flydubai-flight

TOPICS COVERED

ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ കോക്ക്പിറ്റ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇസ്രയേൽ ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവര്‍  സ്ഥിരീകരിച്ച വിവരമനുസരിച്ച്, വിമാനത്തിനുള്ളിൽ വെച്ച് കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കാൻ ഉപയോഗിച്ചത് വിമാനത്തിൽ സൂക്ഷിച്ചിരുന്ന എമർജൻസി ആക്സ് അഥവാ 'ക്രാഷ് ആക്സ്' ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിമാനങ്ങളിൽ എന്തിനാണ് ഇത്തരം മാരകായുധങ്ങൾ പോലുള്ള ഉപകരണങ്ങൾ സൂക്ഷിക്കുന്നത് എന്ന ചോദ്യവും ചർച്ചയാവുകയാണ്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ നേതൃത്വത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് യാത്ര തിരിച്ച ഫ്ലൈദുബായ് വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഒമാനി പൗരനായ കോ-പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ക്യാപ്റ്റനായ സ്മിത് മച്ഛാറിനെ ആക്രമിക്കുകയായിരുന്നു. തുടക്കത്തിൽ കയ്യിലിരുന്ന പോക്കറ്റ് കത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കോക്ക്പിറ്റിൽ സൂക്ഷിച്ചിരുന്ന എമർജൻസി 'ക്രാഷ് ആക്സ്' ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, ആക്രമണത്തിൽ സാരമായി പരുക്കേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ഛാര്‍ പ്രകടിപ്പിച്ച അസാധാരണമായ മനസ്സാന്നിധ്യവും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. പരുക്കേറ്റ നിലയിലും അദ്ദേഹം കോക്ക്പിറ്റ് വാതിൽ തുറന്ന് ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം തേടുകയായിരുന്നു. ഇത് യാത്രക്കാർക്കും ക്യാബിന്‍ ക്രൂവിനും അകത്തേക്ക് പ്രവേശിച്ച് അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കി. തുടർന്ന് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു.

വിമാനത്തിൽ എന്തിനാണ് 'ക്രാഷ് ആക്സ്'?

രാജ്യാന്തര വ്യോമയാന ചട്ടങ്ങള്‍ അനുസരിച്ചാണ് വിമാനത്തില്‍ എമർജൻസി ആക്സ് സൂക്ഷിക്കുന്നത്. ആയുധമായി ഉപയോഗിക്കാനല്ല, മറിച്ച് അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടിയാണിത്. വിമാനത്തിലുണ്ടാകുന്ന തീപിടുത്തമോ സാങ്കേതിക തകരാറോ മൂലം വാതിലുകളോ എക്സിറ്റുകളോ ജാലകങ്ങളോ തുറക്കാൻ കഴിയാതെ വരുമ്പോൾ വെട്ടിപ്പൊളിച്ച് യാത്രാക്കാര്‍ക്കും ജീവനക്കാർക്കും പുറത്തേക്ക് കടക്കാനോ രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനോ ഇത് ഉപയോഗിക്കുന്നു. അപകടഘട്ടങ്ങളിൽ പാനലുകളോ ഇന്റീരിയർ ഭാഗങ്ങളോ തകർത്ത് സുരക്ഷിതമായി പുറത്തുകടക്കാനുള്ള വഴി ഉണ്ടാക്കാൻ ഇത് അത്യാവശ്യമാണ്. രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡപ്രകാരം കോക്ക്പിറ്റിൽ എമർജൻസി ടൂളുകളുടെ ഭാഗമായി ഈ ചെറിയ എമർജൻസി ആക്സ് നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തില്‍ ഈ സുരക്ഷാ ഉപകരണം തന്നെ അക്രമിയായ പൈലറ്റിന്‍റെ ആയുധമായി മാറുകയായിരുന്നു. 

അതേസമയം, നൂറുകണക്കിന് യാത്രികരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ലോകനേതാക്കളും വ്യോമയാന വിദഗ്ദ്ധരും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഉൾപ്പെടെയുള്ളവർ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ധീരതയെ പ്രശംസിച്ചു. 9/11 മോഡൽ ഭീകരാക്രമണത്തിന് സമാനമായേക്കാമായിരുന്ന ഒരു ദുരന്തമാണ് അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത്.

ENGLISH SUMMARY:

New details have emerged regarding the cockpit attack on a Flydubai flight from Dubai to Tel Aviv, revealing that the co-pilot used an emergency crash axe during the assault. Israeli and international intelligence agencies, including Mossad, are conducting a comprehensive investigation into the incident, which threatened a 9/11-style disaster. While international aviation standards mandate carrying emergency crash axes in cockpits solely for rescue and evacuation during fires or technical emergencies, the tool was tragically weaponized by the attacker. Despite severe injuries inflicted by the co-pilot, Indian Captain Smith Machar displayed extraordinary presence of mind by opening the cockpit door, enabling passengers and off-duty pilots to overpower the attacker and safely land the aircraft in Saudi Arabia.