• പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. വി. ചെന്താമരാക്ഷനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചത്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. വി. ചെന്താമരാക്ഷനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചത്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സംഘടനാ വിഷയങ്ങളും ചർച്ചയായ യോഗത്തിലാണ് നേതൃത്വമാറ്റം.

സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. പാർട്ടിയിലെ വിഭാഗീയതയും വിമതപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന വിമർശനവും ഉയർന്നു. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം അവ കൂടുതൽ സങ്കീർണമാക്കിയെന്ന അഭിപ്രായവും വിവിധ ഏരിയ കമ്മിറ്റികളുടെ ചർച്ചകളിൽ ഉയർന്നതായാണ് റിപ്പോർട്ട്. സുരേഷ് ബാബുവിന്റെ സമീപനവും നേതൃത്വത്തിന്റെ പ്രവർത്തന രീതിയും പാർട്ടിക്ക് തിരിച്ചടിയായെന്ന് യോഗത്തിൽ വിമർശനമുണ്ടായി. വിഭാഗീയതയും വിമതപ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാത്തത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെ തിരിച്ചടിക്ക് കാരണമായെന്നാണ് യോഗത്തിലെ വിലയിരുത്തൽ.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ ഇത്തവണ 67,000 വോട്ടിന്റെ കുറവുണ്ടായതും യോഗത്തിൽ ചർച്ചയായി. ചിറ്റൂരിലെ തോൽവിക്ക് കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നം പ്രധാന കാരണമായെന്നാണ് വിലയിരുത്തൽ. നെല്ലേപ്പിള്ളിയിലും പെരുവെമ്പിലും വോട്ട് കുറഞ്ഞതും തിരിച്ചടിയായി. കോങ്ങാട്ടെ സംഘടനാ പ്രശ്നങ്ങളും തൃത്താലയിലെ പ്രാദേശിക വിഭാഗീയതയും തോൽവിക്ക് കാരണമായതായി ചർച്ചയിൽ അഭിപ്രായമുയർന്നു.

കോങ്ങാട്ട് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മാറിയാലും മറികടക്കാവുന്ന സംഘടനാ-വോട്ടുബലം സിപിഎമ്മിനുണ്ടായിരുന്നുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. എന്നാൽ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാത്തത് തിരിച്ചടിക്ക് കാരണമായെന്നായിരുന്നു വിമർശനം. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ നേതൃത്വവും ജില്ലാ സെക്രട്ടറിയും എന്ത് ഇടപെടലാണ് നടത്തിയതെന്ന ചോദ്യവും ഉയർന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം. സംഘടനാ പുനഃസംഘടനയുടെ ഭാഗമായി എട്ട് പേരെക്കൂടി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആറ് ഏരിയാ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY: