Image credit:X

Image credit:X

  • ഫ്ലൈ ദുബായ് വിമാനത്തിന്‍റെ റജിസ്ട്രേഷന്‍ യുഎഇയിലായതിനാല്‍ വിമാനത്തിനുള്ളില്‍ വച്ച് നടക്കുന്ന സംഭവങ്ങളില്‍ യുഎഇ നിയമത്തിനാണ് സാധുത

ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടെ ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ച ഫ്ലൈ ദുബായ് പൈലറ്റിനെയും ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ സ്മിത് മച്ഛാറിനെയും യുഎഇയ്ക്ക് കൈമാറി സൗദി അറേബ്യ. അടിയന്തരമായി വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ ഇറക്കിയതിനെ തുടര്‍ന്ന് അവിടെ തന്നെയാണ് സ്മിത് മച്ഛാറിന് ചികില്‍സ നല്‍കിയത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷമാണിപ്പോള്‍ യുഎഇയ്ക്ക് കൈമാറിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം തങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഈ അന്വേഷണത്തില്‍ ഇസ്രയേല്‍ ഇന്‍റലിജന്‍സ് വിഭാഗവും പങ്കാളികളായിരുന്നുവെന്നും സൗദി അറിയിച്ചു. 

അതേസമയം, സ്മിത് മച്ഛാറിനെ ആക്രമിച്ച ഒമാനി പൈലറ്റിനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടുവെങ്കിലും സൗദി ഇതിന് തയാറായില്ല. ഫ്ലൈ ദുബായ് വിമാനത്തിന്‍റെ റജിസ്ട്രേഷന്‍ യുഎഇയിലായതിനാല്‍ വിമാനത്തിനുള്ളില്‍ വച്ച് നടക്കുന്ന സംഭവങ്ങളില്‍ യുഎഇ നിയമത്തിനാണ് സാധുത. അതിനാലാണ് പൈലറ്റുമാരെ യുഎഇയ്ക്ക് കൈമാറിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണ സാധ്യത മുതല്‍ ഒമാനി പൈലറ്റിന്‍റെ മാനസികാരോഗ്യം വരെ അന്വേഷണവിധേയമാകും. ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നവുവെന്ന വാദം ഇപ്പോഴും തള്ളുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒമാനി പൈലറ്റിനെ ചോദ്യം ചെയ്യാന്‍ ഇസ്രയേല്‍ ഉന്നതര്‍ ശ്രമിച്ചുവെങ്കിലും ഇതിന് അനുവദിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഒമാനി പൈലറ്റ് ആത്മഹത്യാ പ്രവണത കാട്ടിയെന്നും, തീവ്രചിന്താഗതിക്കാരനാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആരോപിച്ചു. 'എന്നെ കൊല്ലൂ, കൊല്ലൂ എന്ന് കോക്പിറ്റിനുള്ളില്‍ അയാള്‍ അലറി. ഇയര്‍ഫോണ്‍ കേബിളുകള്‍ വച്ചാണ് ഇയാളുടെ കൈകള്‍ കെട്ടിയിട്ടത്. നിലത്ത് വീണ് കിടക്കുമ്പോഴും തന്നെ കൊല്ലാന്‍ അയാള്‍ ആക്രോശം തുടര്‍ന്നു. വിമാനം നിലത്തിറക്കാന്‍ തന്നെയായിരുന്നു അയാളുടെ ശ്രമം'- നെതന്യാഹു ആരോപിച്ചു. അതേസമയം ഈ വാക്കുകളുടെ ആധികാരികത വെളിപ്പെടുത്താന്‍ നെതന്യാഹു തയാറായില്ല. യുഎഇ നടത്തുന്ന അന്വേഷണത്തില്‍ ഇസ്രയേലും പങ്കാളിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്തിലെ ആക്രമണത്തില്‍ ഇറാന് പങ്കുണ്ടായേക്കാമെന്ന് ട്രംപ് ആരോപണം ഉയര്‍ത്തിയിരുന്നു. അങ്ങനെ തെളിഞ്ഞാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഞാന്‍ കേട്ടത് അനുസരിച്ചാണെങ്കില്‍ ഇറാന് പങ്കുണ്ട്. പക്ഷേ അക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടക്കുന്നു. അവര്‍ക്ക് പങ്കുണ്ടെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകും, ആരും പേടിക്കേണ്ട'- ട്രംപ് പറഞ്ഞു. ഇറാന് പങ്കുണ്ടോയെന്ന് ഇറാനോട് തന്നെ ചോദിക്കണമെന്നും അവര്‍ക്ക് നടന്നതെന്താണെന്ന് അറിയാമെന്നും ട്രംപ് ആരോപിച്ചു. അതേസമയം, ഇറാന് ഇതില്‍ പങ്കുണ്ടോയെന്നത് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. 

182 യാത്രക്കാരാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ അന്നുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും ഇസ്രയേല്‍ പൗരന്‍മാരായിരുന്നു. ഇന്ത്യക്കാരും യുഎഇ പൗരന്‍മാരും നാല് യുഎസ് പൗരന്‍മാരും വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസ് പൗരന്‍മാര്‍ വിമാനത്തിലുണ്ടായിരുന്ന വിവരം യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് സ്ഥിരീകരിച്ചു. 

 

ENGLISH SUMMARY:

Saudi Arabia has handed over the Flydubai pilot accused of attacking the captain and attempting to seize control of an aircraft, along with injured pilot Smith Machhar, to the UAE after completing its preliminary investigation. The incident occurred aboard a Dubai–Tel Aviv flight carrying 182 passengers, forcing an emergency landing in Tabuk, Saudi Arabia, where Machhar underwent emergency surgery. Israeli Prime Minister Benjamin Netanyahu alleged that the Omani pilot displayed suicidal tendencies and extremist views, while US President Donald Trump raised the possibility of Iranian involvement, although neither allegation has been confirmed. The UAE will lead the investigation, with potential lines of inquiry including terrorism, the pilot's mental health and possible foreign involvement, while Israel has expressed interest in participating.