണ്ടി നടത്തിയ ശ്രമങ്ങളും അതില്‍ പിന്തുണച്ചവരെയും ഇഷാന്‍ സ്മരിച്ചത്. ദുഷ്കരമായ സമയത്ത് ഏറ്റവും മാനസികപിന്തുണ നല്‍കിയ ഒരാള്‍ ഹാര്‍ദിക് പാണ്ഡ്യ ആണെന്ന് ഇഷാന്‍ പാണ്ഡ്യയോട് തന്നെ പറയുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഇപ്പോഴത്തെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഹാര്‍ദിക്കിന് കൂടി അവകാശപ്പെട്ടതാണെന്നും ഇഷാന്‍ തുറന്നുപറയുന്നു.

ishan-hardik-wc

നമീബിയയ്ക്കെതിരായ ലോകകപ്പ് മല്‍സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യ ഇഷാന്‍ കിഷനൊപ്പം

ഇഷാനെക്കുറിച്ച് ഹാര്‍ദിക് വിഡിയോയില്‍ പറയുന്നത് ഇങ്ങനെ: ‘നീ ഒരുപാട് കഠിനാധ്വാനം ചെയ്തു. നിശബ്ദനായി പിന്നണിയില്‍ നിന്ന് പരിശീലിച്ചു. അവസരങ്ങള്‍ കിട്ടാതെ വന്നപ്പോഴും പുഞ്ചിരിയോടെ നേരിട്ടു, പോസിറ്റിവായി ഇരുന്നു. അതാണ് ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം...’ ഇതിന് മറുപടിയായാണ് ഇഷാന്‍ ഹാര്‍ദിക്കിന്‍റെ റോള്‍ വെളിപ്പെടുത്തിയത്. ‘ഞാന്‍ നിശബ്ദനായിരുന്നുവെന്ന് ഹാര്‍ദിക് ഭായ് പറഞ്ഞു. സാധാരണ മിണ്ടാതിരിക്കാന്‍ കഴിയുന്ന ആളല്ല ഞാന്‍. പക്ഷേ ടീമില്‍ നിന്ന് പുറത്തായശേഷം പലപ്പോഴും ഞാന്‍ ഹാര്‍ദിക് ഭായിയെ വിളിക്കാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, ‘വെറുതേ ബഹളം വച്ചിട്ട് കാര്യമില്ല, നമ്മള്‍ നമ്മുടെ കയ്യിലുള്ളത് മാത്രം ചെയ്യുക’ എന്ന്. എന്‍റെ കയ്യിലുള്ളത് ക്രിക്കറ്റായിരുന്നു, എന്‍റെ കഴിവുകളായിരുന്നു. അത് ഞാന്‍ ഉപയോഗിച്ചു. അതിന്‍റെ ഫലമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അതില്‍ ഹാര്‍ദിക് ഭായിക്കും വലിയ പങ്കുണ്ട്.’ – ഇഷാന്‍ പറഞ്ഞു.

കഠിനാധ്വാനം എന്നാല്‍ മറ്റാരും ശ്രദ്ധിക്കാതിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന കാര്യമാണെന്ന് ഹാര്‍ദിക്കിന്‍റെ മറുപടി. ‘അതാണ്, അത് മാത്രമാണ് നമുക്ക് യഥാര്‍ഥത്തില്‍ ഗുണം ചെയ്യുക. ജീവിതത്തില്‍ എന്തുസംഭവിച്ചാലും ഒരു ക്രൈ ബേബി (കരയുന്ന കുട്ടി) ആകാതിരിക്കുക. എന്തുവന്നാലും രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുക, കഠിനമായി പ്രാക്ടീസ് ചെയ്യുക, തല താഴ്ത്തിവയ്ക്കുക, രാത്രി നന്നായി ഉറങ്ങുക. പിറ്റേന്നും രാവിലെ എഴുന്നേല്‍ക്കുക, കഠിനാധ്വാനം ചെയ്യുക... ഇതിന്‍റെ അര്‍ഥം ഇഷാന്‍ ശരിക്കും ഉള്‍ക്കൊണ്ടു. നീ നിന്‍റെ ബാറ്റ് കൊണ്ടും പ്രകടനം കൊണ്ടും സംസാരിച്ചു. അതില്‍ ഞാനും രാജ്യം മുഴുവനും അഭിമാനം കൊള്ളുന്നു.’ – പാണ്ഡ്യ പറഞ്ഞു.

നമീബിയയ്ക്കെതിരെ ഇഷാന്‍റെ ബാറ്റിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ബാറ്റ് ചെയ്തതെന്ന് ഹാര്‍ദിക് വെളിപ്പെടുത്തി. ‘ഇഷു നല്ലൊരു പ്ലാറ്റ്‌ഫോം സെറ്റ് ചെയ്തു. ആ വിക്കറ്റില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് ഇഷാന്‍ പറഞ്ഞുതരുന്നതുപോലെയാണ് അവന്‍റെ ബാറ്റിങ് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ക്രീസിലെത്തിയപ്പോള്‍ അത് ഉള്‍ക്കൊണ്ടു. അവന്‍ ബാറ്റ് ചെയ്ത രീതി ഓര്‍ത്തു. പിന്നെ എന്തുചെയ്യണമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.’ അതിന് ഇഷാന്‍റെ മറുപടിയും രസകരമായിരുന്നു. ‘ഞങ്ങള്‍ കുഞ്ഞുന്നാളില്‍ ഹാര്‍ദിക് ഭായിയെക്കണ്ട് പഠിച്ചു, ഇപ്പോള്‍ ഹാര്‍ദിക് ഭായ് ഞങ്ങളില്‍ നിന്ന് പഠിക്കുന്നു...’ പൊട്ടിച്ചിരിയായിരുന്നു ഹാര്‍ദിക്കിന്‍റെ പ്രതികരണം.

hardik-ishan-century

ഇഷാന്‍ കിഷന്‍ തിരുവനന്തപുരത്ത് സെഞ്ചറി നേടിയപ്പോള്‍ ഹാര്‍ദിക്കിന്‍റെ ആഘോഷം

ന്യൂസീലാന്‍ഡിനെതിരെ ഇഷാന്‍ സെഞ്ചറി നേടിയപ്പോള്‍ ക്രീസില്‍ ഇഷാനെക്കാള്‍ ആഹ്ളാദം പ്രകടിപ്പിച്ചത് ഹാര്‍ദിക് ആയിരുന്നു. അതേപ്പറ്റിയുള്ള ഇഷാന്‍റെ പരിഭവം പറച്ചിലും രസകരമായി. ‘ഹാര്‍ദിക് ഭായ്, അന്ന് സെഞ്ചറി തികച്ചപ്പോള്‍ എന്നെക്കാള്‍ സെലിബ്രേറ്റ് ചെയ്തത് നിങ്ങളാണ്. ടിവിയില്‍ കൂടുതല്‍ കാണിച്ചതും നിങ്ങളെയാണ്. അതേപ്പറ്റി എന്താണ് പറയാനുള്ളത്?’ അതിന് പാണ്ഡ്യയുടെ മറുപടി ഇങ്ങനെ: ‘എല്ലാവരോടുമായി പറയാം, അന്ന് ഞാന്‍ ഇവനോട് സോറി പറഞ്ഞിരുന്നു. അവനെ കാണിക്കേണ്ട സമയത്ത് ടിവിയില്‍ എന്നെ കാണിക്കാന്‍ ഇടയാക്കിയതിന്. പക്ഷേ ആസമയത്ത് അത്രയും സന്തോഷം തോന്നിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. അന്നത്തെ അവന്‍റെ ഓരോ ഷോട്ടും അത്രയും ആവേശമുണ്ടാക്കുന്നതും മനോഹരവുമായിരുന്നു. ആ സന്തോഷം നിറഞ്ഞുനില്‍ക്കുമ്പോഴാണ് സെഞ്ചറി കൂടി വന്നത്. പിന്നെ ഒന്നും മറച്ചുവയ്ക്കാനായില്ല.’ – ഹാര്‍ദമായി ഹാര്‍ദിക് പറഞ്ഞുനിര്‍ത്തി.

ishan-kishan

ഇഷാന്‍ കിഷന്‍ ഡല്‍ഹി അരുണ്‍ ജെയ്‍റ്റ്‍ലി സ്റ്റേഡിയത്തില്‍ പരിശീലനത്തില്‍

'Hardik Bhaiya Guided Me': Ishan Kishan Opens Up on Emotional Journey and Comeback:

In a heartwarming BCCI video, Ishan Kishan credited Hardik Pandya for his successful return to the Indian team after a two-year hiatus. Ishan revealed that during his time away from the squad, Hardik provided crucial mental support and taught him to focus on hard work rather than complaining. Hardik praised Ishan’s resilience and "silent" preparation, noting that the young opener’s aggressive form against Namibia served as an inspiration for his own batting. The duo also shared lighthearted moments, discussing their mutual learning process and Hardik’s exuberant celebration during Ishan’s recent century against New Zealand.