Image Credit:facebook

  • 'ലേശം മൊരിഞ്ഞ ബീഫും പൊറോട്ടയും എടുത്താലോ? കേരളം ഇനിയും ബീഫ് വില്‍ക്കും അത് ഫ്രൈ, റോസ്റ്റ്, സ്റ്റ്യൂ, കുറുമ, പെപ്പര്‍ ഫ്രൈ, ബീഫ് മഞ്ചൂരിയന്‍, ചില്ലി ബീഫ്, കപ്പയും ബീഫും, കപ്പ ബിരിയാണി എന്ന് വേണ്ട തോന്നുംപോലെ എല്ലാം ഉണ്ടാക്കി കഴിക്കുകയും ചെയ്യും'

കേരളത്തിലെ ഹോട്ടലുകളില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നുവെന്നും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഇടപെടണമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവിന് മലയാളികളുടെ പൊങ്കാല. സഞ്ജയ് ശര്‍മയെന്ന രാജസ്ഥാന്‍ സ്വദേശിയാണ് സമൂഹമാധ്യമങ്ങളില്‍ കേരളത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റ് ഇട്ടത്. 'കേരളത്തിലെ കൊച്ചിയില്‍ കണ്ട കാഴ്ച എന്‍റെ ഹൃദയം തകര്‍ത്തു. ഈ ഫോട്ടോ ഞാന്‍ കേരളത്തിലെ വഴിയോരത്ത് നിന്നും എടുത്തതാണ്. ബീഫ് ഒരു മറയുമില്ലാതെ റോഡ് സൈഡിലെ ഭക്ഷണശാലയില്‍ വില്‍ക്കുകയാണ്. ഹൈന്ദവ  പാരമ്പര്യത്തില്‍ അഭിമാനിക്കുകയും പശുവിനെ പരിശുദ്ധമായി കാണുകയും ചെയ്യുന്ന ഒരു രാജ്യത്തെ തെരുവുകളില്‍ ഇങ്ങനെ നടക്കുന്നുവെന്നത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇക്കാര്യം ഗൗരവമായി എടുക്കുകയും നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യവ്യാപകമായി നടപടി സ്വീകരിക്കുകയും വേണം. എല്ലാ സംസ്ഥാനങ്ങളിലും നമ്മുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കപ്പെടണം' എന്നായിരുന്നു കുറിപ്പ്. 

വലിയ വിമര്‍ശനമാണ് യുവാവിന്‍റെ പോസ്റ്റിന് താഴെ. 'ബീഫിന്‍റെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ യോഗിയുടെ ഉത്തര്‍പ്രദേശാണ്. 'അമ്മ'യെ കയറ്റുമതി ചെയ്യാന്‍ നാണമില്ലേ? അതും പാശ്ചാത്യര്‍ക്ക് ഭക്ഷണമാക്കാന്‍, ശ്ശെ വല്ലാത്ത ദുരവസ്ഥ തന്നെ. കുറച്ച് കൂടി മുന്നോട്ട് പോയാല്‍ നല്ല പോര്‍ക്കും കിട്ടും. വാങ്ങണേ' എന്നും ട്രെയിനിലാണോ നിങ്ങള്‍ കേരളത്തിലേക്ക് വന്നത് എന്നാല്‍ നിങ്ങളുടെ സന്‍സ്കാരി ഭയ്യമാരും തെക്കേയിന്ത്യയും തമ്മിലുള്ള വ്യത്യാസം അറിയാം. ഞാന്‍ കൊച്ചിയില്‍ ജീവിക്കുന്ന സസ്യാഹാരിയാണ്. എനിക്കിതൊന്നും പ്രശ്നമല്ല. ആദ്യം സ്വന്തം സംസ്ഥാനം പോയി വൃത്തിയാക്കിയിട്ട് പോരെ ഇവിടെ വന്ന് ബീഫ് നിരോധിക്കല്‍. ഇവിടെ ആരും ആരെയും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. ഞങ്ങളെന്ത് കഴിക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നത്'' എന്ന് മറ്റൊരാളും കുറിച്ചു. 

ബീഫ് എന്നാല്‍ പശുവിറച്ചി എന്നല്ലെന്ന് മനസിലാക്കാനുള്ള ബോധം വേണെന്നും കമന്‍റുണ്ട്. 'കേരളം ഇനിയും ബീഫ് വില്‍ക്കും അത് ഫ്രൈ, റോസ്റ്റ്, സ്റ്റ്യൂ, കുറുമ, പെപ്പര്‍ ഫ്രൈ, ബീഫ് മഞ്ചൂരിയന്‍, ചില്ലി ബീഫ്, കപ്പയും ബീഫും, കപ്പ ബിരിയാണി എന്ന് വേണ്ട തോന്നുംപോലെ എല്ലാം ഉണ്ടാക്കി കഴിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ വരേണ്ടതില്ല' എന്നും കമന്‍റുണ്ട്. മറ്റു ചിലരാവട്ടെ സ്വാദിഷ്ടമായ ബീഫ് കറി എങ്ങനെ തയാറാക്കാമെന്ന റെസിപികളാണ് പോസ്റ്റ് ചെയ്യുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് വില്‍ക്കുന്നും കഴിക്കുന്നുമുണ്ട്, അവിടെ പോയി ഒരു വിഡിയോ ഒക്കെ ചെയ്തുകൂടേ എന്നും കുറച്ച് ബീഫും പൊറോട്ടയും എടുക്കട്ടെ എന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A social media post by Rajasthan-based Sanjay Sharma criticizing the sale of beef at roadside eateries in Kochi has triggered widespread backlash and trolling from Malayalis. In his post, Sharma expressed distress over the open sale of beef in Kerala and urged Prime Minister Narendra Modi and Uttar Pradesh Chief Minister Yogi Adityanath to take nationwide action to protect Hindu traditions and cultural values. His remarks drew sharp responses from social media users, who questioned his claims, highlighted beef consumption in different Indian states and defended Kerala's food choices. Many users also responded with sarcastic comments, beef recipes and jokes, asserting that people have the freedom to decide what they eat