ഓസീസ് പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്‍റെ മോശം പ്രകടനത്തില്‍ വ്യാപക വിമര്‍ശനം. ഫോമിലല്ലാത്ത താരമെന്ന നിലയിലും ടീമിനെ മെച്ചപ്പെടുത്താനാവാത്ത ക്യാപ്റ്റനെന്ന നിലയിലും രോഹിത് ശര്‍മയ്ക്കാണ് പഴിയേറെയും. താനായിരുന്നു സെലക്ടര്‍ എങ്കില്‍ രോഹിതിന്‍റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ക്യാപ്റ്റന്‍ സ്ഥാനം പണ്ടേ മാറ്റിയേനെയെന്നും സിഡ്നിയില്‍ ജസ്പ്രീത് ബുംറയാകും ക്യാപ്റ്റനെന്നും ഓസീസ് ബാറ്റിങ് ഇതിഹാസം മാര്‍ക്ക് വോ. രോഹിത് മികച്ച താരമാണെന്നതില്‍ തനിക്ക് തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഞാനായിരുന്നു സെലക്ടര്‍ എങ്കില്‍,  സെക്കന്‍റ് ഇന്നിങ്സിലും രോഹിത് മോശം പ്രകടനം തുടര്‍ന്നുവെങ്കില്‍, നിങ്ങളുടെ സേവനത്തിന് നന്ദി. നിങ്ങളൊരു ഇതിഹാസമാണെന്നും പക്ഷേ സിഡ്നിയില്‍ നമ്മള്‍ ബുംറയെ ക്യാപ്റ്റനാക്കുകയാണെന്നും' മുഖത്ത് നോക്കി പറഞ്ഞേനെ എന്നുമായിരുന്നു മാര്‍ക്ക് വോയുടെ വാക്കുകള്‍. ടീമിന് ഇപ്പോള്‍ വേണ്ടത് കരുത്തനായ ക്യാപ്റ്റനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മോശം പ്രകടനം രോഹിത് ശര്‍മയുടെ കരിയര്‍ തന്നെ തുലാസിലാക്കിയിരിക്കുകയാണ്. സിഡ്നിയിലേത് തന്‍റെ അവസാന രാജ്യാന്തര ടെസ്റ്റ് മല്‍സരമായിരിക്കുമെന്ന സൂചനകള്‍ താരവും നല്‍കിക്കഴിഞ്ഞു. ഓപ്പണറെന്ന നിലയില്‍ ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞ കുറച്ച് ടെസ്റ്റുകളില്‍ രോഹിതിനായിട്ടില്ല. ക്യാപ്റ്റനെന്ന നിലയിലും മെച്ചപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടായില്ല. അതേസമയം, ബുംറയാവട്ടെ, പെര്‍ത്തില്‍ ഇന്ത്യയെ കൂറ്റന്‍ ജയത്തിലേക്ക് നയിക്കുകയും കടുത്ത സമ്മര്‍ദത്തിനിടയിലും ഇതുവരെ 30 വിക്കറ്റുകള്‍ വീഴ്ത്തുകയും മോശമല്ലാത്ത ബാറ്റിങ് പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ബുംറയ്ക്ക് ടീമിനെ ഭയലേശമെന്യെ ടീമിനെ നയിക്കാനുള്ള ശേഷിയുണ്ടെന്നും മുന്‍താരങ്ങളടക്കം അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

ENGLISH SUMMARY:

If I were a selector now, it would depend on what happens in the second innings, but if he doesn't score runs... I'd be saying, 'Rohit, thank you for your service. You've been a great player, but we're going to bring in Jasprit Bumrah as captain for the SCG,'" said Australian batting great Mark Waugh