• മെസിയുടെ പേരുപയോഗിച്ചുള്ള തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ശുപാർശ.

മെസിയുടെ പേരിലെ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ശുപാർശ. സംഭവത്തിൽ മുൻമന്ത്രിക്കെതിരെ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാണ് എസ്ഐടിയുടെ ശുപാർശ. മുൻമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെയും കേസിൽ പ്രതി ചേർത്തേക്കും.

വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കളമശേരി സ്റ്റേഷനിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള കരാർ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കായികമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം ഉപയോഗിച്ചതടക്കം ഉന്നതതലത്തിൽ ഗൂഢാലോചന നടന്നതായാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിനായി സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരായ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തി മുൻമന്ത്രിയെ പ്രതി ചേർക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

The SIT has recommended naming former Kerala Sports Minister V. Abdurahiman as an accused in the alleged fraud involving the use of Lionel Messi's name. The preliminary report submitted to the DGP cites evidence against him and recommends invoking provisions of the Prevention of Corruption Act. His personal staff may also be named accused. The SIT alleges that official government systems and the sports minister's email address were misused to make a purported agreement to bring the Argentina football team to Kerala appear genuine.