ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ അക്രമം നടത്തിയ ഒമാന്‍ പൈലറ്റിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കടുത്ത മതവിശ്വാസിയായ പൈലറ്റ് കൂടുതല്‍ സമയം പ്രാര്‍ഥനയില്‍ ഏര്‍പ്പെടാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ ഇസ്രയേലി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒമാന്‍ പൗരന്‍റെ പേര്, പ്രായം, വിമാനം പറത്തിയുള്ള പരിചയം തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കത്തിയല്ല! സുരക്ഷാ ഉപകരണം ആയുധമാക്കി കോപൈലറ്റ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഒമാനി പൗരനായ ഇയാള്‍ ഒന്‍പതുമാസം മുന്‍പാണ് ഫ്ലൈ ദുബായില്‍ ജോലിക്കെത്തിയതെന്നാണ് വിവരം. അതേസമയം, ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത ഒമാനില്‍ നിന്നുള്ള പൈലറ്റിനെ എങ്ങനെ ടെല്‍അവീവിലേക്കുള്ള വിമാനത്തില്‍ നിയോഗിച്ചു എന്ന കാര്യം ഇസ്രയേലി ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിലേക്ക് വിമാനം പറത്തുന്നതിനുള്ള യോഗ്യത ഒമാനി പൈലറ്റിനുണ്ടായിരുന്നോ എന്ന കാര്യമാണ് ഇസ്രയേല്‍ പരിശോധിക്കുന്നത്.
ഒമാനി പൈലറ്റിന് മറ്റൊരു പാസ്‌പോർട്ട് ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ ഉയരുന്നുണ്ടെങ്കിലും ഇരട്ട പൗരത്വമുണ്ടെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. സംഭവത്തിനു പിന്നാലെ ഇസ്രയേലിലേക്ക് പറക്കുന്ന വിമാനങ്ങളുടെ പൈലറ്റുമാരെ പറ്റി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒമാനി പൗരനെ ടെല്‍അവീവിലേക്കുള്ള വിമാനത്തില്‍ നിയോഗിക്കാനുള്ള എയര്‍ലൈസ് തീരുമാനത്തെ സഹപ്രവര്‍ത്തകരും ചോദ്യം ചെയ്തു. തീരുമാനം വിമാനത്തിലുള്ളവരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന അവസ്ഥയുടെ വക്കോളം എത്തിച്ചുവെന്ന് ഡെയ്‍ലി മെയിലിനോട് പ്രതികരിച്ച സഹപ്രവര്‍ത്തകന്‍ പറഞ്ഞു.
ഒമാനി പൗരന്‍ കടുത്ത മതവിശ്വാസിയാണെന്നും നിരന്തരം പ്രാര്‍ഥനയിലാണെന്നും സ്ത്രീകള്‍ക്ക് കൈ കൊടുക്കാന്‍ പോലും വിസമ്മതിച്ചതായും ഇസ്രയേലി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹപ്രവര്‍ത്തകരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഏകദേശം എട്ട് മാസം മുന്‍പ് ഫ്ലൈദുബായിൽ ചേർന്ന ഇയാള്‍ കർശനമായ മതപരമായ ആചാരങ്ങൾ പിന്തുടരുന്ന ആളാണെന്ന് സഹപ്രവര്‍ത്തകന്‍ ചാനല്‍ 16നോട് പറഞ്ഞു. എയർലൈൻസിലെ പ്രവര്‍ത്തനങ്ങളോട് പൊരുത്തപ്പെടാത്തതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ഇസ്രയേലിലെ ടെല്‍അവീവിലേക്ക് യാത്ര തിരിച്ച ഫ്ലൈദുബായ് വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഒമാനി പൗരനായ കോ-പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ക്യാപ്റ്റനായ സ്മിത് മച്ഛാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ഛാര്‍ പ്രകടിപ്പിച്ച അസാധാരണമായ മനസ്സാന്നിധ്യവും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരുടെയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരുടെയും സഹായത്തോടെയാണ് വിമാനം സൗദിയിലെ തബൂക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.