മാതാപിതാക്കൾ വാർധക്യത്തിലാകുന്നത് പ്രായമാകുമ്പോഴാണോ അതോ അവർ തനിച്ചാകുമ്പോഴാണോ? വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാക്കളുടെ ഏകാന്തതയും മാനസിക വിഷമങ്ങളും നടി ജോളി ചിറയത്ത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ വീണ്ടും ചര്‍ച്ചയാകുകയാണ്. 'ഒരുപാട് നാളുകൾക്കുശേഷം എല്ലാ മക്കളും വീട്ടിൽ ഒത്തുചേർന്നു, അവർക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചു എന്നാൽ സംഭവിച്ചത് മറ്റൊന്നാണെ'ന്ന് അവര്‍ സമൂഹമാധ്യമക്കുറിപ്പില്‍ എഴുതി.  

മക്കൾ വീട്ടിൽ വന്നപ്പോൾ, അവർ സുഹൃത്തുക്കളെയും തിരക്കുകളെയുമൊക്കെ മാറ്റിവെച്ച് തനിക്കൊപ്പം ചെലവഴിക്കണമെന്ന് ആഗ്രഹിച്ചു. ആരോടൊപ്പം ഒരുമിച്ച് പുറത്തുപോയി, അല്പം കറങ്ങി, സ്നാക്സ്, ജ്യൂസ്‌ ഒക്കെ കുടിച്ചു അവർക്കിഷ്ടമുള്ള മീനൊക്കെ വാങ്ങി, നല്ലൊരു അത്താഴം, കുറച്ച് ഡ്രിങ്ക്സ്, ഒരുപാട് സംസാരങ്ങൾ, ചിരികൾ ഒന്നിച്ചിരുന്നു ടീവിയിൽ ഒരു ഫിലിം അങ്ങനെയൊരു രാത്രിയായിരുന്നു മനസിലെന്ന് ജോളി പറയുന്നു.

പക്ഷേ, അപ്പോഴേക്കും അവരുടെ ഒരു സുഹൃത്ത് വന്നു. പിന്നെ അവരായി അവരുടെ ലോകമായി. പതിവുപോലെ താൻ വീണ്ടും ഒറ്റയ്ക്കായി. സങ്കടം അതുമാത്രമല്ല. ജീവിതത്തിൽ എപ്പോഴും എല്ലാവരുടെയും മുൻഗണനകളിൽ ഏറ്റവും അവസാനത്തെ ആളാണ് നമ്മളെന്ന തിരിച്ചറിവ് തരുന്ന ഒരു വേദനയുണ്ട്. ആ തിരിച്ചറിവ് വീണ്ടും ചില പഴയ മുറിവുകളിലേക്ക് കൊണ്ടുപോകുന്നു. ദാമ്പത്യജീവിതത്തിൽ അനുഭവിച്ച അതേ അവഗണനയും പ്രസക്തിയില്ലായ്മയും ഓർമ്മ വന്നുവെന്നും അവര്‍ വേദനയോടെ കുറിച്ചു.

എന്നാൽ മക്കളോട് പരിഭവമില്ലെന്നും ജോളി കൂട്ടിച്ചേർക്കുന്നു. അവർക്ക് അവരുടേതായ ലോകവും സൗഹൃദങ്ങളും ജീവിതവുമുണ്ട്. അതൊക്കെ മനസിലാകും. പക്ഷേ, ചിലപ്പോൾ തനിക്കും അവരോടൊപ്പം ഇരിക്കാനും ടിവിയിൽ  ഒരു സിനിമ കാണാനും വലിയ ആഗ്രഹം തോന്നാറുണ്ട്. അവരുടെ തിരക്കുകൾക്കിടയിൽ കുറച്ചുനേരമെങ്കിലും തനിക്കായി മാറ്റിവെക്കുന്ന ഒരു സമയം, ഒരു സാന്നിധ്യം, ഒരുമിച്ചിരുന്നുള്ള ഒരു ഭക്ഷണം.

ആരുടെയും ജീവിതത്തിൽ ഒന്നാമതാകണമെന്ന വാശിയില്ല. പക്ഷേ, എപ്പോഴെങ്കിലും അവരുടെ ജീവിതത്തിൽ താൻ ഒരു പ്രധാനപ്പെട്ട സാന്നിധ്യമാണെന്ന തോന്നൽ ചിലപ്പോഴൊക്കെ വേണം. ചില ഏകാന്തതകൾക്ക് കാരണം ആരുമില്ലാത്തതല്ല, കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ അടുത്തുണ്ടായിട്ടും ഒറ്റയ്ക്കായിപ്പോകുന്നതാണ് എന്നും ജോളി കുറിച്ചു. ഈ കാലത്ത് വീടുകളിൽ തനിച്ചായിപ്പോകുന്ന മാതാപിതാക്കളെല്ലാവരും നേരിടുന്ന മനസികാവസ്ഥയാണിതെന്നും ജോളി പറയുന്നു. 

ENGLISH SUMMARY:

Elderly loneliness in families is highlighted by actress Jolly Chirayath in her recent viral social media post about aging parents. The emotional distress of parents feeling neglected by busy children resonates deeply with modern societal challenges.