Image Credit: X/pmo

  • സ്മിത് ധീരതയുടെ പ്രതീകമാണെന്നും രാജ്യം അദ്ദേഹത്തെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി

മരണത്തെ മുഖാമുഖം കണ്ടിട്ടും ധീരത കൈവിടാതെ 182 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഫ്ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന സ്മിതിനോട് വിഡിയോകോള്‍ വഴിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. തനിക്ക് മാരകമായി പരുക്കേറ്റുവെങ്കിലും യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ താന്‍ ഒരുക്കമല്ലായിരുന്നുവെന്ന് അദ്ദേഹം ഭീതിദമായ ആ നിമിഷങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞു. Also Read: 'ഹെല്‍പ് മീ! അവന്‍ എന്നെ കുറേ അടിച്ചു'; മച്ഛാറിന്‍റെ വിഡിയോ പുറത്ത്

സ്മിത് ധീരതയുടെ പ്രതീകമാണെന്നും രാജ്യം അദ്ദേഹത്തെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തലയില്‍ ബാന്‍ഡേജ് കെട്ടി ആശുപത്രിയില്‍ കിടക്കയില്‍ നിന്നുമാണ് സ്മിത് മച്ഛാര്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചത്. രാജ്യം സ്മിത് മച്ഛാറിന്‍റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുകയാണെന്നും ഉദാത്തമായ പ്രവര്‍ത്തിയാണ് സ്മിത് ചെയ്തയെന്നും മോദി പറഞ്ഞു. സ്മിതിന്റെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്‍റെ അമ്മ ഗീതാ ബെന്നിനെയും അഭിനന്ദിച്ചു. മൂല്യങ്ങളും ഭഗവത്ഗീതയും ചെറുപ്പത്തിലേ സ്മിതിന് പകര്‍ന്ന് നല്‍കിയത് ഇന്ന് വലിയ വിപത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പ്രാപ്തമാക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. Read More: ഒമാനി പൈലറ്റിനെ തങ്ങള്‍ക്ക് വേണമെന്ന് ഇസ്രയേല്‍; യുഎഇയ്ക്ക് കൈമാറി സൗദി

പ്രധാനമന്ത്രിയുടെ വിളിയെത്തിയത് ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമാണെന്ന് മച്ഛാര്‍ പറഞ്ഞു.  പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നതല്ലെന്നും അദ്ദേഹം വിഡിയോ കോളിനിടെ പറഞ്ഞു. 'എനിക്കേറെ ആരാധനയുള്ള വ്യക്തിയാണ് അങ്ങ്. ഇങ്ങനെ ഫോണില്‍ വിളിച്ച് അങ്ങ് നല്‍കുന്ന ഈ പ്രചോദനം വലിയ അഭിമാനം നല്‍കുന്നു. വലിയ മുറിവുകളേറ്റു. പക്ഷേ തളരരുത്, എന്തെങ്കിലും വേഗം ചെയ്യണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ജീവന് വേണ്ടി മല്ലിടുകയായിരുന്നു ഞാനപ്പോള്‍. നിലത്ത് വീണു. പക്ഷേ ഞാനിപ്പോള്‍ എഴുന്നേറ്റില്ലെങ്കില്‍ മരിച്ചുപോകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു'- സ്മിത് മച്ചാര്‍ ഫ്ലൈറ്റില്‍ വച്ച് നടന്ന സംഭവങ്ങളെ വീണ്ടും ഓര്‍ത്തെടുത്തു. '17 വര്‍ഷമായി ഞാന്‍ വിമാനം പറത്തുന്നു. 11 വര്‍ഷമായി ക്യാപ്റ്റനാണ്. കണ്ണടച്ചിരുന്നാല്‍ പോലും വിമാനത്തിലെന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാന്‍ പറ്റും. ഒരിക്കല്‍ കൂടി കഠിനമായി ശ്രമിക്കണമെന്ന് എനിക്കുള്‍വിളിയുണ്ടായി. കോക്പിറ്റിന്‍റെ ഡോര്‍ പണിപ്പെട്ട് തുറന്നു. അപ്പോഴേക്കും എല്ലാവരുമെത്തി. എല്ലാവരും ഒന്നിച്ചാണ് രക്ഷപെടാന്‍ പ്രയത്നിച്ചത്'- അദ്ദേഹം വിവരിച്ചു.  പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താന്‍ ഹനുമാന്‍ ചാലിസ ഉരുവിടാറുണ്ടെന്നും ഫ്ലൈ ദുബായ് വിമാനത്തില്‍ അപകടം സംഭവിച്ചപ്പോഴും മനസില്‍ താന്‍ പ്രാര്‍ഥന ഉരുവിട്ടുവെന്നും സ്മിത് പ്രധാനമന്ത്രിയോട് പറഞ്ഞു.  ഗുജറാത്ത് സ്വദേശിയായ സ്മിത് മച്ഛാര്‍  നേരത്തെ സ്പൈസ് ജെറ്റ് ക്യാപ്റ്റനായിരുന്നു.

2001 സെപ്റ്റംബര്‍ 11ലേത് പോലെയുള്ള ആക്രമണമാണ് സ്മിതിന്‍റെ ധീരപ്രവര്‍ത്തിയിലൂടെ ഒഴിവായതെന്ന് മോദി നേരത്തെ പ്രശംസിച്ചിരുന്നു. അസാമാന്യ ധീരതയും ക്ഷമയും മനസാന്നിധ്യവുമാണ് ക്യാപ്റ്റന്‍ പുലര്‍ത്തിയതെന്നും മോദി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞു. 

നിലവില്‍ യുഎഇയിലെ ആശുപത്രിയിലാണ് സ്മിത് മച്ഛാര്‍. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖംപ്രാപിച്ച് വരികയാണെന്നും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെന്നും യുഎഇയിലെ ഇന്ത്യന്‍ പ്രതിനിധി ദീപക് മിത്തല്‍ പറഞ്ഞു. സ്മിതിന്റെ കുടുംബത്തെയും താന്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം പ്രസാര്‍ ഭാരതിയോട് പറഞ്ഞു. 

ENGLISH SUMMARY:

Prime Minister Narendra Modi spoke to Flydubai captain Smith Machhar over a video call while he was recovering in hospital following surgery for serious injuries sustained in an alleged cockpit attack. During the conversation, Machhar recounted the terrifying moments of the incident and said that despite being severely injured, he was determined not to let the lives of the 182 passengers on board be put at risk. The captain's determination to protect the passengers even while facing a life-threatening situation has drawn attention to his courage and commitment to duty. Machhar is currently recovering in hospital after undergoing surgery.