ഹിറ്റ്മാന്‍ രോഹിത് ശര്‍മയോട് രാജ്യാന്തര ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ലോഡ്സിലേത് രോഹിതിന്‍റെ അവസാന രാജ്യാന്തര മല്‍സരമാകുമെന്ന് അറിയിച്ചതായുമുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് ബിസിസിഐ. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ലോഡ്സിലേത് രോഹിതിന്‍റെ വിരമിക്കല്‍ മല്‍സരമാകില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ പറഞ്ഞു. ഫോമില്‍ തുടരുന്നിടത്തോളം കാലം രോഹിത് കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'രോഹിതിന്‍റെ ഭാവിയെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലോഡ്സില്‍ രോഹിത് തന്‍റെ അവസാനമല്‍സരമാകും കളിക്കുകയെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല' –സാക്കിയ പിടിഐയോട് പ്രതികരിച്ചു. ഏകദിനടീമിന്‍റെ അവിഭാജ്യ ഘടകമാണ് രോഹിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.' ഇന്ത്യയുടെ എകദിന ടീമിലെ സ്ഥിരംതാരമാണ് രോഹിത്. അദ്ദേഹം കളിക്കുന്ന കാലത്തോളം രാജ്യത്തെ പ്രതിനിധീകരിക്കും. കുറച്ച് കൂടി വ്യക്തമാക്കിയാല്‍, ലോഡ്സ് ആവില്ല രോഹിതിന്‍റെ അവസാന വേദി'- സാക്കിയ പറഞ്ഞു.
2027 ലെ ഏകദിന ലോകകപ്പ് കളിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് രോഹിത് പലവട്ടം പരസ്യമാക്കിയിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും പതിനൊന്നും 26 ഉം റണ്‍സ് മാത്രമാണ് താരത്തിന് എടുക്കാനായത്. ഇതോടെയാണ് രോഹിതിന്‍റെ ഭാവിയെ കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക് നടത്തിയ അഭിപ്രായ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'രണ്ട് കളിയിയില്‍ രോഹിതിന് തിളങ്ങാനായില്ല, മികച്ച കളിക്കാനാണ് രോഹിത് എന്നതില്‍ സംശയമില്ല, പക്ഷേ ഭാവിയിലേക്ക് നോക്കുമ്പോള്‍ കടുത്ത സമ്മര്‍ദമുണ്ട്'- എന്നായിരുന്നു സിതാന്‍ഷു പറഞ്ഞത്.
മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് പരമ്പരയോടെ ടീമില്‍ നിന്നൊഴിവാക്കുകയാണെന്ന് ബിസിസിഐ രോഹിതിനോട് സംസാരിച്ചുവെന്നും ഇതില്‍ രോഹിത് അതൃപ്തി അറിയിച്ചുവെന്നുമായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചതും വിവാദമായിരുന്നു. നിര്‍ബന്ധിത വിരമിക്കലായിരുന്നു അതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. 2007 ജൂണില്‍ അയര്‍ലന്‍ഡിനെതിരെയാണ് രോഹിത് ശര്‍മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രോഹിത് കളിക്കുന്നത്.