India's bowlers Mohammed Shami (L) and Jasprit Bumrah attend a training session at the Hampshire Bowl in Southampton on June 20, 2019, ahead of their 2019 World Cup cricket match against Afghanistan. (Photo by Saeed KHAN / AFP)
ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുടെ വരാനിരിക്കുന്ന രാജ്യാന്തര ടെസ്റ്റ് മല്‍സരങ്ങള്‍ക്കായുള്ള അന്തിമ ടീമിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മല്‍സരത്തോടെയാകും മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. ഇതിനുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കും. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ടീമില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച് അജിത് അഗാര്‍ക്കര്‍ തലവനായ സിലക്ഷന്‍ കമ്മിറ്റി ബിസിസിഐയുമായി നിര്‍ണായക യോഗം നിശ്ചയിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാസ്റ്റ് ബോളര്‍മാരെ തിരഞ്ഞെടുക്കുന്നതാകും യോഗത്തിലെ പ്രധാന അജണ്ട.
അന്‍ഷുള്‍ കംബോജ്, ഗൗര്‍നൂര്‍ ബ്രാര്‍ എന്നിവരെ കൂടാതെ രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച അക്വിബ് നബിയും ടീമില്‍ ഇടംപിടിച്ചേക്കും. അഫ്ഗാനെതിരെയാണ് മല്‍സരമെങ്കിലും മികച്ച ടീമിനെ തന്നെ പ്രഖ്യാപിക്കാനാണ് ബിസിസിഐയുടെ തീരുമാനം. അങ്ങനെയെങ്കില്‍ ഐപിഎല്‍ സീസണില്‍ മോശം തിളങ്ങാന്‍ കഴിയാതെ പോയെങ്കിലും ബുംറ ടീമിലുണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം രാജ്യാന്തര മല്‍സരങ്ങളൊന്നും കളിക്കാത്ത ഷമി വീണ്ടും പുറത്തിരിക്കേണ്ടി വരുമെന്നും സൂചനയുണ്ട്.
'അഫ്ഗാനാണ് എതിരാളിയെന്നതിനാല്‍ ടീമില്‍ കോംപ്രമൈസിന്‍റെ ആവശ്യമില്ല. ഏറ്റവും ബെസ്റ്റ് ലൈനപ്പാകും കളിക്കുക. സിറാജിന്‍റെ വര്‍ക്ലോഡ് വളരെയധികമാണ്. 2024 ഏപ്രിലിന് ശേഷം പ്രസിദ്ധ കൃഷ്ണ ഐപിഎല്‍ കളിച്ചിട്ടുമില്ല. നിതീഷ് റെഡിയ്ക്ക് കാര്യമായി സംഭാവന ചെയ്യാന്‍ കഴിയുമെന്നാണ് സിലക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. വര്‍ക്ലോഡ് മാനേജ്മെന്‍റ് കണക്കിലെടുക്കുമ്പോള്‍ എല്ലാ വശങ്ങളും ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നത് വ്യക്തമാണ്' എന്നായിരുന്നു ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഫ്ഗാനെതിരെ ഒടുവില്‍ ടെസ്റ്റ് മല്‍സരം കളിച്ചപ്പോഴും മുന്‍നിര പ്ലേയിങ് ഇലവന്‍ തന്നെയാണ് ഇറങ്ങിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് സൈക്കിള്‍ പ്രകാരം ഒന്‍പത് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് വരുന്ന ഒന്‍പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍ അഫ്ഗാനെതിരായ ടെസ്റ്റ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടില്ല.
കഴിവും മികച്ച പ്രകടനവും ഫിറ്റ്നസുമുണ്ടായിട്ടും ഷമിയെ പുറത്ത് നിര്‍ത്തുന്നതിനെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മനപൂര്‍വം ഷമിയെ തഴയുന്നുവെന്ന വിമര്‍ശനം താരത്തിന്‍റെ കോച്ച് ഉള്‍പ്പടെ ഉന്നയിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനായി കളിക്കണമെന്ന ആഗ്രഹം ഷമിയുടെ ഉള്ളില്‍ ഇപ്പോഴുമുണ്ടെന്നും അത് പ്രയോജനപ്പെടുത്താന്‍ സിലക്ടര്‍മാര്‍ തയാറാവണമെന്നും മുന്‍താരങ്ങളടക്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു.