ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പറക്കുന്നതിനിടെ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹതയേറുന്നു. 182 പേരുമായി ഇസ്രയേലിലേക്ക് തിരിച്ച വിമാനം ജോര്‍ദാന്‍ അതിര്‍ത്തി പിന്നിട്ടതോടെയാണ് കോക്പിറ്റില്‍ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതും മാരകമായി മുറിവേല്‍പ്പിച്ചതും. നാടകീയ സംഭവങ്ങള്‍ക്കിടെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയിലെ തബൂക്കില്‍ ലാന്‍ഡ് ചെയ്യിക്കുകയുമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൈലറ്റുമാരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്തിരുന്നതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ വിഡിയോയോ പ്രതികരണങ്ങളോ, ചിത്രങ്ങളോ പോലും പുറത്തു വന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം അവര്‍ രണ്ടും ഓണ്‍ ഡ്യൂട്ടി പൈലറ്റുമാരായിരുന്നുവെന്ന് ഫ്ലൈ ദുബായ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നത്. Also Read: 'പ്രാര്‍ഥിക്കാന്‍ എഴുന്നേറ്റു, പിന്നാലെ എന്‍റെ തലയ്ക്ക് ആഞ്ഞടിച്ചു; കോക്പിറ്റ് രണ്ടുവട്ടം തുറന്നു, അവന്‍ വലിച്ചടച്ചു'! മച്ഛാറിന്‍റെ മൊഴി
17,000 അടിയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്‍റെ നിയന്ത്രണം പെട്ടെന്ന് ഏറ്റെടുത്ത് സുരക്ഷിതമായി സൗദിയിലെ തബൂക്കില്‍ നിലത്തിറക്കിയ ശേഷം ഈ പൈലറ്റുമാര്‍ എവിടെ പോയെന്നോ, എന്താണ് അവരുടെ വിവരമെന്നോ ഒരിടത്തും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടില്ല. വിമാനത്തിലെ മുന്‍സീറ്റുകളിലൊന്നില്‍ ഇരുന്നുവെന്ന് അവകാശപ്പെട്ട യാത്രക്കാരന്‍റെ വാക്കുകള്‍ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത് മാത്രമാണ് ഇത് സംബന്ധിച്ച് വന്ന വാര്‍ത്ത.
'അദ്ഭുതമാണ് സംഭവിച്ചത്. ടെല്‍ അവീവില്‍ നിന്ന് വിമാനം തിരിച്ച് ദുബായിലേക്ക് കൊണ്ടുപോകേണ്ടതിനാലാവണം അവര്‍ രണ്ടുപേര്‍ വിമാനത്തിലുണ്ടായിരുന്നത്. അല്ലാതെ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല'- ഡാനിയേല്‍ ഷില്‍ചര്‍ പറഞ്ഞു. എല്ലാ ഫ്ലൈറ്റിലും രണ്ട് അധിക പൈലറ്റുമാര്‍ സാധാരണ ഉണ്ടാവില്ല. അങ്ങനെ സംഭവിക്കുന്നത് അപൂര്‍വമാണെന്ന് വ്യോമയാന രംഗത്തുള്ളവരും പറയുന്നു. ഡെഡ് ഹെഡിങ് എന്നാണിങ്ങനെ സംഭവിക്കുന്നതിനെ വിശേഷിപ്പിക്കുന്നത്.
എന്താണ് ഡെഡ്ഹെഡിങ്?
ഒരു എയര്‍ലൈനിലെ പൈലറ്റുമാരോ മറ്റ് ജീവനക്കാരോ അവരുടെ ഡ്യൂട്ടിയുടെ ഭാഗമായി വിമാനത്തില്‍ യാത്രക്കാരായി സഞ്ചരിക്കുന്നതിനെയാണ് ഡെഡ് ഹെഡിങ് എന്ന് പറയുന്നത്. ഈ യാത്രകളില്‍ സാധാരണയായി പൈലറ്റുമാര്‍ വിമാനം പറത്തുകയോ മറ്റ് സേവനം ചെയ്യുകയോ ചെയ്യാറില്ല. അടുത്ത സര്‍വീസിന് ജീവനക്കാരെ എത്തിക്കാനോ, ദീര്‍ഘദൂര സര്‍വീസിന് ശേഷം ജീവനക്കാരെ അവരുടെ ഹോം ബേസിലെത്തിക്കാനോ ആണ് ഇത്തരത്തില്‍ യാത്ര അനുവദിക്കുന്നത്. ഫ്ലൈറ്റിന്റെ തിരികെയുള്ള യാത്രയില്‍ ടീമോടെ മാറ്റേണ്ടി വരുമ്പോള്‍ മാത്രമാണ് പൊതുവില്‍ രണ്ട് പൈലറ്റുമാരെ ഡെഡ്ഹെഡിങ് അനുവദിക്കുക. ഒന്നിലധികം പൈലറ്റുമാര്‍ക്ക് ഡെഡ് ഹെഡിങ് അനുവദിക്കുന്നതില്‍ സാങ്കേതിക തടസങ്ങളൊന്നുമില്ല.
വിമാനത്തില്‍ അന്ന് സംഭവിച്ചതെന്ത്?
ക്യാപ്റ്റന് കുത്തേറ്റ സംഭവത്തിന് പിന്നാലെ പൈലറ്റുമാര്‍ രണ്ടുപേര്‍ കോക്പിറ്റിലേക്ക് ചാടിക്കയറുകയും വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. 'സത്യത്തില്‍ യാത്രക്കാരായുണ്ടായ പൈലറ്റുമാരിലൊരാള്‍ കോക്പിറ്റിലേക്ക് ചാടിക്കയറുകയും നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. പിന്നാലെ അടുത്ത പൈലറ്റും കയറി. വാതില്‍ അടച്ചു. കോക്പിറ്റില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്നതിനായിരുന്നു ഇത്. ആരാണ് കോക്പിറ്റിലേക്ക് കയറിയതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസിലായില്ല. സത്യത്തില്‍ അദ്ദേഹം ഒരു ധീരനെപ്പോലെയാണ് അങ്ങനെ ചെയ്തത്. എന്താണ് നടന്നതെന്ന് കൃത്യമായി ധാരണയുള്ള ഒരാളെപ്പോലെയാണ് ആദ്യം പോയ പൈലറ്റ് പെരുമാറിയത്. സത്യത്തില്‍ ഞങ്ങളുടെ ജീവന് ക്യാപ്റ്റനോടെന്ന പോലെ അവരോടും കടപ്പാടുണ്ട്'- ഷില്‍ച്ചര്‍ കൂട്ടിച്ചേര്‍ത്തു.
കോക്പിറ്റിലേക്ക് കയറിയ പൈലറ്റുമാര്‍ യാത്രക്കാരുമായി ഒരുതരത്തിലുള്ള ആശയവിനിമയവും നടത്തിയില്ലെന്നും ഇനി ഇവര്‍ വിമാനം തട്ടിയെടുത്ത് എവിടേക്കേലും പോകുകയാണോ എന്ന് വരെ താന്‍ ഭയന്നുവെന്നും ഷില്‍ച്ചര്‍ വെളിപ്പെടുത്തി. പിന്നെയും 45 മിനിറ്റിന് ശേഷമാണ് വിമാനം തബൂക്കിലെത്തിയതെന്നും അപ്പോഴേക്കും തബൂക്കില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയാണെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും പൈലറ്റുമാര്‍ അനൗണ്‍സ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.