Image: X

Image: X

TOPICS COVERED

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഹൈജാക്ക് ശ്രമം ധീരതയോടെ നേരിട്ട് നൂറുകണക്കിനാളുടെ ജീവന്‍ രക്ഷിച്ച് ലോകത്തിന്‍റെ തന്നെ ഹീറോ ആയിരിക്കുകയാണ് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മഛാര്‍. സഹപൈലറ്റിന്‍റെ കുത്തേറ്റ് രക്തം വാര്‍ന്നിട്ടും ആ വേദനയൊന്നും വകവയ്ക്കാതെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ മുൻകൈ എടുത്ത ക്യാപ്റ്റന്റെ ധീരതയെ ലോകമെമ്പാടുമുള്ള വ്യോമയാന വിദഗ്ധരും യാത്രക്കാരും പ്രശംസിക്കുകയാണ്. മുംബൈ സ്വദേശിയായ അദ്ദേഹം നാലുവര്‍ഷം മുന്‍പാണ് ഫ്ലൈദുബായിൽ ചേരുന്നത്.

captain-smith-machar

ആരാണ് സ്മിത് മഛാര്‍?

13 വർഷത്തിലേറെയായി വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന, മികച്ച പരിചയസമ്പത്തുള്ള ഇന്ത്യൻ പൈലറ്റാണ് ക്യാപ്റ്റൻ സ്മിത് മഛാര്‍. ബോയിങ് 737 വിമാനങ്ങള്‍ (B737-800, B737 MAX 8/9) ഉൾപ്പെടെ 9,750-ൽ അധികം മണിക്കൂര്‍ വിമാനം പറത്തിയ പരിചയസമ്പത്തുണ്ട് അദ്ദേഹത്തിന്. ഇതിൽ 6,400-ലധികം മണിക്കൂറുകൾ 'പൈലറ്റ് ഇൻ കമാൻഡ്' ആയി സേവനം അനുഷ്ഠിച്ചതാണ്. ഫ്ലൈദുബായിൽ ക്യാപ്റ്റനായി പ്രവേശിക്കുന്നതിന് മുൻപ്, ഇന്ത്യയിലെ മുൻനിര എയർലൈനായ 'സ്പൈസ് ജെറ്റിൽ' സീനിയർ കമാൻഡറായി 11 വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റിൽ 'ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ' ആയി പൈലറ്റുമാരെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2022 ജൂൺ മുതൽ ഫ്ലൈദുബായിൽ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചു വരികയാണ്.

പ്രശംസിച്ച് നെതന്യാഹുവും മോദിയും

പരുക്കേറ്റ സ്മിത് മച്ചാറിനെ വാനോളം പുകഴ്ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. നൂറുകണക്കിന് യാത്രികരുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തെ യഥാർഥ ഹീറോ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. തീവ്രമായ ആക്രമണവും ഗുരുതരമായ പരുക്കുകളും വകവെക്കാതെ ക്യാപ്റ്റൻ സ്മിത് മഛാര്‍ കാണിച്ച അസാധാരണ ധീരതയാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു വ്യക്തമാക്കി. ‘ഇസ്രയേൽ പൗരന്മാരും മറ്റ് രാജ്യക്കാരും ഉൾപ്പെടെ ആകെ 174 യാത്രക്കാരുടെ ജീവനാണ് സ്മിത് മഛാറിന്‍റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെട്ടത്. ഇതിൽ 27 കുട്ടികളും ഉൾപ്പെടുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് കിടന്നിട്ടും അദ്ദേഹം തിരിച്ച് പൊരുതി; കോക്ക്പിറ്റ് വാതിൽ തുറന്നു; യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കി ഇത് ആകാശത്തുവെച്ചുണ്ടാകുമായിരുന്ന വൻ ദുരന്തമാണ് തടഞ്ഞത്’– നെതന്യാഹു പറഞ്ഞു.

ALSO READ: കുത്തേറ്റിട്ടും പൊരുതി; ദുരന്തം ഒഴിവാക്കിയത് ഇന്ത്യക്കാരനായ പൈലറ്റ്

സ്മിത് മഛാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മഛാറിന്‍റെ അസാധാരണമായ മനസാന്നിധ്യത്തില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘വലിയൊരു അപകടമുഖത്ത് നിൽക്കുമ്പോഴും, ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം കാണിച്ച അപാരമായ ധീരതയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഉറച്ച തീരുമാനവും പ്രശംസനീയമാണ്’– മോദി പറഞ്ഞു. ക്യാപ്റ്റൻ സ്മിത് മഛാറിന്‍റെ ഈ അസാധാരണമായ ധീരത നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാപ്റ്റനെ ‘യഥാർഥ ഹീറോ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തെ ഓർത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

flydubai-flight

ALSO READ: പൈലറ്റ് ക്യാപ്റ്റനെ കുത്തി! 34,000 അടി ഉയരത്തിൽ നിന്ന് വിമാനം കുത്തനെ താഴേക്ക്; ഫ്ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചത്....

ഫ്ലൈദുബായില്‍ സംഭവിച്ചത്

ദുബായിൽ നിന്നും ഇസ്രയേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട ഫ്ലൈദുബായ് FZ 1073 വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കെ കോക്ക്പിറ്റിൽ വച്ച് ഒമാനിയൻ പൈലറ്റ് വിമാനം തകർക്കാനുള്ള ഉദ്ദേശ്യത്തോടെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇരു പൈലറ്റുമാരും തമ്മിൽ ശക്തമായ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഈ സംഘർഷത്തിനിടയിൽ ക്യാപ്റ്റൻ സ്മിത് മഛാറിന് കുത്തേറ്റു. ഇതിനിടെ വിമാനം 34,000 അടി ഉയരത്തിൽ നിന്ന് പെട്ടെന്ന് 17,000 അടിക്ക് താഴേക്ക് കൂപ്പുകുത്തുകയും ചെയ്തു. വിമാനത്തിൽ അടിയന്തര സഹായം അഭ്യർത്ഥിച്ചുള്ള '7700' കോഡും, ഹൈജാക്ക് ചെയ്യപ്പെട്ടുന്നു എന്ന് സൂചിപ്പിക്കുന്ന '7500' കോഡും ഇസ്രയേല്‍ കണ്‍ട്രോള്‍ സെന്‍ററിലേക്കെത്തി.

A screengrab taken from Flightradar24 shows a flydubai flight to Israel which was diverted to Saudi Arabia September 30, 2026. Flightradar24.com/REUTERS

A screengrab taken from Flightradar24 shows a flydubai flight to Israel which was diverted to Saudi Arabia September 30, 2026. Flightradar24.com/REUTERS

ALSO READ: വഴിമാറിയത് മറ്റൊരു 9/11? സംഭവം ആക്രമണമുണ്ടാകുമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ...

എന്നാൽ കുത്തേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മഛാര്‍ കോക്ക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതാണ് വഴിത്തിരിവായത്. ഇത് യാത്രക്കാർക്കും ക്യാബിന്‍ ക്രൂവിനും അകത്തേക്ക് പ്രവേശിച്ച് അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കി. തുടർന്ന് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു. ആക്രമണം നടത്തിയ ഒമാൻ പൈലറ്റിനെ സൗദി അധികൃതർ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മഛാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

Indian pilot Captain Smith Machar displayed extraordinary bravery by successfully thwarting a mid-air hijack attempt on a Flydubai flight traveling from Dubai to Tel Aviv. Despite suffering stab wounds inflicted by the co-pilot during the struggle, Captain Machar managed to open the cockpit door, enabling crew members and passengers to overpower the attacker. The timely intervention prevented a catastrophic disaster, saving the lives of 174 passengers before the flight safely made an emergency landing in Saudi Arabia. Leaders including Indian Prime Minister Narendra Modi and Israeli Prime Minister Benjamin Netanyahu have widely praised the captain's exceptional courage and presence of mind.