ആര്‍.ശ്രീലേഖ

  • തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നീക്കത്തിൽ നിന്ന് ആർ. ശ്രീലേഖ പിന്മാറുന്നു. ഉന്നത പദവികളിലേക്ക് പരിഗണിക്കാമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്നാണ് പിന്മാറ്റം.

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നീക്കത്തിൽ നിന്ന് ആർ. ശ്രീലേഖ പിന്മാറുന്നു. ഉന്നത പദവികളിലേക്ക് പരിഗണിക്കാമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്നാണ് പിന്മാറ്റം. അനുരഞ്ജന ശ്രമങ്ങൾക്ക് ശ്രീലേഖ വഴങ്ങിയെന്ന സൂചനയോടെ അവർ കൗൺസിലർ സ്ഥാനത്ത് തുടരുമെന്ന് മേയർ വി.വി. രാജേഷും വ്യക്തമാക്കി. ഇതോടെ കോർപറേഷൻ ഭരണത്തെ ബാധിച്ച പ്രതിസന്ധി ഒഴിഞ്ഞതായാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.

 

സംസ്ഥാന ബിജെപി നേതൃത്വത്തെ ഞെട്ടിക്കുകയും തിരുവനന്തപുരം കോർപറേഷൻ ഭരണത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത രാജിപ്രഖ്യാപനത്തിൽ നിന്നാണ് ശ്രീലേഖ ഇപ്പോൾ പിന്മാറുന്നത്. മുതിർന്ന നേതാക്കൾ നടത്തിയ അനുരഞ്ജന നീക്കങ്ങൾക്കൊടുവിലാണ് കടുത്ത നടപടികളിലേക്ക് പോകില്ലെന്ന ഉറപ്പ് ശ്രീലേഖ നേതൃത്വത്തിന് നൽകിയതെന്നാണ് വിവരം. രാജി പ്രഖ്യാപനം സമ്മർദ തന്ത്രമായിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

 

മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പ് പാലിക്കാത്തതുമടക്കമുള്ള വിഷയങ്ങളിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന. 30ന് തന്നെ രാജി സംബന്ധിച്ച വിവരം പാർട്ടി നേതൃത്വം അറിഞ്ഞിരുന്നു. എന്നാൽ, നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ തൃപ്തികരമാകാത്തതിനെ തുടർന്ന് വാട്സാപ്പ് ഗ്രൂപ്പിൽ രാജി സന്ദേശം പങ്കുവെച്ച് ശ്രീലേഖ നിലപാട് കടുപ്പിക്കുകയായിരുന്നു.

 

തുടർന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ഇടപെട്ടു. ചർച്ചകൾക്കൊടുവിൽ രാജി നീക്കത്തിൽ നിന്ന് പിന്മാറാൻ ശ്രീലേഖ സമ്മതിച്ചതായാണ് സൂചന. അതേസമയം, ഇക്കാര്യത്തിൽ ശ്രീലേഖ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥ എന്ന പ്രതിച്ഛായയിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയായി തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ രംഗത്തെത്തിയ ശ്രീലേഖ ഒടുവിൽ കൗൺസിലറായി തുടരുകയായിരുന്നു. ഇനി പാർട്ടി നേതൃത്വം ശ്രീലേഖയ്ക്ക് നൽകുന്ന പദവി എന്തായിരിക്കുമെന്നതാണ് ശ്രദ്ധേയം.

 

അതിനിടെ, ശ്രീലേഖയുടേത് രാജി നാടകമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പരിഹസിച്ചു. ശ്രീലേഖ കോൺഗ്രസിലേക്ക് വന്നാൽ സ്വീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

ENGLISH SUMMARY:

R. Sreelekha has backed down from her move to resign as a Thiruvananthapuram Corporation councillor following reconciliation efforts by senior BJP leaders and an assurance that she would be considered for higher positions. Mayor V.V. Rajesh said Sreelekha would continue as a councillor, indicating that the crisis in the corporation had eased. Sreelekha had reportedly been unhappy over being denied the mayor's post and an alleged assurance regarding the National Commission for Women chairperson's position. BJP leader Rajeev Chandrasekhar and others intervened to persuade her to reconsider. Sreelekha has not yet publicly commented on the development. Congress leader K. Muraleedharan, meanwhile, termed the move a "resignation drama" and said she would be welcomed into the Congress.