Image Credit: PTI/ANI

  • പ്രേമാനന്ദ് മഹാരാജിന്‍റെ ജനപ്രീതി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അഞ്ച് കോടി നല്‍കി കോലിയെ ആശ്രമത്തിലെത്തിച്ചുവെന്നാണ് ആരോപണം

വൃന്ദാവനിലെ ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമത്തിലെ സന്ദര്‍ശകരാണ് സൂപ്പര്‍താരം വിരാട് കോലിയും ഭാര്യ അനുഷ്കയും.  പ്രേമാനന്ദ് മഹാരാജിന് മുന്നില്‍ ഭക്ത്യാദരങ്ങളോടെ ഇരുവരും ഇരിക്കുന്നതിന്‍റെ ചിത്രങ്ങളും മുന്‍പ് പുറത്തുവന്നിട്ടുണ്ട്. അടുത്തയിടെ താരം ആശ്രമത്തിലെത്തിയതിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അഞ്ചു കോടി രൂപ കൈപ്പറ്റിയാണ് കോലി ആശ്രമം സന്ദര്‍ശിച്ചതെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ ആരോപണം. എന്നാലിത് വാസ്തവ വിരുദ്ധമാണെന്ന് കോലിയുടെ വക്താവ് അറിയിച്ചു.ശ്രീ കൃഷ്ണ ജന്‍മഭൂമി സന്‍ഘര്‍ഷ് ന്യാസ് പ്രസിഡന്‍റായ ഫല്‍ഹരി മഹാരാജാണ് ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത്. പ്രേമാനന്ദ് മഹാരാജിന്‍റെ ജനപ്രീതി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അഞ്ച് കോടി നല്‍കി കോലിയെ ആശ്രമത്തിലെത്തിച്ചുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. 

'ഫല്‍ഹരി മഹാരാജ് ദിനേശ് ശര്‍മ കോലിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. തികഞ്ഞ ഭക്തിയോടെയും ആദരവോടെയും മാത്രമാണ് വിരാട് കോലി പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിക്കാനെത്തിയത്. മറിച്ചുള്ള വാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണം' എന്നാണ് വിരാട് കോലിയുടെ ടീം പുറപ്പെടുവിച്ച വിശദീകരണത്തിലുള്ളത്. പണം കൈപ്പറ്റിയാണ് വിരാടും അനുഷ്കയും ആശ്രമം സന്ദര്‍ശിച്ചതെന്നതിന് തെളിവൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.

കോലിയും അനുഷ്കയുമാവട്ടെ ആശ്രമത്തിലെ പതിവ് സന്ദര്‍ശകരുമാണ്. 2023 ജനുവരി നാലിനാണ് ഇരുവരും ഒന്നിച്ച് ആശ്രമത്തിലെത്തിയ ചിത്രങ്ങള്‍ ആദ്യമായി പുറത്തുവന്നത്. പിന്നീട് ഇത് പതിവായി.

പ്രേമാനന്ദ് മഹാരാജിന്‍റെ രാധാ കേളി കുഞ്ജ് ആശ്രമത്തിലെ അന്തേവാസിയായ റാസിക് ദുലാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉടലെടുത്തത്. കഴിഞ്ഞ മാസം 25നാണ് ദുലാരി ആശ്രമത്തിലെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്നതാണ് ദുരൂഹതയേറ്റിയത്. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ദുലാരി അനുഭവിച്ചിരുന്നോ എന്നത് മഥുര പൊലീസ് അന്വേഷിക്കുകയാണ്. ആശ്രമത്തിലെത്തുന്നതിന് മുന്‍പുള്ള ദുലാരിയുടെ ജീവിതവും മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയവയും വിശദമായി പരിശോധിക്കുന്നുണ്ട്. ദുലാരിയുടെ മരണവുമായി ബന്ധപ്പെട്ട് 85 ലേറെപ്പേരുടെ മൊഴി പൊലീസെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

Virat Kohli and his wife Anushka Sharma have visited the Vrindavan ashram of spiritual leader Premanand Maharaj several times, with their recent visit sparking controversy on social media. A claim was made that Kohli received ₹5 crore to visit the ashram, but his spokesperson strongly denied the allegation, calling it false, baseless and factually incorrect. Kohli’s team said the cricketer visited Premanand Maharaj solely with devotion and respect, and no evidence has emerged to support the claim that Kohli or Anushka were paid for the visit.