ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് സംഘത്തിന് കരുത്താകാന്‍ ആക്വിബ് നബി എത്തുന്നു. ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ താരമാണ് ആഖിബ് നബി. ടെസ്റ്റ് ടീമില്‍ എത്തുന്ന ആദ്യ താരവും ആഖിബ് നബി തന്നെ.  ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ജസ്പ്രീത് ബുംറ പരുക്കുകാരണം ഒഴിവായതോടെയാണ് നബിക്ക് വിളിയെത്തിയത്.

മണിക്കൂറില്‍ 130–135 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന നബി ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. അവസാന ഇലവനില്‍ ഉള്‍പ്പെടാന്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവരോടൊപ്പം നബിയും മല്‍സരിക്കും. 

കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമാകാത്തതുകാരണം  ബുംറ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവായത്. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ സീസണുകളിലായി 104 വിക്കറ്റ് നേടിയ നബി കഴിഞ്ഞ സീസണില്‍ മാത്രം 60 വിക്കറ്റ് നേടി. ജമ്മുകശ്മീരിനെ രഞ്ജി ചാംപ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പർവേസ് റസൂലിനും ഉംറാൻ മാലിക്കിനും ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തുന്ന മൂന്നാമത്തെ കശ്മീർ താരമാണ് നബി. 

റസൂലിനും മാലിക്കിനും ഏകദിന, ട്വന്‍റി 20 ടീമുകളിലാണ് അവസരം ലഭിച്ചത്.  ശ്രീലങ്കൻ പരമ്പര ഓഗസ്റ്റ് 15ന് ഗാലെയില്‍ തുടങ്ങും. പേശിവലിവ് കാരണം നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, വാഷിങ്ടണ്‍ സുന്ദർ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തയിരുന്നില്ല. അടുത്തിടെ ശ്രീലങ്കയിൽ നടന്ന ഇന്ത്യ എ ടീമിന്‍റെ പരമ്പരയ്ക്കിടെ പാദത്തിന് പരുക്കേറ്റ സായ് സുദർശൻ ആദ്യ ടെസ്റ്റില്‍ കളിക്കുമോയെന്ന് സംശയമാണ്.

ENGLISH SUMMARY:

Aqib Nabi is set to join the Indian pace attack in the absence of Jasprit Bumrah for the Test series against Sri Lanka. This makes him the third player from Jammu and Kashmir to represent India and the first in the Test team.