തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ അടിമുടി വീഴ്ചയെന്ന് റിപ്പോർട്ടുകൾ. സംഘാടകസമിതി യോഗം ഒരുതവണ പോലും ചേർന്നില്ല. ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കിലായിരുവെന്നാണ് ന്യായീകരണം. അപകടത്തില്‍ പൊലീസ് കേസെടുത്തില്ല. സംഘാടനത്തിലെ വീഴ്ചയ്ക്കെതിരെ അന്വേഷണവുമില്ല.

തൃശൂർ ഡിഡിഇ ഓഫീസിൽ നിന്ന് പുറത്തുവരുന്ന വിവരം അനുസരിച്ച് സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ ഗുരുതര അനാസ്ഥ.തൃശൂർ എംഎൽഎ ചെയർമാനായ സംഘാടകസമിതി പേപ്പറിൽ ഒതുങ്ങി. സംഘാടക സമിതി ചെയർമാനായ എംഎൽഎ രാജൻ ജെ.പല്ലനും, സമിതി അംഗമായ മേയർക്കും ലഭിച്ചത്  ക്ഷണക്കത്ത് മാത്രം.കാര്യങ്ങൾ വൈകി അറിയിച്ചതിൽ എംപിയുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നു.അധ്യാപക സംഘടന പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തത്.

പരാതിക്കാർ ഇല്ലെന്നും, ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. വിദ്യാഭ്യാസ വകുപ്പിന്‍റെ  അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്നതിനെപ്പറ്റി മാത്രമേയുള്ളൂ. വീഴ്ചയിൽ കായിക വകുപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്ന  നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജില്ലയുടെ ചുമതല കൂടിയുള്ള കായിക മന്ത്രി ഒ.ജെ. ജനീഷ്. പന്തൽ തകർന്നുവീണ് പരുക്കേറ്റ 10 വിദ്യാർഥികളിൽ നാലുപേർക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.

State School Games Kerala faced significant organizational failures according to reports. :