രാം ചരണ്‍ സിനിമ പെദ്ധി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജാന്‍വി കപൂര്‍ അവതരിപ്പിച്ച നായിക കഥാപാത്രത്തിനെതിരെയാണ് വലിയ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. നായികയുടെ അമിതമായ ശരീരപ്രദര്‍ശനവും നായികയെ അവതരിപ്പിച്ചിരിക്കുന്ന രീതി ശരിയല്ലെന്നുമാണ് വിമര്‍ശനമുയര്‍ന്നത്. ഇതോടെ സംവിധായകന്‍ ബുച്ചി ബാബു സേന ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുകയാണ് നടി നിത്യ മേനന്‍. 

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി ചിത്രീകരിക്കുന്നത് ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും അത് ചലച്ചിത്രമേഖലയിലുടനീളം കാണുന്ന പ്രവണതയാണെന്നും നിത്യ പറഞ്ഞു. സിനിമയുടെ അമിത വാണിജ്യവൽക്കരണത്തിലാണ് ഈ പ്രശ്നത്തിന്റെ വേരുകളെന്നും വെറൈറ്റി ഇന്ത്യയ്​ക്ക് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു. 

'വാണിജ്യപരമായി വിജയിക്കുന്നതും പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്നതുമായ എന്തും വൻ വിജയത്തിനായി പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്. അഭിനേതാക്കൾക്ക് യഥാർത്ഥത്തിൽ അതിർവരമ്പുകൾ ഉണ്ടായിരിക്കണം. അത്തരം രംഗങ്ങൾ ചെയ്യുന്ന വ്യക്തിക്ക് തങ്ങളെ ലൈംഗികവൽക്കരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ശക്തമായി പറയാൻ കഴിയണം. ഇത്തരം സാഹചര്യങ്ങളിൽ അഭിനേതാക്കൾ തീർത്തും നിസ്സഹായരല്ല. 

നിങ്ങൾ ഇത്തരത്തിലുള്ള വാണിജ്യ സിനിമകൾ ചെയ്യുകയും പെട്ടെന്നൊരു ദിവസം അതിനോട് യോജിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്താൽ, നിങ്ങളെ ഗൗരവമായി എടുത്തു എന്ന് വരില്ല. ഈ സാഹചര്യത്തിൽ നിങ്ങൾ നിസഹായരായിപ്പോകുമെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. നിങ്ങൾക്ക് സ്വന്തം നിലപാട് വ്യക്തമാക്കാം. അത് ആ വ്യക്തിയുടെ മുൻഗണന എന്തെന്നതിനെ ആശ്രയിച്ചിരിക്കുന്നു.

 

ചില കാര്യങ്ങൾ ചെയ്യാത്തതുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയാതെ പോകുന്ന സിനിമകളുണ്ട്. എന്നാൽ പ്രശസ്തിയെക്കാൾ ഞാൻ അത് തിരഞ്ഞെടുക്കുന്നതുകൊണ്ട് എനിക്ക് അതിൽ കുഴപ്പമില്ല. നിങ്ങൾക്ക് ഒരു മുൻനിര താരം ആകാൻ മാത്രമേ താല്പര്യമുള്ളൂവെന്നും അതിനായി എന്തും ചെയ്യാൻ തയ്യാറാണെന്നുമാണെങ്കിൽ, അത് നിങ്ങൾ എടുത്ത തീരുമാനമാണ്.' നിത്യ മേനന്‍ പറഞ്ഞു. 

ENGLISH SUMMARY:

Peddi movie controversy has sparked significant discussion on social media, with actress Nithya Menen offering her perspective on the objectification of women in cinema. She believes this is a broader industry issue, not limited to South Indian films, and stems from the over-commercialization of filmmaking.