TAGS

തിരക്കില്‍ നിന്നൊക്കെ മാറി ഏകാന്തമായ ഒരു ഇടം. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള നിമിഷങ്ങള്‍. ശുദ്ധ വായു ശ്വസിച്ച്, ജൈവകൃഷിയൊക്കെ ചെയ്ത്, വെറും മണ്ണിലൂടെ ഇറങ്ങി നടക്കണം... പലരും ആഗ്രഹിക്കുന്ന കാര്യമാണ് ഇതൊക്കെ. പലപ്പോഴും തിരക്കേറിയ ജീവിതത്തില്‍ വെറും ആഗ്രഹമായി മാത്രം ഇതൊക്കെയും അവശേഷിക്കും. എന്നാല്‍, ഏറെ നാളായുള്ള  ആഗ്രഹം സാക്ഷാത്കരിക്കുക്കയാണ് തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍‌. 

രാംചരണിനും ഭാര്യയും സംരംഭകയുമായ ഉപാസന കാമിനേനി കൊനിഡേലയ്ക്കും സിനിമയ്ക്കു പുറമേ പല സംരംഭങ്ങളുമുണ്ട്. ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൈദരാബാദ് നഗരത്തിന്‍റെ തിരക്കില്‍ നിന്നൊക്കെ മാറി ഷെവെല്ല-മോകില പ്രദേശത്ത് ഈ ദമ്പതികൾ മനോഹരമായ ഒരു ഫാംഹൗസ് വാങ്ങിയിട്ടുണ്ട്. അഞ്ച് ഏക്കര്‍ വരുന്ന പ്രദേശത്ത് ഫാം ഹൗസിന്‍റെ നിര്‍മാണ പണികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 

സിനിമയുടെ തിരക്കില്‍ നിന്നൊക്കെ മാറി കുടുംബത്തിനൊപ്പം ഒഴിവു വേളകള്‍ പങ്കിടുവാന്‍ ഒരു സ്വകാര്യ വിശ്രമ കേന്ദ്രമായാണ് രാംചരണ്‍ ഫാം ഹൗസ് നിർമ്മിക്കുന്നത്. പ്രശസ്ത ഡിസൈനർമാര്‍ രൂപകൽപ്പന ചെയ്ത പ്രീമിയം ഇന്റീരിയറുകളില്‍ മനോഹരമായ താമസസ്ഥലം സൃഷ്ടിക്കാൻ ദമ്പതികൾ വലിയൊരു തുക ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം കുടുംബത്തിന് സ്വകാര്യതയും ശാന്തമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന തരത്തിലാണ് താരം ഫാം ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒപ്പം അഞ്ച് ഏക്കറില്‍ വലിയൊരു ഭാഗം ജൈവകൃഷിക്കായി ഉപയോഗിക്കാനും താരം പദ്ധതിയിടുന്നുണ്ട്. 

തെലുങ്ക് മെഗാ താരം ചിരഞ്ജീവിയുടെ മകന്‍ രാംചരണിനും ഭാര്യ ഉപാസനയ്ക്കും മൂന്നു കുട്ടികളാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച വാ‍ര്‍ത്ത പുറത്തുവന്നത്. കുടുംബത്തിനൊപ്പവും മൂന്നു വയസുകാരി മകള്‍ ക്ലിൻ കാര കൊനിഡെല്ക്കും ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം കുടുതല്‍ സമയം ചെലവഴിക്കാനുമാണ് പുതിയൊരു ഫാം ഹൗസ് താരം നിര്‍മിക്കുന്നത്. 

സ്പോർട്സ് ആക്ഷൻ ഡ്രാമയായി ഒരുക്കിയ പെദ്ധിയാണ് രാംചരണിന്‍റെ അവസാനം റിലീസായ ചിത്രം. ജാൻവി കപൂർ നായികയായി ഒരുക്കിയ ചിത്രം ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അല്ലു അര്‍ജുനെ നായകനാക്കി പുഷ്പ ഫ്രാഞ്ചൈസി ഒരുക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. 2018 ലെ സൂപ്പര്‍ ഹിറ്റ് ചിത്രം രംഗസ്ഥലത്തിനു ശേഷം രാംചരണും സുകുമാറും വീണ്ടും ഒന്നിക്കുകയാണ് ആര്‍സി 17 എന്നു താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ. 

ENGLISH SUMMARY:

Ram Charan Farmhouse is being built by Telugu superstar Ram Charan and his wife Upasana Konidela in a serene location away from the city's hustle. This luxurious farmhouse, spread across five acres, is designed to offer privacy and a peaceful environment for his family, including organic farming.