മലപ്പുറം ജില്ലയ്ക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ പി.നന്ദകുമാറിനെ തള്ളി സിപിഎം. നന്ദകുമാറിന്‍റേത് പാർട്ടി നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും, മലപ്പുറം വർഗീയവാദികളുടെ നാടാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മുൻ മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധരെന്ന എതിരാളികളുടെ പ്രചരണം ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയെന്ന് സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്.
ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുക കൂടി ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിപുലീകൃത ജില്ലാ കമ്മറ്റിയിലാണ് പി.നന്ദകുമാറിന്‍റെ വിവാദ പ്രസ്താവന. വിവാദമായതോടെ നന്ദകുമാറിന്റെ പ്രസ്താവന പാർട്ടി പൂർണ്ണമായി തള്ളി. വിഷയത്തിൽ വി ശിവൻകുട്ടിയും പൊന്നാനിയിൽ വച്ച് തന്നെ നിലപാട് വ്യക്തമാക്കി.
പി.നന്ദകുമാർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി.നന്ദകുമാർ മലപ്പുറത്തെ മാത്രമല്ല ഒരു സമുദായത്തെയും അധിക്ഷേപിച്ചെന്ന് മന്ത്രി കെ എം ഷാജി കുറ്റപ്പെടുത്തി . നന്ദകുമാറിനെതിരെ നടപടി വേണമെന്ന് മന്ത്രി പി കെ ബഷീർ ആവശ്യപ്പെട്ടു.
പാർട്ടി ന്യൂനപക്ഷ വിരുദ്ധരാണെന്ന എതിരാളികളുടെ പ്രചാരണം ചെറുക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് സിപിഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി റിപ്പോർട്ടിലെ വിമർശനം. പാർട്ടിക്കെതിരായ സന്ദേശങ്ങൾ മുസ്ലിം ലീഗ് വോട്ടർമാർക്കിടയിൽ ഫലപ്രദമായി എത്തിച്ചപ്പോൾ പ്രതിരോധിക്കാനായില്ലെന്നും വിമർശനത്തിനിടെയാണ് കൂടുതൽ പ്രതിരോധത്തിലാക്കുന്ന പി നന്ദകുമാറിന്‍റെ പ്രസ്താവന.