Image Credit: PTI
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഫുട്ബോള്‍ താരമെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ മാപ്പു പറഞ്ഞു. ആവേശവും ആള്‍ക്കൂട്ടവും കാരണം പറ്റിപ്പോയ പിഴവാണെന്നും ആത്മാര്‍ഥമായി താന്‍ ഖേദിക്കുന്നുവെന്നും എക്സ് പോസ്റ്റില്‍ രാം ചരണ്‍ കുറിച്ചു. ബുംറയുടെ വലിയ ആരാധകനാണ് താനെന്നും രാജ്യത്തിന്‍റെ അഭിമാനമാണ് ബുംറയെന്നും രാംചരണ്‍ പറയുന്നു.
പെഡ്ഡിയുടെ മ്യൂസിക് ലോഞ്ചിനായി ജാന്‍വി കപൂറിനും എ.ആര്‍.റഹ്മാനുമൊപ്പം എത്തിയപ്പോഴാണ് താരത്തിന് അബദ്ധം പിണഞ്ഞത്. മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെ കുറച്ച് ക്രിക്കറ്റ് താരങ്ങളുടെ പേര് പറഞ്ഞ ശേഷം അവരെ കുറിച്ച് പെട്ടെന്ന് ചിന്തയില്‍ വരുന്ന കാര്യം പറയാന്‍ ആവശ്യപ്പെട്ടു.
സച്ചിനെ ഇതിഹാസതുല്യ ജീവിതമെന്നും ധോണിയെ ശാന്തനും കൂളെന്നും വിരാട് കോലിയെ തീയെന്നും രോഹിത് ശര്‍മ എല്ലാവരുടെയും പ്രിയപ്പെട്ട ആളെന്നുമാണ് രാം ചരണ്‍ വിശേഷിപ്പിച്ചത്. ഇതിനിടെയാണ് ബുംറ അപ്പോള്‍ ആരാണ് എന്ന ചോദ്യം ഉയര്‍ന്നത്. മികച്ച ഫുട്ബോളര്‍ എന്നായിരുന്നു രാം ചരണിന്‍റെ മറുപടി. വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മീമുകളും നിറഞ്ഞു. ഇതോടെയാണ് താരം വിശദീകരണവും ഖേദപ്രകടനവും നടത്തിയത്.
അതേസമയം, ഐപിഎല്‍ ഈ സീസണില്‍ ബുംറയ്ക്ക് കാര്യമായി ശോഭിക്കാന്‍ കഴിഞ്ഞില്ല. ആവശ്യത്തിന് വിശ്രമം നല്‍കിയിട്ടും ബുംറയ്ക്ക് ഫോം കണ്ടെത്താന്‍ കഴിയാതിരുന്നത് മുംബൈയെ ആശങ്കപ്പെടുത്തുന്നുവെന്ന് കോച്ച് മഹേള ജയവര്‍ധനെയും സൂചിപ്പിച്ചു. 13 മല്‍സരങ്ങളില്‍ മുംബൈയ്ക്കായി ഇറങ്ങിയിട്ടും നാല് വിക്കറ്റുകള്‍ മാത്രമാണ് ബുംറയ്ക്ക് നേടാന്‍കഴിഞ്ഞത്. കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത പരുക്ക് താരത്തെ അലട്ടുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.