മുഖ്യമന്ത്രി വിശാലകൊച്ചി സ്വപ്നം കാണുമ്പോള്‍, മെട്രോയടക്കം നിലവിലെ വികസനം മൂന്നുപതിറ്റാണ്ടുമുന്പുള്ള നഗരപരിധിയില്‍ കുരുങ്ങിനില്‍ക്കുകയാണ്. എന്നാല്‍ അതില്‍നിന്ന് കൊച്ചി ഏറെ വളര്‍ന്നു. 1995ല്‍ നിര്‍ണയിച്ച നഗരപരിധി 2025ല്‍ പുനര്‍വിജ്ഞാപനം ചെയ്തെങ്കിലും വിസ്തൃതിയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഈ അതിര്‍ത്തി കണക്കാക്കിയുള്ള കരട് കോംപ്രഹെന്‍സീവ് മൊബിലിറ്റിപ്ലാന് അംഗീകരിച്ചാല്‍ പുതിയ പ്ലാന്‍ തയാറാക്കാന്‍ പിന്നെയും അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരും.
ദീര്‍ഘകാല ഗതാഗതവും നഗരവികസനവും ചിട്ടപ്പെടുത്തുന്നതിനുള്ള കോംപ്രിഹന്‍സിവ് മൊബിലിറ്റി പ്ലാനിനുവേണ്ടി 2025ല്‍ പുനര്‍വിജ്ഞാപനം നടത്തിയെങ്കിലും വിസ്തൃതിയില്‍ കാര്യമായ മാറ്റംവന്നിട്ടില്ല. കൊച്ചി കോര്‍പറേഷനും 9 നഗരസഭകളും 29 പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പഠനമേഖല. 2025ല്‍ സമര്‍പ്പിച്ച കരട് സി.എം.പി. നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കണക്കാക്കിയിരിക്കുന്ന വിസ്തൃതി 732 ചതുരശ്ര കിലോമീറ്റര്‍.
2011 സെന്‍സസ് പ്രകാരം 21 ലക്ഷത്തിലധികം ജനസംഖ്യയാണുള്ളത്. നഗരവല്ക്കൃതമേഖലകളെയും അധിക പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ഈ മേഖല വിഭാവനം ചെയ്യണമെന്ന് വിദഗ്ധരുടെ നിര്‍ദേശം. വിശാലകൊച്ചിയായി വികസിക്കാന്‍ നഗരപരിധിയുടെ പുനര്‍വിജ്ഞാപനം അനിവാര്യമായി മാറും. മെട്രോപൊളീറ്റന്‍ അതോറിറ്റി പുനഃസംഘടന വരുന്നതോടെ വികസനത്തിന്റെ അതിര്‍ത്തികള്‍ വിശാലമാകുന്നാണ് പ്രതീക്ഷ.